Home | Contact Us | Guestbook | Font
Jyothiss

വായന
വിശ്രമം/ബാലാമണിയമ്മ
വി.എം. ഗിരിജ
ബാലാമണിയമ്മയുടെ വിശ്രമം എന്ന കവിത (നിവേദ്യം) എഴുത്തുകാരിയും എഴുത്തും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നു. എഴുത്തും എഴുതുന്നയാളും തമ്മിലുള്ള ബന്ധത്തേക്കാളുപരി 'എഴുത്തുകാരി' എന്ന വ്യത്യസ്തതക്ക്‌ എഴുത്തുമായി ബന്ധപ്പെടാൻ വേറെ വേറെ വഴികളുണ്ടോ?
മനുഷ്യർ/വ്യക്തികൾ പ്രപഞ്ചത്തെ അറിയുന്നതും പതുക്കെപ്പതുക്കെ അറിവുകൾ സമാഹരിച്ച്‌ തന്റെ ജീവിതത്തോടു ബന്ധപ്പെടുത്തുന്നതും ഇന്ദ്രിയം വഴിയാണ്‌. കാണലും കേൾക്കലും തൊടലും രുചിക്കലും മണക്കലും പ്രപഞ്ചത്തിനെ പലതായി പലതായി അറിഞ്ഞ്‌ ഒന്നു തന്നെയായി കൂട്ടിയോജിപ്പിച്ച്‌ വീണ്ടും അനുഭവിപ്പിക്കുന്ന പ്രക്രിയയാണ്‌. അതേ പ്രക്രിയ തന്നെയാണ്‌ എഴുത്തിലും സംഭവിക്കുന്നത്‌.
'ആരോ നിമന്ത്രിക്കുകയാണ്‌; എറിഞ്ഞേക്കു നീയന്തിമങ്ങൂഴത്തിലേക്ക്‌ നിൻ പേനയെ '
യൗവ്വനം പോയി. ഇന്ദ്രിയങ്ങൾക്ക്‌ പ്രതികരണക്ഷമത കുറഞ്ഞു.
ജന്മപ്പുലരിയെന്നപോലൂഴിതൻ
രമ്യവർണ്ണാഞ്ചിതനെഞ്ചിൽ മെയ്ച്ചായ്ച്ചിനി
ലാഘവമാർന്നു പറക്കാൻ വിടൂ സുഖാൽ
മേഘമാർഗ്ഗങ്ങളിൽ നിന്നരിപ്രാക്കളെ
ജനിച്ച നാൾ പോലെയാവട്ടെ ഈദിവസം. അമ്മയുടെ നെഞ്ചിലെന്നപോലെ പ്രപഞ്ചത്തിലേക്ക്‌ തല വെച്ച്‌ വിശ്രമിക്കൂ. നിന്റെ പ്രാവുകളെ അനന്ത വിശാലതയിലേക്ക്‌ പറത്തി വിടൂ. അതിന്റെ വഴിസന്ദേശം കൊടുക്കലും വാങ്ങലും നിർത്തി വെച്ചൂടേ? നിന്റെ തൂലിക അന്തിമങ്ങൂഴത്തിലേയ്ക്ക്‌ എറിഞ്ഞുകളയൂ' എന്ന നിമന്ത്രണത്തിന്റെ വിപുലീകരണം (extention)ആണ്‌ തുടർന്നുവരുന്ന ഈ വരികൾ.എന്തിനാണ്‌ ഈ തൂലിക? അതുപേക്ഷിക്കാൻ സമയമായി.
കുഞ്ഞ്‌ ജനിച്ചു വീഴുമ്പോൾ ഇന്ദ്രിയങ്ങൾ അവികസിതമാണ്‌ ഇന്ദ്രിയ ജ്ഞാനങ്ങളുടെ പ്രാഗ്‌രൂപങ്ങളുടെസമ്മേളനമാണ്‌ അമ്മ തരുന്ന അനുഭവം. അമ്മിഞ്ഞപ്പാല്‌, കൊഞ്ചിച്ചുള്ള വിളി, ഉമ്മ,വിരലുകളുടെ സ്പർശം, പാൽമണം,കുഞ്ഞിക്കണ്ണൂകൾ തുറന്നുള്ള ആദ്യകാഴ്ച. ഈ അനുഭവത്തെ വിടർത്തി പടർത്തിയാണ്‌ കുട്ടി താനായി പതുക്കെ വളരുന്നത്‌.പിന്നെ മരണത്തോടടുക്കുമ്പോൾ പതുക്കെ ഉപേക്ഷിക്കുന്നതും ഇന്ദ്രിയബോധങ്ങളെത്തന്നെ.
തൂലികയെ ഉപേക്ഷിക്കാൻ പറയുമ്പോൾ മറുപടി ഇതാണ്‌.
ഇല്ലെനിക്കാവില്ലുപേക്ഷിക്കുവാൻ മറ്റൊ-
രിന്ദ്രിയമായ്ത്തീർന്ന നിന്നെയെൻ തൂലികേ

മറ്റൊരിന്ദ്രിയമായി വളർന്നിരിക്കയാണ്‌ തൂലിക. സർഗ്ഗാത്മകത.എഴുത്ത്‌. സ്വാത്മാവിഷ്കാരം.

'നീയാം കളിക്കോപ്പെടുത്തനാൾ തുച്ഛമായ്‌-
പ്പോയെന്റെ കണ്ണിൽ മറ്റേതു വിനോദവും'
നിത്യകൃത്യങ്ങളിലൂടെ ചരിക്കവേ,
നിൻവിരൽത്തുമ്പേ നയിച്ചു മച്ചിന്തയെ'
ധ്യാനത്തിലും തേടി വന്നു ഞാൻ നിൻ കുറി-
മാനത്തെ നിർജ്ജരമാക്കുമമൃതിനെ
വിശ്വസൗന്ദര്യത്തിൽമുങ്ങലല്ലെന്നിഷ്ട-
വിശ്രമമിന്ന;തിൽ നിൻ തുഴയൂന്നലാം
സർഗ്ഗാത്മകത ആറാമത്തെയോ എഴാമത്തെയോ ഇന്ദ്രിയമായി വികസിക്കുന്നത്‌,പ്രപഞ്ചത്തിന്റെ സുഖദു;ഖങ്ങളിൽ നിന്നു സത്ത്‌ ഉറ്റിയൂറ്റിയെടുക്കുന്നത്‌ ഇല്ലാതായാൽ കവിയുടെ അസ്തിത്വത്തിന്‌ പ്രസക്തിയില്ല. ആണ്ടു മുങ്ങലല്ല തുഴ ഊന്നി ചുറ്റിത്തിരിയലാണ്‌ ബലാമണിയമ്മയുടെ എഴുത്തുസത്തയുടെ രീതി.
'വറ്റുമിച്ചോരയിലൂന്നട്ടെ ഞാനത്‌
ചെറ്റു ചേറായിക്കഴിഞ്ഞ കണ്ണീരിലും
അന്തിവെളിച്ചമിടറുന്നുലകിലു-
മന്തരംഗത്തിലുദിക്കും നിലാവിലും'
ചോരയുടെയും കണ്ണീരിന്റേയും കഥയാണ്‌, സന്ദേശങ്ങളാണ്‌ എഴുതുവാനിരിക്കുന്നത്‌. ദൗർബല്യങ്ങളുള്ള ചോര ,മുലപ്പാൽ കണ്ണുനീർ അതിൽ തുഴഞ്ഞു നിൽക്കലാണ്‌ എഴുത്ത്‌  എന്ന്‌ ഈ കവിത പറയുന്നു.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font