Home | Contact Us | Guestbook | Font
|
|
കവിത വഴിവിളക്കുകള്‍
നൂര്‍ജഹാന്‍ | നിനക്കീ ജീവിതം തിരുത്തുവാനല്ല
നടന്ന പാതകള്‍ നികത്തുവാനല്ല
തുലനം ചെയ്യാത്ത സുഖവും ദുഖവും
ഇരു തട്ടില്‍ തൂക്കി ഗണിക്കുവാനല്ല
കൊഴിഞ്ഞു വീഴുമീ ദിനങ്ങളില്‍ വേവും
കറുത്ത നൊമ്പരം കടിച്ചു തീര്‍ക്കുവാന്‍
ജ്വലിക്കും കാലത്തിന്‍ കൊടികള്‍ പാറുന്ന
രഥവേഗങ്ങള്‍ തന്‍ മണി മുഴങ്ങുന്നു
ബലമായ് ചിമ്മിയ മനസ്സിന്‍ ജാലകം
പുറം ലോകത്തേക്ക് തുറക്കുക വേഗം
അവിടെ സ്വപ്നത്തിന്‍ മഴവില്‍ കൂടുകള്‍
ഇടകലര്‍ന്നതൂ ചിറകുകള്‍ നീര്‍ത്തി
മഴമേഘകൊമ്പില്‍ പറന്നു കേറിയും
പ്രണയപുഷ്പങ്ങള്‍ വിടരാന്‍ വെമ്പുന്ന
മലമടക്കിലായ രഹസ്യമോതിയും
ചിരിക്കിലുക്കത്താല്‍ കലമ്പല്‍ കൂട്ടുന്ന
കഥകള്‍ കൈകോര്‍ത്ത് നടന്നു പോവതും
ഇടയില്‍ വെച്ചിടറി വീഴ്വതും
ഒടുവില്‍ താങ്ങിനായി കറപുരളാത്ത
കരങ്ങളില്‍ ചെന്ന് മനസ്സു ചേര്‍പ്പതും
നിനക്ക് കാണുവാന്‍ വഴിവിളക്കുകള്‍
തുറന്ന കണ്ണുമായ് കിനാവ് നീട്ടുന്നു
|
|

|