Home | Contact Us | Guestbook | Font
Jyothiss

കവിത
സ്നേഹത്തിന്റെ ആള്‍ജിബ്ര
ബിന്ദു കൃഷ്ണന്‍

ഇടംകവിളിലെ  നിന്നുമ്മയിൽ
തുടങ്ങും ദിനം
വലംകവിളിലെ നിന്നുമ്മയിൽ
ഒടുങ്ങിയാൽ
നന്നായേനേ.
നീയിടും ബ്രാക്കറ്റിനുള്ളിൽ
ഞാൻ സ്വസ്ഥ.
സ്ഥിരാംഗം.
 
പക്ഷേ
ഞാനെന്നും
പൊതുഘടകമായ്‌
ബ്രാക്കറ്റിന്‌ വെളിയിൽ.
അകത്തു തിരക്കാണ്‌.

ഞാൻ (കുഞ്ഞുങ്ങൾ+നീ+മാതാപിതാക്കൾ+
സഹപ്രവർത്തകർ+അയൽക്കാർ+...........)

ഹേയ്‌! പരിഭവിക്കാതെ.,
സദാ എന്നൊപ്പമാകാൻ
വളരെയെളുപ്പം.
വരൂ, പുറത്തേയ്ക്ക്‌.
പൊതുഘടകമായ്‌ ഒപ്പം
മുറിഞ്ഞു ചിതറാം
പകൽ മുഴുവൻ.

രാത്രി?

ഓരോ ..... ഉം ചവിട്ടിച്ചവിട്ടി
അനന്തതയിലേയ്ക്ക്‌ നടക്കാം.
ഓരോ ചുവടിലും ഓരോ വസ്ത്രമൂരിയെറിഞ്ഞ്‌
ആത്മാക്കൾ തൊടും വരെ.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font