|
|
വായന കനൽ വിരിച്ച വഴിയേ സുഭദ്രാസതീശൻ | ജീവജാലങ്ങളിൽ ശ്രേഷ്ഠ വർഗ്ഗമെന്ന് അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന മർത്ത്യന്റെ മുന്നിൽ വിജയത്തിന്റെ വാതിലുകൾ ഒന്നൊന്നായി തുറക്കപ്പെട്ടുകൊണ്ടിരിക്കുകതന്നെയാണ്. പിടികിട്ടാതെ അവൻ അമ്പരക്കുന്നത് ഒരിടത്ത് മാത്രമേ ഉള്ളു. മനസ്സ്. അതിന്റെ നിഗോൂഢതകളും പൊരുളും. മനസ്സിന്റെ കൺകെട്ടിൽ ഉരുത്തിരിഞ്ഞു വന്ന അത്ഭുതമത്രേ സാഹിത്യം. മനസ്സ് മനസ്സിനായി മാത്രം കണ്ടെടുത്തത്. ആത്മകഥയെഴുത്ത് വാസ്തവത്തിൽ സാഹിത്യമല്ല. അഥവാ സാഹിത്യം ആയാൽ അതിൽ നേരിന്റെ നിറവ് കുറവായിരിക്കും. സ്വന്തം ജന്മത്തിന്റെ വഴിയോരങ്ങളിലൂടെ ഒറ്റയ്ക്കുള്ള യാത്ര. പലതും കാണും. സ്നേഹവും, പകയും, വെറുപ്പും, കരുണയും മാറി മാറി നെഞ്ചിൽ നിറയവേ അവ അതേപടി അക്ഷരങ്ങളിലാവാഹിക്കാൻ അസാമാന്യ കരുത്ത് വേണം. ഓരോ മനുഷ്യനും ജാഗരൂകനാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തുറന്നുപിടിച്ച കണ്ണുകളുമായി. സ്വയം ഇരയാവുക ധൈര്യം തന്നെ. അജിത് കൗർ അത്തരമൊരു വ്യക്തിത്വമാണ്. 'ഖാനാബദോശ്' എന്ന അവരുടെ ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ലഭിച്ചു. പഞ്ചാബിയായ അജിത്തിന്റെ 'ഖാനാബദോശി' ന് മലയാള വിവർത്തനം തയ്യാറാക്കിയത് പ്രോഫ: വി സി കൃഷ്ണൻ നായരാണ്. കൃതിയുടെ ഒന്നാം ഭാഗമായ 'താവളമില്ലാത്തവർ' എന്ന പുസ്തകം വിവർത്തന ശാഖയ്ക്ക് മുതൽക്കൂട്ടായി.
സ്വന്തം വഴിവെട്ടിത്തുറന്ന് സ്വയം മുന്നേറുന്നവർക്ക് അതു സംഭവിക്കാറുണ്ട് താവളം നഷ്ടപ്പെടൽ. അഗ്നിയിലൂടെ അജിത്ത് വെട്ടത്തെളിച്ച വഴിയും പൊള്ളലുകളും 'താവളമില്ലാത്തവർ' വെളിപ്പെടുത്തുന്നു. ഒറ്റപ്പെട്ട ജീവിതവും, മുറിവേറ്റ മനസ്സും മാത്രം കൂട്ടിനുണ്ടായിരുന്ന യാത്ര. 'വൺ സീറോ വൺ' അഗ്നിശമന സേനയെ ഫോണിൽ ലഭിക്കാനുള്ള നമ്പറാണ്. ആത്മാവിന് പിടിച്ച തീയണയ്ക്കാൻ നൂറ്റിയൊന്ന് എന്ന നമ്പർ കറക്കാൻ പലവട്ടം ആയുന്ന പെൺമനസ്സിൽ ഉരുത്തിരിയുന്ന അനുഭവാക്ഷരങ്ങൾ. താനാരാണെങ്കിലും ഓർമ്മയാണെന്ന് കരുതുമ്പോഴുള്ള അഭിമാനം സ്ത്രീയ്ക്ക് വേറിട്ടൊരു മനോമണ്ഡലം നൽകുന്നുണ്ട്. മിടുക്കികളായ പെൺമക്കളിലൂടെയാണ് ജിത്ത് അനുഭവങ്ങളുടെ ചെപ്പ് തുറക്കുന്നത്. കടമയ്ക്കും കരുതലിനുമപ്പുറം പേറ്റുനോവിന്റെ വിലാപങ്ങൾ സ്നേഹമായ് പുനർജനിക്കുമ്പോൾ അമ്മയെന്ന പദം മധുരോദാരമാകുന്നു. അതുകൊണ്ടാവണം സ്നേഹമയിയായ ജിത്തെന്ന അമ്മ ജന്മം നൽകിയ പൊന്നുമോൾ മേലാസകലം കത്തിക്കരിഞ്ഞ് തീർന്ന്പോയത് ഓർമ്മത്തുടക്കമാകുന്നത്. ഭ്രാന്തിന്റെ തനിപ്പകർപ്പും, നൈരാശ്യത്തിന്റെ നേർകാഴ്ച്ചയുമായി അവർ മാറുന്നു.
തുടർന്ന് മനസ്സിന്റെ രണ്ടാം വാതിൽ തുറന്നിട്ട ജിത്ത് ആദ്യപ്രണയത്തിന്റെ (ബൽദേവ് - ഗുരുനാഥനായ കാമുകൻ) സുഗന്ധം നിറഞ്ഞ ജീവിത ദിനങ്ങൾ കോറിയിടുന്നു. കാണുന്നതെല്ലാം സുന്ദരമാകുന്ന സമ്മോഹന ഭാവം. പ്രണയം. പക്ഷേ ജീവിതം ജീത്തിനായി കാത്തു വെച്ചതു മോഹങ്ങളും സ്വപ്നങ്ങളും വേരോടെ പറത്തിവിട്ട കൊടുങ്കാറ്റ് .ആ കറുത്ത കാറ്റുമൊത്തുള്ള ദാമ്പത്യത്തിലേയ്ക്ക് ഓർമ്മകൾ പുഴുക്കൾ പോലെ അരിച്ചുകയറുമ്പോഴും തന്റെ കൗതുകം നിറഞ്ഞ ബാല്യവും ജീജ്ഞാസ പൂണ്ട കൗമാരവും നിറങ്ങൾ നിറഞ്ഞ യൗവനവും അവർക്ക് മറക്കാനാവുന്നില്ല. പൊരുത്തക്കേടിന്റെ പടഹധ്വനിക്കൊടുവിൽ രണ്ടു പെൺമക്കളുടെ കൈകളും കോർത്ത് ഒറ്റയ്ക്ക് ഇറങ്ങിനടന്ന അജീത് കൗർ പതറാതെ പയറ്റുന്നു. എഴുത്തിന്റെ ദൈവാനുഗ്രഹം ശിരസിൽ ചൊരിഞ്ഞ പുത്തൻ നാളുകൾ. സ്വന്തം മാസികയും പത്രവുമായി സംഭവപരമ്പരയിലേയ്ക്ക്. വിവാഹത്തിന്റെ പന്ത്രണ്ടാം വാർഷികം വരെ അവർനടത്തിയ സമരങ്ങൾ അവരെക്കൊണ്ടെത്തിച്ചതു അമൂല്യവും അസൂയാർഹവുമായ തലത്തിലേയ്ക്ക്. ഇവിടെ ജീത്ത് ഒരു സമുദ്രം പോലെ അലയടിച്ചുയരുമ്പോൾ ആ തിരത്തടിയുന്ന ശംഖാണ് ഓം പ്രകാശ് എന്ന 'ഓമ' ആദ്യപ്രണയത്തിന്റെ വരികളിൽ അജീത്തിന്റെ അക്ഷരങ്ങൾക്ക് കുളിരുറയുന്നത് നമുക്കു കാണാം. പക്ഷേ ഓമ അവരുടെ ജീവിതത്തിൽ കുളിരല്ല. മിഴികളിൽ കാഴ്ചയും രസനയിൽ വാക്കും നെഞ്ചിൽ തുടിപ്പും രക്തത്തിൽ നിറവും ശ്വാസവും ഗന്ധവ്യമൊക്കെയാണ്. വിവാഹ പൂർവ്വപ്രണയം മിക്കപ്പോഴം തുടക്കമെന്ന ആദ്യ ബിന്ദുവിലും തീരുന്നു. പീന്നീട് പകിട്ടു നഷ്ടപ്പെട്ട പെരും മടുപ്പിലേയ്ക്ക് ആണിനേയും പെണ്ണിനേയും വലിച്ചിഴയ്ക്കുന്നു. പക്ഷേ ജീവിതം കെട്ടിവലിച്ചു തുടങ്ങിയശേഷം അകാലവ്യഷ്ടിപോലെ മനസ്സിൽ പ്രണയം ചേക്കേറുമ്പോൾ അതുണ്ടാകുന്ന വിസ്മയങ്ങൾ, ആശങ്കകൾ കുറച്ചല്ല. പുറം ലോകത്തെ ഒരു പുൽക്കൊടിപോലുമറിയാതെ അകത്തുലാവുന്ന ആ സുഗന്ധത്തെ മറച്ചുവെക്കേണ്ടതുണ്ട്. പതിവുപാത്രത്തിലുണ്ട് പുത്തൻ പാത്രം തെരയുന്നവരെപ്പറ്റിയല്ല, ഇരുളിൽ നടക്കവേ പെട്ടന്നുതെളിഞ്ഞ വിളക്കുപോലെ നെറുകയിൽ സൗമ്യമായി അമർന്ന ഒരു കൈത്തലം പോലെയുള്ള ദിവ്യനുഭുതി. ഈ സ്നേഹനൊമ്പരം നെഞ്ചിൽത്താങ്ങുന്ന പെണ്ണ്-അവളെത്ര ശക്തമായ മനസ്സിനുടമയെങ്കിലും-താങ്ങേണ്ടുന്ന സങ്കടക്കടമ്പകൾ അനവധി.
ഒരു പാട് കുട്ടിക്കിഴിക്കലുകൾ വേണ്ടിവരും. ഒരു വശത്ത് കരുണയായി കരുതലായി നെഞ്ചിൽപ്പടർന്ന മോഹപ്പച്ച. ചേർത്തു പിടിക്കുംതോറും മുറിവിറുകി ആത്മാവിനെ നനയിക്കുന്ന ചോര. മറുവശത്ത് സമൂഹവും കുഞ്ഞുങ്ങളും സദാചാരനിയമങ്ങൾ കോർത്ത മിഴികളും. ഭയക്കാതെ തന്റെ ശരിതന്നെ തന്റെപ്രണയമെന്ന് കരുതി അജീത് മുന്നേറുന്നുവേങ്കിലും ഏക്കാളവും പ്രണയത്തിന് വിഷം കലർത്തുന്ന സ്വാർത്ഥത ജിത്തിനെ വിണ്ടും ഒറ്റയ്ക്കാക്കുന്നു. ഒരഗ്നിനദി സ്വയം നിന്തിക്കടന്ന് പൊള്ളിയ മനസ്സിനെ ഒറ്റയ്ക്ക് ഉണക്കിയെടുത്ത് വിണ്ടും മുന്നോട്ട്....
പെണ്ണെഴുത്തിന്റെ പുതുവഴിക്കാർ പലരും പച്ചക്കെഴുതി ശ്രദ്ധതേടുന്ന കാലമാണിത്. പക്ഷെ അവ മിക്കതും കഥയും കവിതയുമൊക്കെയാണ്. സ്വന്തം ജീവിതത്തെ അതേപടി പേനത്തുമ്പിൽ ചോർന്നൊലിയ്ക്കാൻ അനുവദിച്ച ആദ്യ എഴുത്തുകാരിയൊന്നുമല്ല അജീത് കൗർ. എങ്കിലും പെണ്ണ് പ്രപഞ്ചം പോലെ നിഗുഢമാണെന്നും പറഞ്ഞാൽ തീരാത്തത്താണെന്നും പുത്തൻ അധ്യായങ്ങൾ അവളിൽ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും നമുക്കുറപ്പിക്കാം- 'താവളമില്ലാത്തവർ' വായിച്ചുതീരുമ്പോൾ. അവഗണനയും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും പരിഹാസവുമൊക്കെ ജൻമത്തിന് കരുത്തുണ്ടാവാനുള്ള വളമാക്കിമാറ്റാൻ അജിതിന് കഴിഞ്ഞിട്ടുണ്ട്. പേനയെന്ന ആയുധവും ഇച്ഛാശക്തിയെന്ന തുണയും ജീവിക്കാനുള്ള ധൈര്യവും മതി. ഒരു തനി പെണ്ണതന്നെയായി ഇവിടെ കഴിയാം. അജിത് ഇത്രമാത്രമേ പറഞ്ഞിട്ടുള്ളൂ!
|
|

|