Home | Contact Us | Guestbook | Font
|
|
കവിത പൊന്‍മുളകള്‍ പാടുമ്പോള്‍ എം പി. ഷീജ
| 1. വെളുത്ത പൂക്കളൊക്കെയും കൊഴിഞ്ഞ്
പ്രാണത്തുടുപ്പില്‍ പരമാണു.
മറുവഴിതേടും സ്മൃതിത്താള്‍ച്ചുരുള്‍
മുഴുമിക്കാത്തൊരു ചിത്രത്തില്‍
വര്‍ണ്ണങ്ങള്‍ വീഴ്ത്തും നിസ്സര്‍ഗ്ഗസൗഹൃദം.
അഗാധതയുടെ അന്തര്‍ദര്‍ശനം
തിരിച്ചറിയും ജീവിതചൈതന്യം
അപാരതയില്‍ അപൂര്‍ണ്‍നമൊരു
കവിതയായി പിടയുമ്പോള്‍
ഋതുക്കള്‍ തന്‍വ്യത്യസ്തതയില്‍
മാറിവരും കാലത്തിന്നാലാപനത്തില്‍
പുഷ്പാര്‍ച്ചന ചെയ്യും പുലരുന്ന പാതകള്‍.
ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍
കണ്ണുകളിലവ്യക്തവെളിച്ചത്തില്‍
ആറടിമണ്ണില്‍ വിവസ്ത്രമേകാന്തത.
മുന്നിലാകുമ്പോള്‍ നഗ്നപാതയില്‍
ഒരു നനുത്ത്സ്പര്‍ശം
കൈകളെപൊതിയുവാന്‍
ഭയാശങ്കകള്‍ പിന്‍വാങ്ങും
പുതുശീലിന്‍ പരിഭാഷയില്‍
വേരുകള്‍ വേവും നെടുംവൃക്ഷം.
നിശ്ശൂന്യവിനാഴികയില്‍
കനിവിന്‍ വര്‍ണ്ണങ്ങളിറ്റിച്ചുണരും
സൗഗന്ധികങ്ങള്‍.
2.
ചീറിപ്പായും കാറ്റിനെ വകവെയ്ക്കാതെ
നിഴലില്‍പ്പാടില്‍ മങ്ങാത്ത
തണലുള്ള വഴികളില്‍
നഷ്ടമധുരസ്പര്‍ശത്തിന്‍ ഗൃഹാതുരത്വം
സന്ധ്യയിറങ്ങിപ്പോകും
വിശാലാകാശസൗഹൃദങ്ങളില്‍
വാര്‍ദ്ധക്യത്തിന്‍ വിരക്തവര്‍ണ്ണങ്ങളില്‍-
പറന്നിനി അകലെപ്പോകാനാകാത്ത
ചിറകുകള്‍ക്ക് താങ്ങും
ആശ്വാസവാക്കുമായ്
പുകയും മണ്ണിലും പൊന്‍മുളകള്‍ പാടുമ്പോള്‍
പിന്‍തുടരുമിരുട്ടിലും ഊറിച്ചിരിക്കുന്ന
പാരിജാതത്തിന്‍ പുലരിയായ്
വറ്റിവരളും പൊയ്കയില്‍
പ്രവഹിക്കുമനാദിസംഗീതമായ്
വീട്ടിനുള്ളിലേയ്ക്ക് കൈപിടിച്ച്
കടന്നുപോകും, മോഹനപ്രണയം. |
|

|