|
|
കഥ
ഒരു മഴവില്ല് വിരിയുന്ന / മായുന്ന പോലെ.
രാജലക്ഷ്മി. G.K. |
ബസ്സിറങ്ങി മേല്പാലത്തിനു മുകളിലുടെ നടന്നപ്പോൾ , പ്രകാശത്തിൽ കുളിച്ചു നില്ക്കുന്ന ഉദ്യാനനഗരിയുടെ പ്രൌഢിയിൽ മനസ്സുടക്കി. ഉള്ളിൽ ഉണരുന്ന ചെറിയ ഭയത്തെ അകറ്റാന്‍ നിറഞ്ഞൊഴുകുന്ന ജനത്തെ ശ്രദ്ധിച്ചു. പാതക്കടിയിലെ ഇടനാഴി കൂടി കടന്നാലേ റെയില്‍വേ സ്റ്റേഷന്‍ എത്തുകയുള്ളൂ. അല്പം മുൻപ് ഫോൺ ചെയ്‌തപ്പോള്‍ ഹരി പറഞ്ഞിരുന്നു,
'ഫ്ലൈറ്റ് സമയത്തിന് എത്തി, അര മണിക്കൂറിനുള്ളിൽ ഞാന്‍ സ്‌റ്റേഷനില്‍ എത്തും'.
മനസ്സുകൊണ്ട് തൊട്ട രണ്ടു പേര്‍ നേരില്‍ കാണുന്നു എന്നല്ലേ ഉള്ളു എന്നാണ് ഹരി യുടെ ഭാഷ്യം. ഈ യാത്ര സാദ്ധ്യമായത്തിന്റെ വിസ്മയം മനസ്സില്‍ നിന്ന് മായുന്നേയില്ല.
അപ്രതീക്ഷിതമായി നാട്ടില്‍ നിന്ന് ബോംബെ യാത്ര നടത്തേണ്ടി വന്ന ഹരി ,കുട്ടൂസിനെ കാണാനായി ബാംഗ്ലൂര്‍ വഴി നാട്ടിലേക്ക് എന്ന് ഉറപ്പിക്കുകയായിരുന്നു. പെരുമ്പറ കൊട്ടുന്ന മനസിനെ പിന്‍ തള്ളി കാണാനായി പുറപ്പെടുക ആയിരുന്നു ഞാനും.
ഓഫീസിലെ പ്രൊജെക്ട്കളും പ്ലാനിംഗ് ചാര്‍ട്ട്കളും ദിവസങ്ങള്‍ക്ക് ഒരേ നിറം സമ്മാനിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ചാറ്റ് റൂം തേടി എത്തിയത്.ബാലിശമായ ചാറ്റ്കളോട് ഇഷ്ടം തോന്നിയില്ല. നെല്ലും പതിരും തിരിച്ചറിയാന്‍ ഉള്ള ശ്രമത്തിനിടയില്‍ ആണ് ജീവനെ കണ്ടു മുട്ടിയത്. കലയും സൌഹൃദവും ഇഴ ചേര്‍ത്ത ആ ബന്ധം ഒരുപാട് ഹൃദ്യമായിരുന്നു. കൊഴിഞ്ഞു പോയ കൌമാരത്തിലേക്ക് അതെന്നെ കൈ പിടിച്ചു നടത്തി. സാഹിത്യ ചര്‍ച്ചകള്‍ കൊണ്ട് സജീവമായിരുന്ന കുടുംബാന്തരീക്ഷത്തിന്റെ ഓര്‍മ്മ ഗൃഹാതുമായി. നാട്യം ,നടനം , മുദ്രകള്‍ --- എല്ലാം സ്നേഹവായ്പോടെ അവതരിപ്പിക്കപെട്ടു. സെന്‍സിബിള്‍ അയ പ്രേക്ഷക എന്ന കിരീട ധാരണവും നടന്നു. 2000 കിലോ മീറ്റര്‍ ദൂരെ ആയിരുന്നിട്ടും ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ കുടെ വിളിച്ചു , കാറിലിരുത്തി.കാഴ്ചകളുടെ ലോകം തുറന്നിട്ടു. പുതിയ വീടിന്റെ വിളക്കുകളും ഇരിപ്പിടങ്ങളും വാങ്ങാന്‍ കൂടെ കൂട്ടി. ദൂരെ ആണെന്ന് ഒരിക്കലും തോന്നിയില്ല.
സൌഹൃദത്തിനു വാല്‍സല്യത്തിന്റെ കുടി നിറം പകര്‍ന്നാണ് "ജോ" മനസ്സില്‍ ഇടം കണ്ടെത്തിയത്. അങ്ങു ദൂരെ അമേരിക്കയില്‍ പാതി രാത്രി ആയിരുന്നിട്ടും ജോ കാത്തിരുന്നു. ജോ യുടെ പാചക പരീക്ഷണങ്ങളുടെ വിജയ പരാജയങ്ങള്‍ ചാറ്റ് റൂമില്‍ ചിരി ഉയര്‍ത്തി. പ്രണയത്തിന്റെയും സാന്ത്വനത്തിന്റെയും നറുമണം ആണ് ഹരിയോട് അടുപ്പിച്ചത് .മനസ്സിനെ പിടിച്ചുലച്ച മെയിലുകളുടെയും ഫോണ്‍ സന്ദേശങ്ങളുടെയും പെരുമഴ. കുട്ടുസ്സെ എന്ന വിളിയോട് ഒരു ചമ്മലോടെ ആണ് പ്രതികരിച്ചത്. ദിവസവും വന്നെത്തിയ ആ സ്വരത്തിലെ ആവേഗം , 45 വയസ്സില്‍ നിന്ന് 18 വയസ്സ് ആവുകയാണോ എന്ന് കളി പറഞ്ഞു. എനിക്ക് 18 വയസ്സെങ്കില്‍, കുട്ടുസിനു 17 വയസ്സ് എന്ന് തിരിച്ചും കളി പറഞ്ഞു.
അവിചാരിതമായി മനസ്സില്‍ കൂട് കൂട്ടിയ ഇഷ്ടം രണ്ടുപേരുടെ മനസ്സും ആര്‍ദ്രമാക്കി. ചുറ്റുമുള്ള ലോകം കുടുതല്‍ പ്രകാശ ഭരിതമായി. കേട്ടുമറന്ന പാട്ടുകള്‍ പ്രണയനിറം ചാലിച്ച്,വീണ്ടും മുളിപ്പാട്ടായി. കണ്ണെത്തും ദൂരമാകെ പുക്കളും പൂമ്പാറ്റകളും മാത്രം. ചുറ്റുമുള്ള ഏതിനോടും അകാരണമായ സ്നേഹം തോന്നി .മനസ്സ് വലഞ്ഞു.
ഒരുപാട് നാള്‍ നീണ്ട മങ്ങാത്ത ഇഷ്ടത്തിനിടയില്‍ രണ്ടു പേരുടെ ജീവിതത്തിലെയും ചെറിയ വിശേഷങ്ങള്‍ വരെ പരസ്പരം അറിഞ്ഞു. കുടുംബം മറന്നുള്ള സ്നേഹം ഒരിക്കലും ഉണ്ടാകില്ല എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടായി. അടുത്ത കുറച്ചു ദിവസങ്ങള്‍-ക്കുള്ളില്‍ ഹരി ഇന്ത്യ വിട്ടു പോകുകയാണ് എന്ന അറിവ്, മനസ്സിനെ സങ്കടക്കടലാക്കി. കണ്ടില്ലെങ്കിലും എപ്പോളും കാണാവുന്ന ദുരത്തു ഹരി ഉണ്ടെന്ന അറിവ് ആശ്വാസകരമായിരുന്നു എന്ന് തിരിച്ചരിഞ്ഞു.
ഇനി 3-4 വര്‍ഷങ്ങള്‍ക്ക് ശേഷമേ തിരിച്ചു വരു, പോകും മുന്‍പേ കുട്ടുസ്സിനെ കാണാന്‍ മോഹമുണ്ട് എന്ന് പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാന്‍ തോന്നിയില്ല. മോഹം എന്റെ മനസ്സിലും ഉണ്ടായിരുന്നല്ലോ?
രണ്ടുപേര്‍ക്കുള്ള പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തു , സ്ത്രീകളുടെ വിശ്രമ മുറിയില്‍ ഇരുന്നു. ഹരി വരാന്‍ ഇനിയും സമയം ബാക്കി. ആഴ്ചപതിപ്പിലെ അക്ഷരങ്ങള്‍ , വിഹ്വലമായ മനസ്സിനോട് പ്രതികരിക്കുന്നില്ല. വീണ്ടും വിളിച്ചപ്പോള്‍ ആണ് അപരിചിതമായ പ്ലാറ്റ്ഫോമില്‍ ഹരി തിരഞ്ഞു നടക്കയാണെന്ന് അറിഞ്ഞത്. ഹരിയുടെ സ്വരം ഒരു കുളിര്‍കാറ്റായി വന്നു പൊതിഞ്ഞു. കാത്തു നില്‍കുന്ന സ്ഥലം പറഞ്ഞു കൊടുത്തു ,തിരക്കില്‍ ശ്രദ്ധിച്ചു. നിമിഷങ്ങള്‍ക്കകം ലോകത്തിലെ മുഴുവന്‍ സ്നേഹത്തിളക്കവും കണ്ണുകളില്‍ നിറഞ്ഞ ഹരിയുടെ മുഖം കൈഎത്തും ദൂരെ വന്നെത്തി. പരസ്പരം കൈ വീശിയത് ഒരുമിച്ചായിരുന്നു. അടുത്തേക്ക് നടക്കുമ്പോള്‍ കാലുകള്‍ നിലത്തു ഉറക്കുന്നില്ല എന്ന് തോന്നി. കാത്തു കിടക്കുന്ന കാറില്‍ കയറുമ്പോള്‍ തെറ്റും ശരിയും ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല.
കാറിലെ അരണ്ട വെളിച്ചത്തില്‍ കൈ പിടിച്ചു ചുംബിച്ചത് അപ്രതീക്ഷിതം ആയിരുന്നു. ഭയം കൊണ്ട് തണുത്ത ഹരിയുടെ കൈകളും, ഉമിനീര്‍ വറ്റിയ ചുണ്ടുകളും. മനസ്സിലുടെ ഒരു മിന്നല്‍ കടന്നു പോയത് അറിഞ്ഞു. തോളിലുടെ കൈ ഇട്ടു ,അടുത്തിരുത്തി. അടുപ്പത്തിന്റെ ഒരു കടല്‍ വന്നു മുടിയോ? " ഇത്രയും പേടിയുള്ള ഒരാളുടെ കുടെയാണോ ഇറങ്ങി വന്നത് " എന്ന് ഓര്‍ത്തോ എന്ന് പിന്നീട് ചോദിക്കയുണ്ടായി . "മരണം വരെ മറക്കാത്ത ഒരു സ്നേഹാനുഭവം "എന്ന് ഞാനും പറയുകയുണ്ടായി.
ഹോട്ടലിന് മുന്നില്‍ കാര്‍ നിന്നപ്പോള്‍ സ്വാഭാവികത അഭിനയിക്കാന്‍ രണ്ടാളും പാടുപ്പെട്ടു . വാതിലടച്ചു ഹരി തിരിഞ്ഞത് നീട്ടിയ കൈകളോടെ ആയിരുന്നു. മനസ്സ് ഒരു അപ്പുപ്പന്‍ താടി ആയി.
ഒക്കെ ഒരു സ്വപ്നം ആണെന്നാണ് അപ്പോള്‍ തോന്നിയത്. സ്വയം നിര്‍ണ്ണയിക്കാന്‍ ,സ്വന്തം പ്രണയം തിരിച്ചറിയാന്‍ ഒക്കെ, വീടിനും ഓഫീസിനും വെളിയിലെ ലോകം എന്നും ഒരു പരിഭ്രമത്തോടെ മാത്രം വീക്ഷിച്ചിരുന്ന തനിക്കെങ്ങനെ ധൈര്യം വന്നു എന്ന സംശയം ഉള്ളില്‍ ഉരുണ്ടു.
ചായ കുടിച്ചു, അര്‍ത്ഥമില്ലാത്തത് എന്തൊക്കെയോ പറഞ്ഞിരുന്നത് സമയത്തിനും അപ്പുറത്തായിരുന്നു. ഒരു പക്ഷെ പ്രണയം തുളുമ്പുന്ന രണ്ടു മനസ്സുകള്‍ ഇങ്ങനെ തന്നെ ആകാം പ്രതികരിക്കുക. സ്നേഹം കൊണ്ട് പുത്തു ഉലഞ്ഞ ഒരു മനസ്സ് വന്നു പൊതിയുന്ന പോലെ തോന്നി.
ലോകത്തില്‍ വച്ചേറ്റവും ഉദാത്തമായ വികാരം--പ്രണയം---അത് അനുഭവവേദ്യമാകുന്ന ഈ നിമിഷങ്ങള്‍ എന്നെങ്കിലും മറക്കാന്‍ ആകുമോ? ഉപാധികള്‍ ഇല്ലാത്ത സ്നേഹം ഇത്ര സുന്ദരമോ?ഉറക്കത്തിലേക്കു വഴുതി വീഴുമ്പോള്‍ ചുറ്റിയിരുന്ന കൈകളുടെ വിശ്വാസം മനസ്സില്‍ ഉണ്ടായിരുന്നു. ഇടക്കുണര്‍ന്നു കണ്‍ മിഴിക്കുമ്പോള്‍ ഒക്കെ , കണ്ണില്‍ ഉമ്മ വച്ച് , വീണ്ടുമുറക്കാന്‍ സിഗറട്ടിന്റേയും പെര്‍ഫ്യൂമിന്റെയും ഇടകലര്‍ന്ന ഒരു ഗന്ധം കാത്തു നിന്നിരുന്നു. അവിടെ കൊടുക്കലുകളും വാങ്ങലുകളും ഉണ്ടായിരുന്നില്ല. രണ്ടുപേരും കൊടുക്കാന്‍ പരസ്പരം മത്സരിക്കുക ആയിരുന്നു . സ്നേഹിക്കുന്നതിനേക്കാള്‍ സ്നേഹിക്കപ്പെടുക ആയിരുന്നു.
കാലത്തുണര്‍ന്നു, നാട്ടിലേക്കുള്ള യാത്രാസൌകര്യങ്ങള്‍ക്കും , ഹരിയുടെ വീട്ടുകാരിക്കുള്ള സമ്മാനങ്ങള്‍ക്കും ആയി പുറത്തിറങ്ങി. ഈ ഇഷ്ടത്തിന് സമ്മാനങ്ങളുടെ അകമ്പടി വേണ്ട എന്ന് രണ്ടാള്‍-ക്കും തീര്‍ച്ച ആയിരുന്നു
തിരിച്ചെത്തി , ഉച്ചയൂണ് കഴിക്കുമ്പോള്‍ , അപരിഹാര്യമായ പിരിയലിന്റെ ദുഃഖം , മനസ്സിന്റെ വിങ്ങലായി. വിടയോന്നും പറയാതെ , എയര്‍ പോര്‍ട്ടിലെ ടെര്‍മിനലിലേക്ക് നടക്കുന്ന ഹരിയെ നോക്കാന്‍ , മനസ്സ് കൈ വിട്ടു പോകുമോ എന്ന പേടി ആയിരുന്നു.
|
|

|