Home | Contact Us | Guestbook | Font
Jyothiss

ഓർമ്മ
കാഴ്ചയുടെ ഓർമ്മപ്പുസ്തകം
രാധാലക്ഷ്മി പദ്മരാജന്‍
“ അമ്മായീ ഇന്നു വൈകുന്നേരം എന്താ പരിപാടി? പത്മരാജന്റെ ഇളയ പെങ്ങൾ
പത്മപ്രഭയുടെ മൂത്ത മകൻ അനന്ത കൃഷ്ണൻ ചോദിച്ചു.
അവൻ കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി ചില ഓഫീസുകാര്യങ്ങളുമായി സ്ഥലത്തുണ്ട്. അവന് ഇവിടെ വലിയ സുഹൃത്തുക്കളൊന്നുമില്ല. അതുകൊണ്ട് തന്നെ സമയം കിട്ടുമ്പോഴൊക്കെ എന്റെ അടുത്ത് വന്നിരിക്കും.‘ഓ, ഒന്നൂല്യാ മോനെ‘ എന്നു ഞാൻ പറഞ്ഞപ്പോൾ നമുക്കൊന്നു കറങ്ങാൻ പോകാം എന്നായി അവൻ.കഴിഞ്ഞ മാസം മാത്രം വിവാഹിതരായ എന്റെ മകനും ഭാര്യയ്ക്കും രാത്രിയിൽ ഒരു ബന്ധു വീട്ടിൽ പാർട്ടിയുണ്ട്. എന്നെക്കൂടി ക്ഷണിച്ചതാണെങ്കിലും ഞാൻ ആരോഗ്യ പ്രശ്നം പറഞ്ഞ് ഒഴിഞ്ഞതാണ്.അവർ ഏഴു മണിക്കു പോയാൽ ഞാനും ‘ഓമനത്തിങ്കൾ പക്ഷികളും‘ മാത്രമാകും. അതുകൊണ്ടു തന്നെ അവനോടൊപ്പം ചെല്ലാമെന്നു ഞാൻ സമ്മതിച്ചു.

ആറുമണിക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ കാറിൽ അനന്ത കൃഷ്ണനെ കൂടാതെ അവന്റെ അമ്മ പ്രഭയും ഇളയവൻ മുരളി കൃഷ്ണനെന്ന കുഞ്ചനും കൂടെയുണ്ടായിരുന്നു. ആദ്യം എങ്ങോട്ട് എന്നായി ചോദ്യം. വല്ലപ്പോഴുമൊക്കെ വായിക്കാൻ മാത്രം ഉപയോഗിക്കുന്ന പ്രഭയുടെ കണ്ണട പൊട്ടിപ്പോയി. നേരെ ലെൻസ് ആൻഡ് ഫ്രെയിംസിൽ ചെന്ന് ഡോക്ടറെ കണ്ട്  കണ്ണ് കാണിച്ച് കണ്ണടയ്ക്ക് പുതിയ ഫ്രെയിമും വാങ്ങാം. അതു കഴിഞ്ഞിട്ടു മതി മറ്റു പരിപാടികൾ എന്നു തീരുമാനിക്കപ്പെട്ടു.

ലെൻസ് ആൻഡ് ഫ്രെയിംസിൽ ചെന്ന് കണ്ണ് നോക്കുമ്പോൾ എനിക്കു തോന്നി, എന്റെ കണ്ണും കൂടി ഒന്നു പരിശോധിച്ചേക്കാമെന്ന്. ഡോക്ടർ പരിചയക്കാരൻ, പത്മരാജന്റെ ആരാധകൻ മാത്രമല്ല പത്മരാജന്റെ മൂത്ത ചേട്ടൻ ഡോക്ടർ പത്മജന്റെ ശിഷ്യനും. ഞാൻ വല്ലപ്പോഴുമൊക്കെ ഡോക്ടറെ ചെന്നു കാണാറുണ്ട്.

മകൻ കളിയാക്കും ‘അമ്മയ്ക്ക് ഒരസുഖോല്യ , വെറുതെയാണ് ഡോക്ടറെ കാണണത് ‘എന്ന്. കാര്യമായിട്ട് അസുഖമൊന്നുമില്ലെന്നുള്ളത് സത്യം. എങ്കിലും മനസ്സിൽ പേടിയുണ്ട്. അതുകൊണ്ടു തന്നെ പ്രഭ വല്ലപ്പോഴും ചെക്കപ്പിനു പോകുമ്പോഴൊക്കെ ഞാനും കൂടെ ചെന്ന് രക്തവും പ്രഷറുമൊക്കെ നോക്കാറുണ്ട്; മാത്രമല്ല ഇടയ്ക്കിടെ കണ്ണും. കണ്ണു നോക്കുമ്പോൾ ഒരൊറ്റക്കാര്യമേ എനിക്കറിയേണ്ടൂ  ഗ്ലൂക്കോമ ഉണ്ടോ എന്ന്. ഇക്കുറി നോക്കിയപ്പോൾ ഞാൻ മറ്റൊരു കാര്യം കൂടി ഡോക്ടറോട് പറഞ്ഞു. ഇടയ്ക്ക് റസിഡന്റ്സ് അസോസിയേഷനിൽ ഒരു നേത്രരോഗവിദഗ്ധ വന്നു പരിശോധിച്ചപ്പോൾ എന്റെ വലതു കണ്ണിനു തിമിരം തുടങ്ങിയിട്ടുണ്ടോ എന്നൊരു സംശയം പറഞ്ഞു. അതു കൊണ്ട് അക്കാര്യം കൂടി ഒന്നറിയണം. പരിശോധനയിൽ അതു ശരിയാണെന്ന് ഈ ഡോക്ടറും പറഞ്ഞു. അതിനിപ്പോൾ ഒന്നും ചെയ്യാ‍നില്ല. എപ്പഴുമെപ്പഴും ഈ കണ്ണു കാണിക്കുന്നതെന്തിനാണെന്നു മക്കൾ ചോദിക്കാറുണ്ട്. അത് എന്റെ മനസ്സിന്റെ വല്ലാത്ത ഒരു ഭയം ഒഴിവാക്കാനാണ്.

പേടിപ്പെടുത്തുന്ന ഓർമ്മ

ഞാനെപ്പോഴും ചിന്തിക്കുന്ന അല്ലെങ്കിൽ പ്രാർഥിക്കുന്ന ഒരു കാര്യമുണ്ട്, ഭഗവാനേ എനിക്കു ഗ്ലൂക്കോമ മാത്രം വരുത്തരുതേ എന്ന്. വേറെ പല രോഗങ്ങൾക്കും ചികിത്സയുണ്ട്. പിന്നെ മരണത്തിന്റെ കാര്യത്തിൽ എനിക്ക് വല്ലാത്ത ഒരു മോഹവുമുണ്ട്. ഞാൻ പത്മരാജനെക്കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. എപ്പോഴും എന്തെങ്കിലും കളിച്ചുകൊണ്ടിരിക്കുന്നതാ‍ണ് എനിക്കിഷ്ടം എന്ന്. ചെസ്, കാരംസ്, കാർഡ്സ്, ഇപ്പൊൾ ഒരൊറ്റക്കളിയേ ഉള്ളൂ, കാർഡ്സ്. കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മരണം. മക്കളേയൊ അനന്തിരവന്മാരേയോ ബുദ്ധിമുട്ടിയ്ക്കാതെ, കൂട്ടുകാരെയൊക്കെ ഒന്നു ഞെട്ടിച്ചു കൊണ്ട് പെട്ടെന്നൊരു മരണം.
ഞാനെപ്പോഴും പ്രഭയോട് പറയുന്ന ഒരു കാര്യമുണ്ട്, പ്രഭയ്ക്ക് അത്തരമൊരു മരണത്തിനു നല്ല സ്കോപ്പുണ്ട്. എന്നെ സംബന്ധിച്ചാണെങ്കിൽ പാരമ്പര്യമായി കൈയ്ക്കും കാലിനും ശേഷി കുറഞ്ഞ് എണീറ്റു നടക്കാൻ പോലും പറ്റാത്ത വിധത്തിൽ ഒരു സ്ട്രോക്ക്. അല്ലെങ്കിൽ എന്റെ അച്ഛനെപ്പോലെ വർത്തമാനകാലത്തെക്കുറിച്ചുള്ള ഓർമ്മകളെല്ലാം നശിച്ച്, മനസ്സിൽ വരുന്നതൊന്നും നാവിന്റെ തുമ്പിലെത്താതെ ( അൽഷിമേഴ്സ്  തന്നെ ) ചുറ്റുപാടുമുള്ളവരുടേയൊക്കെ പരിഹാസത്തിനു പാത്രമായി,ഭ്രാന്തി എന്ന ലേബലിൽ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് ‘കിളവി പോയതു ഭാഗ്യമായി‘ എന്നു മറ്റുള്ളവരെക്കൊണ്ടു പറയിച്ച് പത്മരാജന്റെ ഓർമ്മ എന്ന ചെറുകഥ ഓർക്കുമല്ലോ (തന്മാത്രയുടെ കഥാതന്തു). ഇതൊക്കെ പിന്നെയും സഹിക്കാം.ക്കൊണ്ടുപറയിച്ച് (പദ്മരാജന്റെ ഓർമ്മ എന്ന ചെറുകഥ ഓർക്കുമല്ലോ- തന്മാത്രയുടെ കഥാതന്തു) ഇതൊക്കെ പിന്നെയും സഹിക്കാം. എന്നേ ഏറേ ഭയപ്പെടുത്തുന്ന മറോറരു മരണമുണ്ട്.  ഞാൻ കണ്ട് അങ്ങേയറ്റം വേദനിച്ച എന്റെ അമ്മയുടെ മരണം.ഗ്ലൂക്കോമ വന്നു രണ്ട് കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ട് രാത്രിയും പകലും തിരിച്ചറിയാതെ, ഒന്നും തന്നത്താൻ ചെയ്യാൻ കഴിയാതെ ഹോംനഴ്സിന്റെ പ്രാക്കും നാട്ടുകാരുടെ സഹതാപവും കേട്ടു അവസാനം മരണത്തിലേക്കു നിരങ്ങി നീങ്ങിയ എന്റെ അമ്മയുടേത്. അമ്മയെപ്പറ്റി ഓർക്കുമ്പോഴെല്ലാം എന്റെ മനസ്സു കുറ്റബോധംകൊണ്ട് കലങ്ങുന്നു.

അമ്മയെ വേണ്ടതുപോലെ നോക്കാനും ശുശ്രൂഷിക്കാനോ എനിക്കു കഴിഞ്ഞില്ലല്ലൊ…

      അഛന്റെ  മരണശേഷം ഒരു വർഷം കഴിഞ്ഞ്  അമ്മയയേയും ചെറിയമ്മയേയും  ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നു. പാലക്കാട് ചിറ്റൂരിലേ തറവാട്ടുവീടും  ലങ്കേശ്വരം ഗ്രാമവും പെരുങ്കുളവും ചീർമ്പക്കാവും ഒന്നും വിട്ട് വരാൻ അമ്മക്കു തീരെ താല്പര്യമുണ്ടായിരുന്നില്ല  എന്നതാണു സത്യം.
ഇവിടെ തിരുവനന്തപുരത്തെ ‘o’ വട്ടത്തിൽ കറങ്ങണമല്ലോ.

      ഇങ്ങോട്ടുവരുന്നതിന് മുമ്പുതന്നെ അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

ആദ്യമൊക്കെ  ചിറ്റൂരുള്ള ഡോക്ടർമാർ  കാറ്ററാക്റ്റ് ആണെന്നും നല്ലതുപോലെ ‘ripe’ ആയിട്ടേ വല്ലതും ചെയ്യാൻ ഒക്കൂ എന്നും പറഞ്ഞുകൊണ്ടിരുന്നു. പിന്നെ പിന്നെ കാഴ്ച ഒട്ടും  ശരിയാകുന്നില്ല്ലെന്നു കണ്ടപ്പോൾ എന്റെ മൂത്ത ചേട്ടൻ വന്ന് മദ്രാസ്സിലേക്ക് അമ്മയെയും ചെറിയമ്മയേയും കൊണ്ടുപോയി.അവിടെ ശങ്കർ  നേത്രാലയത്തിൽ ചികിത്സക്കു  ചെന്നപ്പൊഴണറിയുന്നത് അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന്. മറ്റേ കണ്ണുകൊണ്ടു മാത്രമാണു അമ്മ ലോകം കണ്ടുകൊണ്ടിരുന്നത്. കണ്ണുകളിലെക്കുള്ള ഞരമ്പുകളെല്ലാം പ്രഷർ കൊണ്ടു തളർന്നുവരികയയിരുന്നു.ഇതു ബ്ലഡ്  പ്രഷർ  അല്ല.  കണ്ണിനു മാത്രമുള്ള പ്രഷർ  ആണ്. ആ കണ്ണിനു ഇനി ചികിത്സ നൽകിയിട്ട് കാര്യമില്ല. മറ്റേ കണ്ണിനും തിമിരം ഉണ്ടായിരുന്നു. ഉടനേതന്നെ ആ കണ്ണിനു ലേസർ ചികിത്സ ചെയ്തു തിമിരത്തിന്റെ പാട മാറ്റി. പക്ഷേ, ആ കണ്ണിനും പ്രഷർ  തുടങ്ങിയിരുന്നു. എന്നും ഒഴിക്കൻ തുള്ളിമരുന്നു കൊടുത്തു.

തിരുവനന്തപുരത്ത്  ഡോക്ടർ വിജയലക്ഷി അമ്മാൾ അടക്കമുള്ള പല  ഡോക്ടർമാരുടെ അടുത്തേക്കും അമ്മയെ കൊണ്ടുപോയി. കണ്ണിനു പലപ്പൊഴും വേദന ഉണ്ടായിരുന്നു. പുരികത്തിനു താഴെ കുത്തിവയ്ക്കുമ്പൊൾ അതിവേദനകൊണ്ടു  അമ്മ പിടയുന്നതു കാണൻ കഴിയാതെ ഞാൻ
മാറി നിന്നിട്ടുണ്ട്. അമ്മക്ക് ടീവീ കാണൽ മാത്രമായിരുന്നു തിരുവനന്തപുരത്തെ ഏക വിനോദം.

കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരുന്ന  അമ്മക്കു ബാലചന്ദ്രമേനൊന്റെയും മോഹൻലാലിന്റെയും ശബ്ദം  എത്ര ദൂരെ വെച്ചു കേട്ടാലും  മനസ്സിലാകുമായിരുന്നു. ഇവരുടെ ശബ്ദം കേൽക്കുമ്പോൾ അമ്മയുടെ മുഖത്തു വിടരുന്ന ചിരി വേദനയോടെ ഞാൻ കണ്ടു നിന്നിട്ടുണ്ട്. 

അമ്മയും കാഴ്ചയും

ക്രമേണ സന്ധ്യക്കു  നില വിളക്കു കൊളുത്തി  ദീപം ദീപം എന്നു പറയുമ്പോൾ  ശബ്ദം കേൾക്കുന്ന സ്ഥലത്തേക്കു നോക്കി അമ്മ തൊഴുമായിരുന്നു. വിളക്കു കാണമോ എന്നു  ചോദിക്കുമ്പോൾ വെളിച്ചത്തിന്റെ  ഒരു നിഴൽ കാണാം  എന്ന് അമ്മ പറയും. അപ്പോൾ അമ്മയുടെ കണ്ണായി  കൂടെ തന്നെയുള്ള ചെറിയമ്മ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കും. അമ്മയുടെ ജീവിതത്തിൽ നിന്നും ക്രമേണ വെളിച്ചം ഒഴിഞ്ഞൊഴിഞ്ഞു പോകുകയായിരുന്നു. ഒരു ദിവസം .ഞാൻ ഇന്നും ഓർക്കുന്നു. പദ്മരാജനോടൊപ്പം മോഹൻലാൽ ഇവിടെ വന്നു. അകത്തെ മുറിയിലിരുന്ന ലാലിന്റെ ശബ്ദം അമ്മ കേട്ടു. അമ്മക്കു വലിയ സന്തോഷം. പദ്മരാജൻ ലാലിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടു പോയി. കാഴ്ച്ചയില്ലാത്ത അമ്മ ലാലിനെ എങ്ങനെ കാണാന്‍ ! . അവസാനം ലാല്‍ അടുത്തുചെന്ന് അമ്മയുടെ കൈ പിടിച്ചു.അമ്മ ലാലിന്റെ കൈയും വാച്ചും ഒക്കെ തൊട്ടു നോക്കി ആ മുഖത്തെ സന്തോഷം ഞാന്‍ കണ്ണീരോടെ നിന്നു കണ്ടു.
അമ്മയ്ക്ക് ഇഷ്ടമുള്ള സിനിമാപ്പാട്ട് ഏതാണെന്നു ചോദിച്ചാല്‍‌ പറയും ' കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി' എന്ന്‌
റേഡിയോയിലോ ടി.വി. യിലോ ആ പാട്ടു കേള്‍ക്കുമ്പോള്‍‌ ഞാന്‍ അകത്തെ മുറിയില്‍‌ കേള്‍ക്കത്തക്കവണ്ണം ശബ്ദം കൂട്ടിവെച്ചുകൊടുക്കും
രണ്ടു വര്‍‌ഷക്കാലം അമ്മ ചെറിയമ്മയോടൊപ്പം ഇവിടെ താമസിച്ചു. അവസാനം ചെറിയമ്മയോടു പറഞ്ഞു . നമുക്കു ചിറ്റൂര്‍ക്കു പോകാം.
ചേച്ചിയ്ക്ക് എവിടെ ചെന്നാലും ഇതുപോലൊക്കെത്തന്നെയല്ലേ? 'എന്നായി ചെറിയമ്മ. അല്ല സ്വന്തം വീട്ടില്‍‌ക്കിടംന്നു മരിക്കണം എന്നു അമ്മ. ഇതിനിടെ ഞാനറിയാതെ , തൊട്ടടുത്തുതന്നെ താമസിക്കുന്ന പ്രഭയെ വിളിപ്പിച്ച് അമ്മ ഒരു സ്വകാര്യം പറഞ്ഞു. 'തത്തക്കുട്ടിയെ നന്നായി നോക്കണമെന്നു രാജനോടു പറയണം. ഞാന്‍ മരിച്ചാല്‍‌ അവള്‍ക്കാരുമില്ല.' ചെറിയമ്മ അവിവാഹിതയായിരുന്നു. അമ്മയല്ലാതെ മറ്റാരും തുണയായിട്ടുണ്ടായിരുന്നില്ല. പ്രഭ സമ്മതിച്ചു. 'ഞാന്‍ രാജന്‍ കൊച്ചേട്ടനോടു പറഞ്ഞുകൊള്ളം' അമ്മയ്ക്കു സന്തോഷമായി. പക്ഷേ നാട്ടിലേയ്ക്കു പോകണമെന്ന വാശീമാറിയില്ല .ചെറിയമ്മയ്ക്കാണേങ്കില്‍‌ ഇവിടെനിന്നു പോകാന്‍   തീരെ താല്പര്യവുമില്ല. അവസാനം വഴക്കായി 'നീ ഇവിടെ നിന്നോ ഞാന്‍ പോണു ' എന്നായി അമ്മ .ചെറിയമ്മയില്ലെങ്കില്‍ അമ്മയ്ക്ക് ജീവിതമില്ല .ചെറിയമ്മയായിരുന്നു അമ്മയുടെ കണ്ണ്‌. അവസാനം അമ്മയുടെ വാശി തന്നെ ജയിച്ചു. 1990 ആഗസ്റ്റിനു മുന്‍പായി അമ്മയും ചെറിയമ്മയും നാട്ടിലേയ്ക്കു തിരിച്ചുപോയി.
ഡിസംബറിലാണ്‌ അച്ഛന്റെ ശ്രാദ്ധം. എല്ല ശ്രാദ്ധത്തിനും ഞാനും മൂത്തചേട്ടനും ചേച്ചിയും തിരുനാവായില്‍ച്ചെന്നു ബലിയിടും.അക്കുറിയും ഞങ്ങള്‍- പോയി. പദ്മരാജന്‍ അന്നു ഗന്ധര്‍വ്വന്റെ അവസാനമിനുക്കുപണികളുമായി മദ്രാസിലായിരുന്നു. 1991 ജനുവരി ഒന്നിനു പദ്മരാജന്‍ മദ്രാസില്‍നിന്നും തിരിച്ചെത്തി. ഞങ്ങള്‍ മൂകാംബികയ്ക്ക് പോകാനൊരുങ്ങുമ്പോള്‍- അമ്മയെ വീണ്ടും മരുമകന്‍‌ തിരുവനന്തപുരത്തേയ്ക്ക് ക്ഷണിക്കുന്നതു കേട്ടു. ' രാജന്‍ എന്നോട് തിരുവന്തപുരത്തേയ്ക്ക് വരണം‌ന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നു രണ്ടു മൂന്നു പ്രാവശ്യം ആരോടൊക്കെയോ പറയുന്നതു കേട്ടു. നാട്ടുകാരോടൊല്ലാം തിരുവന്തപുരത്തേയും മരുമകന്റേയും വിശേഷങ്ങള്‍‌പറയുമ്പോള്‍‌ അമ്മയ്ക്കു നൂറുനാവ്‌. എന്തായാലും അത് അവസാനത്തെ ക്ഷണമായിരുന്നു.ചിറ്റൂരില്‍‌നിന്നുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്രയും.പിന്നീട് നാലുകെട്ടില്‍‌വെച്ച് നാണുക്കുട്ടിമാന്റെ (കളപ്പുര എഴുവത്ത് നാണുക്കുട്ടി മേനോന്‍ ‍‌) എഴുതിയ ഭാഗവതം കിളിപ്പാട്ടിന്റെ പാരായണം ആരം‌ഭിച്ചതിന്റെ പിറ്റേന്ന് അമ്മ കേട്ടത് പ്രിയ മരുമകന്റെ അന്ത്യയാത്രയുടെ വാര്‍‌ത്തയായിരുന്നു.
പിന്നീടൊരിക്കലും അമ്മ ഇങ്ങോട്ടുവരികയുണ്ടായില്ല . ഒരു വര്‍‌ഷം കഴിഞ്ഞ് 'ചെറിയമ്മയ്ക്ക് തീരെ വയ്യ,പാലക്കാട് ആശുപത്രിയിലാണ്‌' എന്നു ചേച്ചി വിളിച്ചു പറഞ്ഞപ്പോള്‍‌ വൈധവ്യത്തിന്റെ പുകമറയുമായി ഞാന്‍ നാട്ടിലേയ്ക്കു ചെന്നു. എന്നെ ഈ അവസ്ഥയില്‍ നാട്ടിലാരും പ്രത്യേകിച്ച് അമ്മയും ചെറിയമ്മയും കണ്ടിരുന്നില്ല. പത്തുദിവസം നടക്കാനും ഇരിക്കാനും ഒന്നിനും വയ്യാതായ ‌ ചെറിയമ്മയ്ക്കരികില്‍‌ പാലക്കാട് ആശുപത്രിയില്‍ ഞാനിരുന്നു. ഒന്നു സമാധാനിപ്പിക്കാന്‍‌പോലും രണ്ടുപേര്‍‌ക്കും വാക്കുകളില്ലാതെ.
ഇടയ്ക്കൊരു ദിവസം അമ്മയെ കാണാന്‍ ചിറ്റൂരു ചെന്നപ്പോള്‍‌ അമ്മയുടെ പരിദേവനം' എന്താ എത്തിയ ഉടനെ ഇങ്ങോട്ടു വരാഞ്ഞെ? ' എന്ന്. ഒന്നും പറയാതെ ഞാനിരുന്നു. ആശുപത്രിയില്‍നിന്നും വന്ന   ചെറിയമ്മയും , അമ്മയും    കുളപ്പുര എഴുവത്തെ കിഴക്കേ കെട്ടില്‍  രണ്ടുകട്ടിലുകളിലായി
കിടന്നു - രണ്ടു വര്‍ഷങ്ങള്‍ .അമ്മക്ക് അക്ഷരാര്‍ത്ഥത്തില്‍ ത്തില്‍  രണ്ടു കണ്ണുകളും പൂര്‍ണമായും നഷ്ടപെട്ടത് അപ്പോഴായിരുന്നു - കൈപിടിച്ച് നടത്താന്‍ ആരുമില്ലാതെ .... ...
                              
        ദു:ഖകരമായ  അന്ത്യം

ഞാന്‍  നാട്ടിലുള്ള ഒരു ദിവസം അര്‍ദ്ധ  രാത്രി അമ്മ വിളിച്ചു പറഞ്ഞു; ''തങ്കം .... കിഴക്ക്പുറത്തെ വാതില്‍ കുറ്റിയിട്ടീട്ടില്ല'' എന്ന് . ഞാന്‍ചെന്ന് നോക്കി .കുറ്റിയിട്ടിട്ടുണ്ട് .അമ്മയുടെ  ഓര്‍മയ്ക്ക്  എന്തോ സംഭവിയ്ക്കുന്നത് ഒരു ഞെട്ടലോടെ ഞാന്‍ മനസ്സില്‍ ആക്കി .വാതില്‍ കുറ്റിയിട്ടിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമ്മക്ക് വിശ്വാസമില്ല .അമ്മ പെട്ടന്ന് തനിയെ കിടക്കയില്‍ നിന്നും എഴുന്നേറ്റു . മുറിയുടെ നടപ്പടി കടന്നു നടുമുറ്റത്തിനരികിലൂടെ      തൂണുകളില്‍  തട്ടാതെ അമ്മ കിഴക്കേ വാതിലിനടുത്തേക്ക്‌  നടന്നു .  പത്തെഴുപത്തി യെട്ടു   വര്‍ഷങ്ങള്‍ നടന്നു പഴകിയ ആ വീടിന്‍റെ ഏതു വശത്തും 
 കണ്ണില്ലെങ്കിലും   അമ്മക്ക് നടന്നെത്താന്‍  ഒരു   വിഷമവുമുണ്ടായിരുന്നില്ല .ഞാന്‍ പുറകെ ചെന്നു. അമ്മ വാതിലിലെ  മരസാക്ഷകളിലും മുകളിലെ  തടി കൊണ്ടുള്ള ചീര്‍പ്പിലും തൊട്ടു നോക്കി .വാതിലടച്ചിട്ടുണ്ട്  എന്ന്  മനസിലാക്കി  തിരിച്ചു വന്നു കിടന്നു . മറ്റൊരു ദിവസം ഇത് പോലെ  ആരുടെയും സഹായം   കൂടാതെ തന്നത്താന്‍    എഴുന്നെറ്റു  നടന്നപ്പോഴാണ്    അമ്മയുടെ  കണ്ണില്‍    മച്ചിലകത്തെ  വാതിലിന്‍റെ  ചിത്ര  ഓടാമ്പല്‍ വന്നു തട്ടിയത് .  അമ്മയുടെ വേദന , സ്വയം ശപിച്ചു കൊണ്ട് ഞാന്‍ കണ്ടു നിന്നു.  അമ്മയുടെ  അവസാനം വളരെ ദയനീയം ആയിരുന്നു , രാപകലുകള്‍ അറിയാതെ
  ബോധത്തിന്റെയും  ബോധക്കേടിന്റെയും  ഇടക്ക് , മലമുത്ര  വിസർജ്ജനങ്ങൾക്ക്‌   നിയന്ത്രണം  ഇല്ലാതെ  അമ്മ മൂന്നുമാസം കിടന്നു .രണ്ടു  കട്ടിലുകളിലായി     കിടക്കുന്ന  അമ്മയേയും ചെറിയമ്മയേയും  പരിചരിച്ചു അവശയായ ചേച്ചി എന്നില്‍ വല്ലാത്ത   കുറ്റബോധം ഉണര്‍ത്തി . വകയില്‍ ഒരുചെറിയമ്മടെ മകനായ   ജിജുവിനെയൂം കൂട്ടി കോട്ടയം റെഡ് ക്രോസ്സില്‍ ചെന്നു ഒരു ഹോം നേഴ്സിനെ   ചേച്ചിക്ക് സഹായത്തിനായി  ഞാന്‍  കൊണ്ടുവന്നു     .  പ്രാരബ്ധങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ പെട്ട്  വലയുന്ന എനിക്ക് കുടുതല്‍ നാളുകള്‍ നാട്ടില്‍ താമസിച്ചു  അമ്മയെ ശുശ്രൂഷിക്കാന്‍ പറ്റുമായിരുന്നില്ല .
നാട്ടിലേക്ക് തിരിച്ചു   വന്ന എനിക്ക് ഉറക്കം നഷ്ടപ്പെട്ടു  . ഉറങ്ങാന്‍ കിടന്നാല്‍ അമ്മയും ചെറിയമ്മയും  മനസ്സില്‍ കയറി വരും.  മനസിന്റെ  വിങ്ങല്‍ സഹിക്കവയ്യാതെ  ഞാന്‍ വീടിന്‍റെ പുറകു വശത്തുള്ള  നാഗരുകാവില്‍ ചെന്നു പ്രാര്‍ഥിച്ചു . എന്‍റെ  അമ്മയെ കുടുതല്‍ കഷ്ടപ്പെടുത്താതെ അങ്ങോട്ടെ
ടുക്കണേ എന്ന്. അന്നു  1993 സെപ്റ്റംബര്‍   പതിമൂന്നാം  തീയതി   ശനിയാഴ്ച ആയിരുന്നു , രാത്രി   വീട്ടില്‍  നിന്നും ഫോണ്‍ വന്നു .അമ്മ   പോയി എന്ന വിവരത്തിന്.
ഞാന്‍  കരഞ്ഞില്ല .സത്യം പറഞ്ഞാല്‍ ആശ്വാസം തോന്നി .ഈ നരകത്തില്‍ നിന്നും അമ്മ രക്ഷപെട്ടല്ലോ എന്ന് .
എന്നും അമ്പലത്തിലും  കാവിലും തൊഴുതിട്ടല്ലാതെ  പച്ച വെള്ളം പോലും കുടിക്കുമായിരുന്നില്ല അമ്മ . ഭക്തിക്ക് ഇങ്ങിനയൂം ഒരു ഫലം ഉണ്ടോ ?
ഏതായാലും അമ്മുടെ ആഗ്രഹം ഞാന്‍ സാധിച്ചുകൊടുത്തു .അമ്മയുടെ മരണം കഴിഞ്ഞു  പതിനേഴാം   നാള്‍ ഞാന്‍ ചെറിയമ്മയെ  എന്നോടൊപ്പം തിരുവനതപുരത്തെക്ക് കൊണ്ടുവന്നു. 
.അമ്മയ്ക്ക്  ചെയ്യേണ്ടിരുന്നതെല്ലാം     ചെറിയമ്മയക്ക്    വേണ്ടി ചെയ്തു ഞാനെന്റെ  ഞാനെന്റെ  മനസിനെ തണുപ്പിച്ചു .  ചെറിയമ്മ എന്‍റെ അമ്മ ആയി പത്തു വര്‍ഷം ഇവിടെ കഴിഞ്ഞു - മരണം വരെ .
 ഇപ്പോഴെനിക്ക്‌ ഭയമാണ് . കാലിനു വയ്യെങ്കില്‍  വീലചെയറില്‍  ടി വിയുടെ  മുന്നില്‍ കൊണ്ടിരുത്തതാന്‍  മകളോട് പറയാം,  .ചെറിയമ്മയെ പോലെ  കാഴ്ച ഇല്ലങ്കില്‍  എന്ത് ചെയും ? 
പദ്മരാജന്‍  മരിച്ചെന്നു അറിഞ്ഞപ്പോള്‍  പെട്ടന്ന് എന്‍റെ മനസ്സില്‍  തോന്നിയത് ആ കണ്ണുകള്‍   ആര്‍ക്കെങ്കിലും  ദാനം ചെയ്യണം എന്നായിരുന്നു . ബോധാ ബോധങ്ങളുടെ  ഇടക്ക് കിടന്നു ഞാനത് ആരോടോക്കെയോ പറഞ്ഞു എന്നാണ് എന്‍റെ ഓര്‍മ്മ . അത് നടന്നില്ല  , പക്ഷെ ഇനി ഞാനുണ്ടല്ലോ  എന്‍റെ മകളോടും മരുമകളോടും  ഒരഭ്യര്‍ത്ഥന     മാത്രമേയുള്ളു . ഞാന്‍  മരിച്ചാലും എന്‍റെ   കണ്ണുകള്‍ മരിക്കരുത്‌ .ആ കണ്ണുകള്‍ ഏതെങ്കിലും രണ്ടുപേര്‍ക്ക് കാഴ്ച  നല്കാന്‍ ഉതകണം  .പക്ഷെ അതിനു  ഗ്ലുക്കൊമയോ  മറ്റു അസുഖങ്ങളോ വരാതെ  ഞാന്‍ സൂക്ഷിക്കണമല്ലോ  .അതുകൊണ്ട് ഇടക്കിടക്ക് കണ്ണുഡോക്ടറിനെ  കണ്ടേ  ഒക്കൂ . മരിക്കുന്നത് വരെ മനോഹരമായ ഈ  ഭൂമിയും അതിലെ സൌന്ദര്യം തുളുമ്പുന്ന വസ്തുക്കളും എനിക്ക് കണ്ടേ   ഒക്കൂ .എനിക്ക് ഒരിക്കലും എന്‍റെ അമ്മയെപോലെയകാന്‍ വയ്യ ..............

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font