Home | Contact Us | Guestbook | Font
Jyothiss

കവിത
സ്ത്രീവിഗ്രഹം
Dr. ശ്രീകല കെ വി
ചിലപ്പോള്‍ അങ്ങിനെയാണ്
നിങ്ങളെ ആരെങ്കിലും പ്രതിഷ്ഠിച്ചുകളയും
മുന്‍പില്‍ തിരികൊളുത്തി ഇരുത്തികളയും
നിങ്ങള്‍ ശില്‍പ്പമല്ല ശിലയല്ല
എന്നു ഉറക്കെക്കരഞ്ഞാലും
ആരും കേള്‍ക്കില്ല.

നിങ്ങള്‍ക്കുള്ള ആചാരങ്ങള്‍ വിധിച്ചു
കഴിഞ്ഞിരിക്കും
അഭിഷേകങ്ങളും അര്‍ച്ചനകളും
മണിയൊച്ചകളും
നിങ്ങളെ ഭ്രാന്തിയാക്കും

പക്ഷെ വിഗ്രഹങ്ങള്‍ളൊരിക്കലും
ചലിക്കാറില്ല.. മിണ്ടാറില്ല,
കരയാറില്ല.. പ്രണയിക്കാറില്ല..,
ഒക്കെ അറിയുമ്പോഴേയ്ക്കും
ആ കഴിവുകള്‍ നിങ്ങള്‍ക്കു എന്നേ
നഷ്ടപ്പെട്ടുവെന്നറിയും.

പടിയിറങ്ങാ‍തെ
വിളക്കുകള്‍ക്കും പൂക്കള്‍ക്കും
മദ്ധ്യേ
അവിടെതന്നെ നില്‍ക്കെ
എല്ലാ വാതിലുകളും
പുറം മതിലുകളും
ചുണ്ടു പൂട്ടി കഴിഞ്ഞിരിക്കും.

രാത്രിയാകുമ്പോള്‍
ജന്നാലകള്‍ക്കു വെളിയില്‍
നിശ്ചലതകള്‍ ചലിക്കുന്നതും
ഇരുളുകള്‍ ശാന്തമാകുന്നതും
ദൂരെ തിങ്കള്‍ ഉറ്റുനോക്കി മറയുന്നതും
കാണും.

വിഗ്രഹം മോഷ്ടിക്കപ്പെടണമെന്നും
വേണ്ടന്നും നീ മോഹിക്കില്ല.
അപ്പോഴേക്കും
ഉള്ളീല്‍ നീ മാഞ്ഞു മാഞ്ഞു
പഴയ ഒരു പാറയായി മാറിയിരിക്കും.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font