Home | Contact Us | Guestbook | Font
Jyothiss

തിരക്കഥ
വണ്ടിവേഷങ്ങൾ
(വൈശാഖന്റെ വണ്ടിവേഷങ്ങൾ എന്ന ചെറുകഥയുടെ തിരക്കഥാരൂപം)

ജ്യോതീബായ് പരിയാടത്ത്

(അവന്റെ ദൃഷ്ടിയിൽ അയൽവീട്ടിലെ പുരക്ക്‌ മുകളിൽ പ്രാവ്‌)

 

കണ്ണൻകുട്ടി:( സന്തോഷം കൊണ്ട്‌ വിടരുന്ന മുഖം) എവടെ..? (തിരിഞ്ഞ്‌ അവളോട്‌)ഓ ന്റെ ജങ്കിലിതന്നെ..
കണ്ണൻകുട്ടി ശൊഭനേ കൊറച്ച്‌ അരി..
(തുറന്നു കിടന്ന വേലിക്കലൂടെ കടന്ന്‌ മുറ്റത്ത്‌ അരിവിതറുന്ന കണ്ണൻകുട്ടി. പറന്നിറങ്ങുന്ന പ്രാവ്‌ .   പ്രാവിനെ കയ്യിലാക്കി തലോടിക്കൊണ്ട്‌ തിരികെ ശോ ഭനയുടെ അടുത്തേക്ക്‌. പ്രാവിനെ കയ്യിൽവാങ്ങി കൗതുകത്തോടെ തലോടുന്ന ശോഭന)
കണ്ണൻകുട്ടി: നല്ല ഉൾത്തെമ്പുള്ള ജാതിയാണ്‌.  പോരാത്തതിന്‌ പുത്യ രക്കന്റെ ഊറ്റൂം.
ശോഭന : (മനസ്സിലാവാത്ത ഭാവം) പുതിയ രക്ക്യോ?അദെന്താ?
കണ്ണൻകുട്ടി : (ഗൗരവത്തിൽ വിശദീകരണം)അതോ പഴേ രക്ക വലിച്ചു കളേം.. അപ്പ  അവടെ പുത്യ രക്ക മൊളച്ചുവരും.  പറക്കാൻ നല്ല ഉസിറായിരിക്കും പിന്നെ.
(ശോഭനയുടെ മുഖം വാടുന്നു)
ശോഭന: അയ്യോ വലിക്കുമ്പഴ്‌ നോവില്ലേ?
കണ്ണൻകുട്ടി :(മുതിർന്ന ആളെപ്പോലെ നിസ്സാരഭാവത്തിൽ)  പിന്നെ..!  ലേശം നോവൊക്കീണ്ടാവും
(അഭിനന്ദനം  പ്രതീക്ഷിച്ചിട്ടെന്ന മട്ടിൽ അവളുടെ മുഖത്തേക്ക്‌ നോക്കുന്നു
ശോഭനയുടെ മുഖത്ത്‌ സങ്കടം, കുറ്റപ്പെടുത്തലിന്റെ ഭാവം)
ശോഭന:  എന്തൊരു പാപാണെന്റെ കണ്ണൻകുട്ടീ?
.(കണ്ണൻകുട്ടിയുടെ മുഖം വാടുന്നു
വാക്കുകൾക്കായി പരതുന്നു)
കണ്ണൻകുട്ടി: അദ്‌..അദ ​‍്പിന്നെ ശോഭനേ.
(പെട്ടെന്നു ഉച്ചത്തിലുള്ള സ്ത്രീശബ്ദം)
അമ്മ: ശോഭനേ.. ടീ ശോഭനേ..
ശോഭന:(തിരിഞ്ഞു നോക്കി): ദാ വരണൂ
(കണ്ണൻകുട്ടിയോട്‌)ശോഭന: കണ്ണൻകുട്ടി പോണുണ്ടോ വിഷുവേലക്ക്‌?

(ചിരിച്ചുകൊണ്ട്‌ )കണ്ണൻകുട്ടി:  പിന്നേ.. ഞാനിപ്രാവിശ്യം വണ്ടിവേഷം കെട്ട്ണ്ട്‌

(കൗതുകത്തോടെ)ശോഭന,:  അത്യോ,എന്താ വേഷം?  മഹാവിഷ്‌ണുവാണ്‌?

(നിറഞ്ഞ ചിരിയോടെ) കണ്ണൻകുട്ടി: എയ്‌.. മുരുകന്റെ ഒരു പവറ്‌ വേറൊരു ദൈവത്തിനൂല്ല്യ.  എനിക്കിക്കൊല്ലം മുരുകൻ കെട്ടണംന്നാണ്‌.

 

(നിഷ്കളങ്കമായ ചിരിയോടെ)ശോഭന: മുരുകനോ .. നന്നായിരിക്കുംട്ടോ.  കണ്ണൻകുട്ടിക്ക്‌ നന്നായി ചേരും. വേഷമേ വേണ്ടല്ലോ.
കണ്ണൻകുട്ടി:(ആലോചനാഭാവം.. )
(മടിച്ച്‌ മടിച്ച്‌) കണ്ണൻകുട്ടി: ഒരു സാരീണ്ടാവോ ശോഭനന്റെ കയ്യില്‌?  പട്ട്‌ സാരി?
ശോഭന:നോക്കട്ടെ. കണ്ണൻകുട്ടി നിക്ക്‌ ട്ടോ
(അകത്തേക്കോടുന്നു. ആകാംഷയോടെ കാത്തുനിൽക്കുന്ന കണ്ണൻകുട്ടി.  പ്രാവിനെ ഉമ്മവെച്ചുകൊണ്ട്‌ അകത്തേക്കെത്തിനോക്കുന്നു. തിരികെ വരുന്ന ശോഭന. കയ്യിൽ മറച്ചു പിടിച്ച പൊതിയിൽ നിന്നും ഒരു സാരി എടുത്തു കൊടുത്ത്‌ )
ശോഭന:നോക്കട്ടെ. കണ്ണൻകുട്ടി നിക്ക്‌ ട്ടോ
ശോഭന: കഴിഞ്ഞ ഓണത്തിന്‌ ചെറിയച്ഛൻ എട്ത്ത്‌ തന്നതാ. തേച്ചപ്പോ ലേശം എഴ നീങ്ങി. സാരല്ല്യ. ഉടുത്താല്‌ നല്ല ഭംഗീണ്ടാവും കണ്ണൻകുട്ടിക്ക്‌

(സാരിയുടെ മിനുപ്പും ഭംഗിയും നോക്കുന്ന കണ്ണൻകുട്ടി.)
(അമ്മയുടെ വിളി വീണ്ടും
മറുവിളികേട്ട്‌ തിരിഞ്ഞു )
കണ്ണൻകുട്ടി :ശോഭന വരുവോ വേലയ്ക്ക്‌?
ഓ..
ശൊഭന: നോക്കട്ടെ അമ്മീം ഒക്കീണ്ടെങ്കില്‌ വരാട്ടോ.
(അകത്തുനിന്നും വീണ്ടും വിളി. സമീപിക്കുന്ന ശബ്ദം)
അമ്മ: ശോഭനേ. മോന്തി മയങ്ങുമ്പ ഈ പെണ്ണ്‌ ഇതെവടെപ്പോയി നിക്കണ്‌ ?ങേ..
ശോഭന(പരിഭ്രമിച്ച്‌) അമ്മ വർണ്ണ്ട്​‍്‌ കണ്ണൻകുട്ടി പൊയ്ക്കോ

7
(സാരിയുടെ മിനുപ്പിൽ വിരലോടിച്ച്‌ പതുക്കെ സ്വപ്നത്തിലെന്നവണ്ണം കണ്ണൻകുട്ടി. ചുവന്ന പടിഞ്ഞാറൻ മാനം.. വെളുത്ത മുണ്ടും ഷർട്ടും ധരിച്ച്‌ കണ്ണൻകുട്ടി. ഗേറ്റിനരികിൽ അവനെ യാത്രയാക്കുന്ന ശോഭന. ആഫീസിൽ കറങ്ങുന്ന പങ്കക്കുതാഴെ കണ്ണൻകുട്ടി .സ്കൂട്ടറിൽ അവനുപിന്നിൽ പച്ചപ്പട്ടുസാരി ധരിച്ച ശോഭന.
മുരുകന്റെ വേഷത്തിൽ ശോഭനയെയും ദേവുവിനെയും അനുഗ്രഹിക്കുന്ന കണ്ണൻകുട്ടി. മുറുകുന്ന ചെണ്ടമേളം. അവനെത്തന്നെ നോക്കി ആളുകൾ.)
അവരിൽ രണ്ട ​‍്പേർ
1.ആരാണ്ടാ ഈ മുരുകൻ

2.അയ്‌ കണ്ണൻകുട്ടിയാണ്ടാ
1.അതേതാണ്ടാ ഇവനേ ഒരു കണ്ണൻകുട്ടി?
2.അയ കറവക്കാരൻ ചാമിച്ചൻണ്ടാ​‍ായിർന്നില്ലേ. അയ്യാളിന്റെ മകനാണ്‌.
1.ഓ ..തന്നേ. ചെക്കൻപത്താം ക്ലാസ്സ്‌ കടന്നാ?
2. ഓ.. വണ്ടിവേഷം കെട്ടാൻ പത്താംക്ലാസ്സ്‌ കട ക്കണമ്ന്ന്‌ ആരാണ്ടാ പറഞ്ഞത്‌?

(വരമ്പിലൂടെ മുരുകന്റെ വേഷത്തിൽ കണ്ണൻകുട്ടി.
പാതയോരത്ത്‌ ഒതുക്കിയിട്ടിരിക്കുന്ന ഇങ്ക്ലീഷ്‌ സ്കൂൾബസ്സ്‌. അതിനെ നോക്കി കോപത്തോടേ വേലുയർത്തുന്ന മുരുകൻ. ചീറിപ്പാഞ്ഞുചെന്നു ബസ്സിനെ വയലിലേക്കു മറിച്ചിടുന്ന വേൽ. പൊട്ടിച്ചിരിക്കുന്ന  മുരുകൻ.
പെട്ടെന്നു കാലിടറി വയലിലേക്ക്‌ വീഴുന്ന കണ്ണൻകുട്ടി. വരമ്പിൽകിടക്കുന്ന്‌ പൊതി .ജാള്യതയോടെ ചുറ്റും നോക്കുന്നു. അടുത്തെത്തൂന്ന കുഞ്ചുവേലു:)
കുഞ്ചുവേലു:വരമ്പത്തുകൂടി സ്വ്പനം കണ്‌ നടക്കാണ്‌ നീയ്യ്‌?ങേ?
ഇതെന്താണ്ടാ നീയ്യ്‌ പൂത്തിവെക്കണ്‌? നാനും കാണട്ടെ..
(പുറകിലേക്ക്‌ മാറ്റിപ്പിടിച്ച കയ്യിൽനിന്നും പൊതി വാങ്ങി തുറക്കുന്നു
അത്ഭുതത്തോടെ സാരി തിരിച്ചും മറിച്ചും നോക്കിയിട്ട്‌)
കുഞ്ചുവേലു:സാര്യോ? ഇതെവ്ട്ന്ന്‌ കിട്ടി​‍്‌ നിനിക്ക്‌? ങേ?
(ചമ്മലോടെ തലചൊറിഞ്ഞുകൊണ്ട്‌)
കണ്ണൻകുട്ടി: അത്‌ .. അയ്‌കുട്ടീല്ലേ? അയ്‌ ട്രാക്ടറുള്ള വേലായ്തേട്ടന്റെ ..
കുഞ്ചുവേലു:(കള്ളം കണ്ടുപിടിച്ച ഭാവം )പിടികിട്ടി പിടി​‍്‌ കിട്ടി നല്ല കൊമ്പിലാണല്ലടാ പിട്ത്തം. ദ്ന്തിനാപ്പ സാരി?

കണ്ണൻകുട്ടി: (പ്രതീക്ഷയോടെ )വിഷുവേലയ്ക്ക്‌ മുരുകവേഷം കെട്ടണമ്ന്ന്‌ വിചാരിക്കാണ്‌ ഏട്ടോ

കുഞ്ചുവേലു (നിശ്വാസം,മുഖത്ത്‌ ആലോചനാഭാവം)കണ്ണൻകുട്ടിയേ നിനിക്ക്‌ എന്തറിയാമെടാ മകനേ. നംക്കൊക്കെ അത്‌ പറഞ്ഞിട്ട്ണ്ടടാ ഇവനേ. വലിയ വലിയ വേഷവൊക്കെ കാസും ആളും ഇള്ളവറ്‌ കൊണ്ടുപുഗ്ഗും .നോക്കിയാ നിനിക്ക്‌ വല്ല ചെറിയ വേഷം കിട്ടുവായിരിക്കും. നംക്കൊക്കെ അതിനുള്ള പാങ്ങല്ലേള്ളൂ ഉണ്ണ്യേ..

(കണ്ണൻകുട്ടിയുടെ മുഖഭാവം മാറുന്നു. നിറഞ്ഞു വരുന്ന കണ്ണുകൾ)കണ്ണൻകുട്ടി. കൊറേക്കാലമായിട്ട്ള്ള ആശേണ്‌ കുഞ്ചുവ്ലുവേട്ടോ. ഇപ്രാവസ്യോങ്കിലും..
(ആലോചിച്ച്‌)
കുഞ്ചുവേലു: നിക്ക്‌ നിക്ക്‌ നോക്കട്ടെ നാന്‌. അയ മേക്കോപ്പ്പുകാരൻ ചെന്താമരയില്ലേ? അവനെ ഒന്ന്‌ കണ്ടളയാ. കാസ്ണ്ടോ നിന്റെ കയ്യില്‌ .അവനെന്തെങ്കിലും കൊടുക്കണം.
കണ്ണൻകുട്ടി:ടൂർണ്ണമെന്റിന്റെ അരപ്പവൻ വിറ്റാലോ?
കുഞ്ചുവേലു (സമ്മതഭാവം)ഹും. ന്നാ നോക്കാ നംക്ക്‌
(കണ്ണൻകുട്ടിയുടെ പ്രതീക്ഷാനിർഭരമായ മുഖം
രണ്ടുപേരും നടക്കുന്നു.ഇരുൾവീണ പാടങ്ങൾ ദൂരെ പന്തലിലെ വെളിച്ചം. പുറാട്ടുപാട്ടിന്റെ അവ്യക്തമായ ശീലുകൾക്കൊപ്പം മുറുകുന്ന ചെണ്ട)

1 2 3 4 5 6 7

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font