കലകളുടെ ആത്യന്തികമായ ലക്ഷ്യം രസനിഷ്പത്തിയാണ്. കാലം മാറുന്നതിനനുസരിച്ച് ആസ്വാദകരുടെ ജീവിതരീതികളും രുചിഭേദങ്ങളും ആചാരങ്ങളും ജീവിതത്തെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടുകളും സാമൂഹ്യവവസ്ഥിതിതന്നെയും മാറുന്നു. ഈ മാറ്റം ക്ലാസിക്കല്‍ കലകള്‍ക്ക് ബാധകമല്ല എന്നാണ്. എന്നാലും ഏതെങ്കിലും ഒരു മാറ്റം സംഭവിക്കാത്ത ഒരു ക്ലാസിക്കല്‍ കല പോലും ഇല്ല എന്നത് വിശകലനം ചെയ്താല്‍ അറിയാവുന്നതാണ്.മാറ്റം ഇല്ലാത്തത് ജഡമാണ്. ചൈതന്യമറ്റതാണ്
ക്ലാസിക്കല്‍ കലകളില്‍ ഈ മാറ്റം സംഭവിക്കുന്നത് വളരെ സ്വാഭാവികമായും സാവകാശമായും ആയിട്ടാണ്.കാലത്തിന്റെ കുത്തൊഴുക്കില്‍ യഥാര്‍ത്ഥമൂല്യമുള്ളവ മാത്രം അവശേഷിക്കുന്നു. അങ്ങനെ അവശേഷിക്കുന്നവ തന്നെയും നീരൊഴുക്കിന്റെ നിരന്തരസ്പര്‍ശം കല്ലിനെ വെള്ളാരങ്കല്ലായി മിനുസപ്പെത്തുന്നതു പോലെയുള്ള വ്യതിയാനങ്ങള്‍ക്ക് വിധേയമാകും.
കേരളത്തിന്റെ തനതുകലാരൂപമായ മോഹിനിയാട്ടം കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഒരുപാറ്റു മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്.പഴമക്കാര്‍ ഈ കലാരൂപത്തെ പഴയ മോഹിനിയാട്ടത്തിന്തെ പ്രേതം എന്നു വിശേഷിപ്പിക്കുമ്പോള്‍ അല്ല ഇതു പുനര്‍ജ്ജന്മം എന്നു പുതിയ തലമുറ തിരുത്തുന്നു. ഇങ്ങനെ ആയിരുന്നില്ല എന്നല്ലാതെ എങ്ങനെയായിരുന്നു എന്ന് പറഞ്ഞുതരാന്‍ ആര്‍ക്കും സാധിക്കാത്ത സ്ഥിതിക്ക് ആ വിമര്‍ശനം നമുക്ക് മാറ്റിവെക്കാം.
സ്വാഭാവികമായി വരുന്ന മാറ്റങ്ങള്‍ ഒരിക്കലും രൂപഘടനയേയോ ശില്‍പഘടനയേയോ ബാധിക്കുന്നതല്ല. ഘടനാപരമായ വ്യതിയാനങ്ങള്‍ വരുന്നത് വൈകല്യങ്ങള്‍ തിരിച്ചറിയപ്പെടുമ്പോള്‍ മാത്രമാണ്.ആ വൈകല്യത്തെ നിഷ്കാസനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ്.
ഘടനാപരമായ ഒരഴിച്ചുപണി ആവശ്യപ്പെടുന്ന ഒന്നാണ് മോഹിനിയാട്ടം പദവര്‍ണ്ണം.
നര്‍ത്തകിയുടെ എല്ലാ കഴിവുകളും അഭിനയശേഷിയും അടവുകള്‍ ചെയ്യുന്നതിലെ വൃത്തിയും ഭംഗിയും താളജ്ഞാനവും മനോധര്‍മ്മവും അവതരിപ്പിക്കുവാനുള്ള കഴിവും എല്ലാം പ്രകടിപ്പിക്കുവാന്‍ സാധ്യതയുള്ള ഇനമാണ് പദവര്‍ണ്ണം. നര്‍ത്തകിയും കഥാപാത്രവും മാറിമാറിവരുന്ന സന്ദര്‍ഭങ്ങളാണ് ഇതിനുള്ള അടിത്തറ.സാങ്കേതികത്തികവാവശ്യപ്പെടുന്ന ഒരിനമാണിത്. ഇപ്പോഴത്തെ ഘടന
പല്ലവി പാടി രംഗത്തു വരുന്ന നര്‍ത്തകി അതെ വരികളാവര്‍ത്തിക്കെ താളക്കണക്കുകള്‍ ശുദ്ധനൃത്തമായി രംഗത്തവതരിപ്പിക്കുന്നു. പിന്നീട് പല്ലവിയിലെ സാഹിത്യത്തിന്റെ അര്‍ത്ഥം അഭിനയിക്കുന്നു. അനുപല്ലവിയിലും ഇതുപോലെ സാഹിത്യം പാടിക്കൊണ്ടിരിക്കേ, ശുദ്ധനൃത്തം ചെയ്യുന്നു. അതിനു ശേഷം അതെ പശ്ചാത്തല സംഗീതത്തില്‍ സാഹിത്യാഭിനയം ചെയ്യുന്നു. പിന്നീട് ചിട്ടസ്വരം ശുദ്ധനൃത്തമായി ചെയ്യുന്നു. തുടര്‍ന്ന് ചിട്ടസ്വരസാഹിത്യം അഭിനയിക്കുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ ചരണം പാടി അഭിനയിക്കുന്നു. പിന്നാലെ വരുന്ന സ്വരങ്ങള്‍( എത്തുക്കടെ സ്വരങ്ങള്‍ എന്നു ഭരതനാട്യത്തില്‍ അറിയപ്പെടുന്നു) നാലോ അഞ്ചോ സ്വരസഞ്ചയങ്ങളാണ് .അതിനനുസരിച്ചു ചിട്ടപ്പെടുത്തിയ സ്വരസാഹിത്യവും ഉണ്ടാവും. സ്വരത്തിനനുസരിച്ച് നൃത്തം ചെയ്തുകഴിഞ്ഞാല്‍ സ്വരസാഹിത്യം അഭിനയിക്കുന്നു. അവസാനത്തെ സ്വരത്തിനു സാഹിത്യാഭിനയം നിര്‍ബന്ധമില്ല.
വിയോജിപ്പ്:
പശ്ചാത്തലത്തിലെ സാഹിത്യത്തിനോ പാട്ടിനോ അത് വിളംബരം ചെയ്യുന്ന ഭാവത്തിനോ യാതൊരു പ്രസക്തിയും ഇല്ലാത്തവിധം താളക്കണക്കുകള്‍ ചവിട്ടിത്തീര്‍ക്കുകയാണ്.
സാഹിത്യത്തിന്റെ അകമ്പടിയില്‍ നര്‍ത്തകി ആ കഥാപാത്രമാണ്. കഥാപാത്രമോ കഥാസന്ദര്‍ഭമോ ആവശ്യപ്പെടുന്നെങ്കില്‍ മാത്രമേ അവിടെ ശുദ്ധനൃത്തതിനു സാദ്ധ്യതയുള്ളു. രസപോഷണം സംഭവിക്കുകയുള്ളൂ.
പാരമ്പര്യത്തെ മറികടക്കുമ്പോള്‍ വളരെ ശ്രദ്ധ ആവശ്യമാണ്. ആസ്വാദനത്തെ, രസപോഷണത്തെ രസസ്ഫൂര്‍ത്തിയെ ഗുണകരമായി പിന്താങ്ങുന്നെങ്കില്‍ മാത്രമെ പരമ്പരയാ ആര്‍ജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങളേയും ശീലങ്ങളേയും മാറ്റാന്‍ ശ്രമിക്കാവൂ.
കഥകളിയെ സൃഷ്ടാത്മകമായ പല മാറ്റങ്ങള്‍ക്കും വിധേയമാക്കി ഇന്നത്തെ രൂപത്തിലാക്കിയെടുക്കുന്നതില്‍- പ്രധാന പങ്കു വഹിച്ച ആശാനായ ഗുരു വാഴേങ്കട കുഞ്ചുനായര്‍ നിലവിലുള്ള സമ്പ്രദായത്തില്‍ നിന്നുള്ള മാറ്റം അനിവാര്യമാണോ എന്നു തീര്‍ച്ചപ്പെടുത്തുവാന്‍ ശാസ്ത്രീയമായ അടിസ്ഥനമുണ്ടോ യുക്ത്യധിഷ്ഠിതമാണോ? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടണമെന്നു അഭിപ്രായപ്പെടുന്നു. ഈ ആധാരശിലയുടെ വെളിച്ചത്തില്‍ ഇതൊന്നു വിശകലനം ചെയ്യാം.
കലാമണ്ഡലത്തിന്റെ കാലം മുതല്‍ക്കേ ഇന്നത്തെ മോഹിനിയാട്ടത്തിന്റെ പ്രായം കണക്കാക്കാവൂ. ൧൯൩൨ മുതല്‍ക്കുള്ള പാരമ്പര്യത്തില്‍- നിന്നും വ്യതിചലിക്കുന്നതിനു മുന്‍പ് നിലവിലുള്ള ഘടന ശാസ്ത്രീയമാണോ എന്നു നോക്കാം.
ശാസ്ത്രീയത ഇവിടെ അന്യം നില്‍ക്കുന്നു പദവര്‍ണ്ണങ്ങളില്‍ സാധാരണയായി അവതരിപ്പിക്കപ്പെടുന്നത് അഷ്ടനായികമാര്‍- എന്നറിയപ്പെടുന്ന ശൃംഗാരനായികമാരാണ്. ഈശ്വരസ്തുതികളും പദവര്‍ണ്ണരൂപത്തില്‍ കണ്ടിട്ടുണ്ട്. വിരഹോല്‍ക്കണ്ഠിത തുടങ്ങിയ വിരഹ ദു:ഖം അനുഭവിക്കുന്ന നായികാഭാവങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് ഈ കോട്ടം പ്രധാനമായും ശ്രദ്ധയില്‍ വരുന്നത്
ഭാരതീയ ശാസ്ത്രീയകലകള്‍ക്കെല്ലാം പ്രമാണം ഭരതമുനിയുടെ നാട്യശാസ്ത്രമാണ്. ഇതില്‍ നാലാമദ്ധ്യായം 316 മുതല്‍ 318 വരെയുള്ള ശ്ലോകങ്ങള്‍- നൃത്തം നിഷേധിക്കുന്ന സന്ദര്‍ഭങ്ങളെക്കുറിച്ചു പറയുന്നു.താണ്ഡവലക്ഷണം എന്ന ഈ അദ്ധ്യായം ശുദ്ധ നൃത്തത്തെക്കുറിച്ചു പ്രതിപാദിക്കുന്നതാണ്. ഇതില്‍ വിരഹോത്കണ്ഠിത, വിപ്രലബ്ധ,വാസകസജ്ജ, പ്രോഷിതഭര്‍തൃക, ഖണ്ഡിതം കലഹാന്തരിത എന്നീ നായികാഭാവങ്ങള്‍ക്കും ഇവരെ ആധാരമാക്കി രചിച്ച കാവ്യാംശത്തിലും ,അവരുടെ സവിധത്തിലും നൃത്തം യോജിപ്പിക്കരുത് എന്നു നിഷ്കര്‍ഷിക്കുന്നു.
അതായത് ഈ കഥാപാത്രങ്ങളായിരിക്കുന്ന അവസ്ഥയില്‍ നൃത്തം യോജിപ്പിക്കുന്നത് അശാസ്ത്രീയമാണ്. നാദത്തിന്റെ വ്യാഖ്യാനമാണ് നടനം. ദൃശ്യശ്രാവ്യ ചേരുവകളുടെ മനോഹരമായ ഇഴപാകലിലൂടെ ഒരുക്കപ്പെടുന്ന പശ്ചാത്തലം അമൂര്‍ത്തമായ ഒരു സങ്കല്പം സമൂര്‍ത്തമാക്കുന്നതില്‍ വലിയൊരു പങ്കു വഹിക്കുന്നുണ്ട് .ചതുര്‍വിധാഭിനയങ്ങളുടെ നാലതിരുകളില്‍ ഒതുങ്ങി നടനം ചെയ്യുമ്പോള്‍ ആ നാട്യം ശാസ്ത്രീയമാവുന്നു.
യഥാര്‍ത്ഥത്തില്‍ വര്‍ണ്ണത്തിന്റെ വെല്ലുവിളി നര്‍ത്തകി- കഥാപാത്രം എന്ന ദ്വന്ദന്ഭാവങ്ങളൂടെ ഒന്നിടവിട്ടുള്ള ആവിഷ്കാരത്തിലെ വിജയമാണ്. ശുദ്ധനൃത്തം ചെയ്യുമ്പോള്‍ നര്‍ത്തകിയും മുദ്രകളിലൂടെയും ഭാവങ്ങളിലൂടേയും സാത്വികാഭിനയത്തിലൂടെയും ശരീരഭാഷയിലൂടെയും കാവ്യാംശം അര്‍ത്ഥവത്താക്കുമ്പോള്‍ കഥാപാത്രവും എന്നതാണ്. ഈ ദ്വന്ദ്വഭാവം വേര്‍തിരിച്ച് കാണിക്കുന്നതില്‍ നിലവിലുള്ള സമ്പ്രദായം പരാജയപ്പെടുന്നു
പശ്ചാത്തല സംഗീത സാഹിത്യാദികള്‍ ദ്യോതിപ്പിക്കുന്ന ഭാവവുമായി യാതൊരു ബന്ധവുമില്ലാത്ത ഭാവത്തോടെ നര്‍ത്തകി തന്റെ ആംഗികാഭിനയ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുമ്പോള്‍ രസവിഘ്നം വരുന്നുണ്ട്
അടുത്തതായി നിലവിലുള്ള ഘടന അശാസ്ത്രീയമെങ്കിലും യുക്ത്യാധിഷ്ഠിതമാണോ എന്നു പരിശോധിക്കാം. ഒറ്റനോട്ടത്തില്‍ ത്തന്നെ യുക്തിക്കു നിരക്കുന്നില്ല എന്ന് നിസ്സംശയം പറയാം. ശബ്ദവും ചലനവും തമ്മിലുള്ള അഭേദ്യമായ ബന്ധം പാടെ വിസ്മരിച്ചിരിക്കുന്നു. പിന്നണീയിലെ സാഹിത്യാലാപനവും ചെയ്യുന്ന ശുദ്ധ നൃത്തവും നര്‍ത്തകീഭാവത്തേയോ കഥാപാത്രത്തേയോ സമരസപ്പെടുത്തുന്നില്ല. ശോകാത്മകമായ ഒരു കഥാസന്ദര്‍ഭം പശ്ചാത്തലസംഗീതവും പിന്നണിഗായകനും ചെര്‍ന്നൊരുക്കുമ്പോള്‍ നര്‍ത്തകി തന്റെ നൃത്തപാടവം മോഹിപ്പിക്കും വിധം മന്ദഹസിച്ച് ലാസ്യമധുരമായി ചെയ്യുന്നത് അരോചകം തന്നെയാണ് അശാസ്ത്രീയമാണെങ്കിലും യുക്തിക്ക് നിരക്കാത്തതായാലും ആസ്വാദനക്ഷമത വര്‍ദ്ധിപ്പിക്കാനുതകുമെങ്കില്‍ മാറ്റം സൗന്ദര്യാത്മകതയെ വിപരീതമായി ബാധിക്കുമെങ്കില്‍ നിലവിലുള്ള ഘടന തീര്‍ച്ചയായും പിന്തുടരേണ്ടതാണ്
എന്നാല്‍ ആസ്വാദനത്തേയും ഈ നിലപാട് സഹായിക്കുന്നില്ല എന്നതാണ് സത്യം
ഭാവാത്മകമഅയ സംഗീതത്തിന്റെ പിന്തുണയില്‍ വിരഹദു:ഖം അനുഭവിക്കുന്ന നായികയെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കെ പൊടുന്നേയുള്ള നര്‍ത്തകിയുടെ മാത്രം നര്‍ത്തകീഭാവം പ്രേക്ഷകമനസ്സിലെ രസച്ചരടു മുറിക്കുന്നു
പാശ്ചാത്തലസംഗീതവും ശുദ്ധനൃത്തവും ഇഴചേര്‍ക്കുന്നതില്‍ രസഭംഗം അനുഭവപ്പെടുന്നു
കഥാപാത്രത്തിന്റെ സ്ഥായീഭാവം
ചോര്‍ന്നുപോവാതെ കലാംശം എടുക്കുന്ന കഥകളിയുടെ നൈരന്തര്യം കാത്തുസൂക്ഷിക്കുന്ന ആ പാരമ്പര്യം മാതൃകയാക്കാവുന്നതാണ്‌എറ്റവും സങ്കേതജഡിലമായ കഥകളിപോലും കഥാപാത്രത്തിന്റെ സ്ഥായീഭാവം നശിപ്പിക്കുന്ന രസച്ചരടു മുറിക്കുന്ന ഒരു സാങ്കേതികയതയ്ക്കും മുതിരുന്നില്ല.
ഈ കോട്ടം തീര്‍ക്കാന്‍ ശുദ്ധനൃത്തം ചെയ്യേണ്ടതായ സന്ദര്‍ഭത്തില്‍ നര്‍ത്തകി ഭാവത്തെ പിന്തുണക്കുന്ന ചൊല്‍ക്കെട്ടുകള്‍ രാഗത്തിലാലപിച്ചോ രാഗവിസ്താരത്തിലൂടെയോ ഉപകരണസംഗീതത്തിന്റെ അകമ്പടിയിലൂടെയോ പശ്ചാത്തലമൊരുക്കിയാല്‍ മതി . അവിടെ സാഹിത്യം ഒഴിവാക്കണം എന്നു മാത്രം. സാഹിത്യം പാടുമ്പോള്‍ കഥപാത്രമാണ്` രംഗത്ത് എന്ന സാമാന്യബോധം മാറ്റിവെച്ച് ഇത് ക്ലാസിക്കല്‍ നൃത്തമാണ് -ഇതിങ്ങനെയാണ് -ഇതു പഠിച്ച് ആസ്വദിക്കേണ്ടതാണ്` എന്നു പറയുന്നവരുമുണ്ട്. സാങ്കേതികആസ്വാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ളതാവണം മറ്റു സാങ്കേതികതയ്ക്കായുള്ള സാങ്കേതികത രസാഘാതം ഉണ്ടാക്കുന്നു
അതൊഴിവാക്കേണ്ടതാണ്
കവിയുടെ ഭാവനാലോകമാണ് കാവ്യം. കാവ്യത്തിലെ വരികളുടെ അര്‍ത്ഥം പ്രകാശിപ്പിച്ചുകൊണ്ട് ആ സങ്കല്പലോകത്തെയ്ക്ക് നര്‍ത്തകി തന്റെ അംഗചലനങ്ങലിലൂടെയും രസഭാവങ്ങളിലൂടേയും അനുവാചക ഹൃദയങ്ങളെ നയിക്കുന്നു രസാനുഭൂതി എന്ന നാട്യസിദ്ധിയിലേയ്ക്ക് പ്രേക്ഷകര്‍ ഉയര്‍-ത്തപ്പെടുന്നു.ഇതാണ് നാട്യധര്‍മ്മം.
ഈ നാട്യധര്‍മ്മത്തിന് വിഘ്നം വന്നുകൂടാ രസാനുഭൂതിയ്ക്ക് വിഘാതം വരാതെ ശ്രദ്ധിക്കേണ്ടത് എതൊരു കലാകാരന്റേയും കര്‍ത്തവ്യമാണ്
|