Home | Contact Us | Guestbook | Font
Jyothiss

കവിത
ത/രക്ഷകന്‍
ആശാലത
പനിപിടിച്ചുകിടന്നപ്പോളാണ്‌
കാണാന്‍വന്നതാണ്‌
പനിക്കുമ്പോള്‍ ദാഹശമനത്തിന്‌ നല്ലതാണെന്നുപറഞ്ഞ്‌
കൊണ്ടുവന്നതാണ്‌

മുറിച്ചുനോക്കിയപ്പോള്‍
ചുകന്നുതുടുത്ത അല്ലികള്‍ക്കിടയില്‍
ചുരുണ്ടുകൂടി പതുങ്ങിയിരിക്കുന്നു
വിധ്വംസകപ്രവര്‍ത്തകനെപ്പോലെ
ഒരു ചെറുപുഴു

അയ്യേ എന്നു പറയുംമുമ്പ്‌
അതു വളര്‍ന്നുപടര്‍ന്ന് ആകാശം മുട്ടും
തക്ഷകനായി

ഒറ്റയേറുകൊടുത്തു
ജനലിലൂടെ താഴേക്ക്‌

പോയിക്കാണുമെന്നാണ്‌ കരുതിയത്‌

എന്നിട്ടും
കേള്‍ക്കുന്നുണ്ടിടയ്ക്കിടെ ചീറ്റല്‍
പതുങ്ങിയിരിപ്പുണ്ടാകണം
കോണിച്ചോട്ടിലോ
മേശവലിപ്പിലോ
വരികള്‍ക്കിടയിലോ ഒക്കെ

വരാറുണ്ട്‌ സ്വപ്നത്തില്‍,
ഫോണ്‍വിളിച്ച്‌ ചെവിയിലൂതി
ഭയപ്പെടുത്താറുണ്ട്‌ ചിലപ്പോള്‍

ഡോക്ടര്‍, എന്റെ പനി ഇനിയും മാറിയിട്ടില്ല.സ്ഥിരം കാണുന്ന ഡോക്ടറോടു ചോദിച്ചപ്പോള്‍ ഫ്രോയ്‌ഡ്‌ എന്നൊരാളെ കാണാന്‍ പറഞ്ഞു.മനോരോഗഡോക്ടറാണത്രെ. അയാളെവിടെയാ, ഉണ്ടോ ചത്തോ എന്നൊക്കെ ആര്‍ക്കറിയാം!

അതുകൊണ്ട്‌,
തല്‍ക്കാലത്തേക്കൊരു രക്ഷ കെട്ടിയിട്ടുണ്ട്‌

ഗീവര്‍ഗ്ഗീസുപുണ്യാളന്‌
ഒരുകൂടുമെഴുകുതിരിയും നേര്‍ന്നിട്ടുണ്ട്‌

എന്നിട്ടും കുറയുന്നില്ല. ഇനി എന്താ ചെയ്യേണ്ടതെന്ന് ഈ പംക്തിയിലൂടെ ഒന്നു പറഞ്ഞുതരണേ ഡോക്ടര്‍!

(വൈകിക്കരുതേ.
വൈകിയാല്‍ അവന്‍ ഈ കത്തും
മുക്കിക്കളയും.
പ്ലീസ്‌, ഡോക്ടര്‍!)

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font