Home | Contact Us | Guestbook | Font
Jyothiss

ലേഖനം
വിമോചനത്തിനായുള്ള പോരാട്ടം
ഡോ.പി എസ് ശ്രീകല
ജനാധിപത്യത്തെയും പുരോഗമനത്തേയും പരസ്യമായി വാഴ്ത്തുകയും എകാധിപത്യത്തേയും യാഥാസ്ഥിതികത്വത്തെയും സ്വകാര്യതയിൽ ആശ്ലേഷിക്കുകയും ചെയ്യുന്ന കേരളത്തിന്റെ പൊതുബോധത്തിന്‌ ഉൾക്കൊള്ളാനാവാത്ത ആശയമാണ്‌ സ്ത്രീവിമോചനം. ആധു
നികകാലത്ത്‌ സത്രീകൾ സ്വത​ന്ത്രരാണെന്നും അതുകൊണ്ട് സ്ത്രീവിമോചനമെന്ന  ആശയം അപ്രസക്തമാണെന്നുമുള്ള വാദം ഈ പൊതുബോധത്തിന്റെ സൃഷ്ടിയാണ്‌. മതതീവ്രവാദമുള്‍‌പ്പടെയുള്ള ഭീകരത സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വിലങ്ങു തീര്‍ക്കുമ്പോള്‍ സ്വസ്ഥമായിരിക്കാന്‍ ഒരു സമൂഹത്തിനു കഴിയുന്നതും ഈ പൊതുബോധത്തിന്റെ പരിസരത്ത് ചുറ്റിത്തിരിയുന്നതുകൊണ്ടാണ്‌.
ഒരു നൂറ്റാണ്ടുമുമ്പാണ്‌ ‌(1908) വോട്ടവകാശത്തിനും വേതനതുല്യതയ്ക്കും  വേണ്ടി അമേരിക്കയില്‍- സ്ത്രീകള്‍‌ സംഘടിച്ചത് . വോട്ടവകാശം യാഥാര്‍ത്ഥ്യമാകാന്‍‌ അവര്‍‌ക്ക് പിന്നെയും വര്‍‌ഷങ്ങളോളം (1920)സമരം ചെയ്യേണ്ടി വന്നു. ഇന്ത്യയുള്‍‌പ്പടെയുള്ള രാജ്യങ്ങളില്‍‌ വേതനതുല്യത നൂറുവര്‍‌ഷത്തിനിപ്പുറവും യാഥാര്‍ഥ്യമായിട്ടില്ല .മാത്രമല്ല ആഗോളതലത്തില്‍‌ വര്‍ദ്ധിച്ചുവരുന്ന വ്യത്യസ്ത അസമത്വങ്ങളില്‍‌ എറ്റവും പ്രബലം സ്ത്രീ-പുരുഷ അസമത്വമാണെന്ന്‌ റിപ്പോര്‍‌ട്ടുകള്‍- വ്യക്തമാക്കുന്നു. മമനുഷ്യരാകെ കൈവശം വെച്ചിരിക്കുന്ന സ്വത്തില്‍ ഒരു ശതമാനം മാത്രമാണ്‌ സ്ത്രീകള്‍ക്ക് അവകാശപ്പെട്ടത് എന്നത് ഈ അസമത്വത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു . അപ്പോഴും നമ്മുടെ സാമാന്യബോധത്തിന്‌ ഫെമിനിസം സ്വീകാര്യമാവുന്നില്ല.
ഫെമിനിസത്തിനെതിരായ ഒന്നാമത്തെ ആരോപണം അത് പുരുഷവിദ്വേഷത്തിലധിഷ്ഠിതമാണ്‌ എന്നതാണ്‌. പാശ്ചാത്യനാടുകളില്‍‌ ഉടലെടുത്ത ഫെമിനിസം ചില സന്ദര്‍ഭങ്ങളില്‍ പുരുഷവിദ്വേഷത്തിന്റെ മേലങ്കി അണിഞ്ഞതു കൊണ്ടാവാം ഈ ആരോപണം ശക്തമായത് .എന്നാല്‍‌ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളത്തില്‍  സജീവമായി രംഗത്തുള്ള സ്ത്രീവിമോചനസംഘടനകള്‍‌ പുരുഷവിദ്വേഷത്തിന്റെ ആശയം പ്രചരിപ്പിച്ചിട്ടില്ല. ചെറുതും വലുതുമായ ഈ സംഘടനകളില്‍ പലതും ഒറ്റപ്പെട്ടതും വൈയക്തികവുമായ വിഷയങ്ങളാണ്‌ ഏറ്റെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍  നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി വിലയിരുത്താനോ , അതിന്റെ സാമൂഹിക -രാഷ്ട്രീയ- സാംസ്കാരിക പശ്ചാത്തലം അപഗ്രഥിക്കാനോ അതിന്റെ അടിസ്ഥാനത്തില്‍‌ പരിഹാരം കണ്ടെത്താനോ പല സ്ത്രീവിമോചനസംഘടനകള്‍‌ക്കും കഴിയുന്നില്ല. അതേസമയം അവയുടെ മുദ്രാവാക്യങ്ങളില്‍‌പുരുഷവിരോധം പ്രതിഫലിക്കുന്നില്ല എന്നിട്ടും ഈ ആരോപണം പ്രബലമായതെങ്ങനെ എന്ന അന്വേഷണം ചെന്നെത്തുന്നത് സമൂഹത്തിന്റെ സാമാന്യബോധം നിര്‍‌ണ്ണയിക്കുന്നത്  പുരുഷാധിപത്യമൂല്യങ്ങളാണ്‌ എന്ന വസ്തുതയിലാണ്‌
'ചരിത്രത്തിലെ ആദ്യത്തെ വര്‍‌ഗ്ഗവൈരുദ്ധ്യം ഏകദാമ്പത്യത്തില്‍‌ സ്ത്രീയും പുരുഷനുമായുണ്ടാവുന്ന വൈരുദ്ധ്യവുമായും വര്‍ഗ്ഗപരമായ ആദ്യത്തെ മര്‍ദ്ദനം സ്ത്രീയുടെ മേല്‍‌ പുരുഷന്‍ നടത്തുന്ന മര്‍ദ്ദനവുമായും ഒത്തുപോകുന്നതാണ്‌. എകദാമ്പത്യമെന്നത് ചരിത്രപരമായി മുന്നോട്ടുള്ള മഹത്തായ ഒരു ചുവടുവെപ്പായിരുന്നു എന്നത്  ശരിതന്നെയാണ്‌. അതേസമയം അടിമത്തത്തിനും സ്വകാര്യസ്വത്തിനും അതോടൊപ്പം ഇന്നും അവസാനിച്ചിട്ടില്ലാത്ത പുതിയൊരു യുഗത്തിനും അതു ജന്മം നല്‍കി '(ഏംഗല്‍‌സ്). ഏകദാമ്പത്യത്തിന്റേതായ കുടുംബസം‌വിധാനത്തില്‍‌ ആധിപത്യം  പുരുഷനാണ്‌.  അവിടെ ജനാധിപത്യത്തിനേയും തുല്യതയുടേയുമായ ആശയങ്ങള്‍‌ക്ക് നൂറ്റാണ്ടുകള്‍‌ക്കിപ്പുറവും ഇടമില്ല
അതുകൊണ്ട് കുടുംബം അനുരഞ്ജനത്തിനേയോ പൊരുത്തപ്പെടലിന്റേയോ കൃത്രിമമായ സങ്കേതമായി തുടരുകയാണ്‌. ഏംഗല്‍‌സ് എഴുതി 'കുടുംബത്തില്‍‌ പുരുഷന്റെ ഭരണം അവന്റേതെന്നു മാത്രം പറയാവുന്നതും അവന്റെ സ്വത്തിന്‌ അവകാശികളായിത്തീരേണ്ടതുമായ സന്താനങ്ങളുടെ പ്രജനനം എന്നീ രണ്ടു കാര്യങ്ങള്‍‌ മാത്രമാണ്‌ എകദാമ്പത്യത്തിന്റെ ലക്ഷ്യം. ഇത്രയും കഴിഞ്ഞാല്‍‌ ഒരു ഭാരം മാത്രമായിരുന്നു അത്.. ദൈവങ്ങളോടും പൂര്‍‌വ്വികരോടുമുള്ള നിറവേറ്റാതിരിക്കാന്‍‌ തരമില്ലാത്തോരു കടമ മാത്രമായിരുന്നു അത്. -(കുടുംബം, സ്വകാര്യസ്വത്ത് ,ഭരണകൂടം എന്നിവയുടെ ഉല്‍‌ഭവം) .അതുകൊണ്ട് കുടുംബം അനുരഞ്ജനത്തിനേയോ പൊരുത്തപ്പെടലിന്റേയോ കൃത്രിമമായ സങ്കേതമായി തുടരുകയാണ്‌. ഏംഗല്‍‌സ് എഴുതി 'കുടുംബത്തില്‍‌ പുരുഷന്റെ ഭരണം അവന്റേതെന്നു മാത്രം പറയാവുന്നതും അവന്റെ സ്വത്തിന്‌ അവകാശികളായിത്തീരേണ്ടതുമായ സന്താനങ്ങളുടെ പ്രജനനം എന്നീ രണ്ടു കാര്യങ്ങള്‍‌ മാത്രമാണ്‌ എകദാമ്പത്യത്തിന്റെ ലക്ഷ്യം. ഇത്രയും കഴിഞ്ഞാല്‍‌ ഒരു ഭാരം മാത്രമായിരുന്നു അത്.. ദൈവങ്ങളോടും പൂര്‍‌വ്വികരോടുമുള്ള നിറവേറ്റാതിരിക്കാന്‍‌ തരമില്ലാത്തോരു കടമ മാത്രമായിരുന്നു അത്. -(കുടുംബം, സ്വകാര്യസ്വത്ത് ,ഭരണകൂടം എന്നിവയുടെ ഉല്‍‌ഭവം)
"നിയമം നിറവേറ്റലെത്രയീ ദാമ്പത്യത്തില്‍‌
നയമെത്രയാണഭിനയമെത്രയാണിന്നും'
എന്നു വൈലോപ്പിള്ളി എഴുതുമ്പോള്‍‌ കൃത്രിമമായ കടമനിര്‍വഹണം മാത്രമായി കുടുംബത്തിനുള്ളിലെ സ്ത്രീപുരുഷബന്ധം തുടരുന്നുവെന്നുതന്നെയാണ്‌ അര്‍ത്ഥമാക്കുന്നത്. ആ ബന്ധത്തെ നിലനിര്‍‌ത്തേണ്ടത് സ്ത്രീയുടെ കര്‍ത്തവ്യമാണെന്നുംകൂടി വരുമ്പോള്‍ കുടുംബത്തിലെ പുരുഷാ(എകാ)ധിപത്യം വിജയിക്കുകയാണ്‌. അതിലൂടെ ചരിത്രാതീതകാലത്ത് സമൂഹത്തില്‍ സ്ത്രീയ്ക്കുണ്ടായിരുന്ന ഉന്നതമായ പദവിയുടേയും അദ്ധ്വാനത്തിനു ലഭിച്ചിരുന്ന അംഗീകാരത്തിന്റെയും പരിസമാപ്തി കുറിച്ചുകൊണ്ട് സ്വകാര്യസ്വത്തുമായി ബന്ധപ്പെട്ട്‌ രൂപം കൊണ്ട ഏകദാമ്പത്യകുടുംബം പുരുഷന്‌ സ്ത്രീയുടെ മേല്‍‌ ആധിപത്യം സ്ഥപിക്കാനുള്ള അടിസ്ഥാനയൂണിറ്റായി തുടരുകയാണ്‌. കുടുംബത്തിന്റെ കെട്ടുറപ്പ് നിലനിര്‍‌ത്തുക (?) എന്ന 'പവിത്ര'മായ കര്‍ത്തവ്യം സ്ത്രീയുടെ മേല്‍‌ അടിച്ചേല്‍‌പ്പിക്കപ്പെടുകയും അവളുടെ ഇടം കുടുംബമായി മാറുകയും ചെയ്യുമ്പോള്‍‌ ,പൊതുഇടങ്ങള്‍‌ അന്യമാവുകയും കുടുംബത്തിലെ രണ്ടാം സ്ഥാനം സമൂഹവും അനുവര്‍‌ത്തിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും വ്യക്തി എന്ന നിലയിലുള്ള വികാസത്തിനും തടസ്സമാവുന്നു എന്ന തിരിച്ചറിവ്‌ പ്രകടിപ്പിക്കുമ്പോള്‍‌ അതിനെ പുരുഷവിരോധമായി കണക്കാക്കുന്നത് കണ്ണടച്ച് ഇരുട്ടു സൃഷ്ടിക്കലാണ്‌.
'സമയം അര്‍ദ്ധരാത്രിയോടടുക്കാറായി. ഞാന്‍‌ എഴുത്തുമുറിയില്‍‌ തനിയെ ഇരിക്കയായിരുന്നു.അതുവരെയുണ്ടായിരുന്ന അതിയായ ജോലിത്തിരക്കുമൂലം അവശമായ മന:കായങ്ങളെ ആശ്ലേഷിക്കാന്‍‌ അലിവുറ്റ നിദ്രാദേവി അരികില്‍‌ത്തന്നെ  നില്‍‌പ്പുണ്ടായിരുന്നു.എന്നാലും കഥയെഴുതാനെടുത്ത കടലാസും പേനയും താഴെയിട്ടാല്‍‌ നാളെ ഈ സമയത്തു മാത്രമെ ഇനിയത് തൊടാന്‍‌ സാധിക്കയുള്ളൂ. അപ്പോഴും അതേ അവശതകള്‍ തന്നെയല്ലെ ഉണ്ടായിരിക്കുക'(പ്രതികാര ദേവത -ലളിതാംബിക അന്തര്‍ജ്ജനം)  .കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍‌ക്കപ്പുറം മറ്റൊന്നിലേക്ക് വ്യാപരിക്കാനാഗ്രഹിക്കുന്ന ഏതൊരു സ്ത്രീയുടേയും അവസ്ഥയാണിത്.  ഇതു തുറന്നു പറയുമ്പോള്‍‌ സമൂഹം നെറ്റി ചുളിക്കും. ഈ അവസ്ഥയില്‍‌നിന്നു മോചനം വേണമെന്നുകൂടിപ്പറയുമ്പോള്‍‌ ആദര്‍‌ശസ്ത്രീസങ്കല്‍‌പ്പം തകര്‍‌ന്നുവീഴും.
സ്വയം എഴുന്നേറ്റുനില്‍‌ക്കാനുതകും‌ വിധം രണ്ടു കാലുകളൂം ചിന്തിക്കാനുതകും‌വിധം കഴുത്തിനു മുകലില്‍‌ ഒരു തലയും സ്ത്രീയ്ക്കുണ്ടെന്നു കരുതാത്ത ഒരു കാലമുണ്ടായിരുന്നു. മുന്നിലും പിന്നിലും മേദസ്സു വലര്‍-ന്ന ഒരു ജന്തുവായിട്ടാണ്‌ , മേധയുള്ള ഒരു ജീവിയായിട്ടല്ല അന്ന് അവള്‍‌ വീക്ഷിക്കപ്പെട്ടത്. നില്‍ക്കാനും നടക്കാനും ഉയരങ്ങളിലേയ്ക്ക് ഓടിക്കയറാനും കരുത്തുള്ള കാലുകളുണ്ട് എന്ന് ഒരു സ്ത്രീ തെളിയിക്കുന്നത് ഇന്നും ചിലര്‍ക്ക് ഇഷ്ടമല്ല. ചിന്തിക്കാന്‍‌ കഴിയും എന്നു തെളിയിക്കുന്നതും അങ്ങനെത്തന്നെ. ' പുരുഷനെ ചിരിപ്പിക്കാനും രസിപ്പിക്കാനും  വേണ്ടി ഒരു പൂ പോലെ വിരിയുന്നതും ആ മോഹം സാധിക്കാതെ വരുമ്പോള്‍‌ കരഞ്ഞു പിഴിഞ്ഞു കരിഞ്ഞലിഞ്ഞു മണ്ണാവുന്നതുമാത്രമാണ്‌ സ്ത്രീയുടെ ജീവിതവ്യാപാരം എന്ന മട്ടില്‍‌ കഥകളും നോവലുകളുമെഴുതുന്നവര്‍‌ അടുത്തകാലത്തു കൂടി വരുന്നു. " (ഡോ.എം .ലീലാവതി)
ഇതു തിരിച്ചറിയുമ്പോഴും പൊതുബോധത്തില്‍‌ വര്‍ത്തിക്കുന്നത് ആദര്‍‌ശസ്ത്രീസങ്കല്‍‌പ്പം തന്നെയാണ്‌.സ്ത്രീ 'പതിവ്രത' ആയിരിക്കണം. 'ധര്‍മ്മപത്നി' സങ്കല്പ്പത്തിനു മറുപുറത്ത് ഒന്നിലധികം ഭാര്യമാരുണ്ടാവുന്നത് രാജാവിന്‌  പ്രൗഢിയുടെ ലക്ഷണമാവുന്നു.
'നാലഞ്ചു ഭര്‍ത്താവൊരുത്തിക്കുതാനതു
നാലു ജാതിക്കും വിധിച്ചതല്ലോര്‍‌ക്കണം '
എന്ന നമ്പ്യാര്‍‌പരിഹാസം ബഹുഭാര്യാത്വത്തിനെതിരെ ഉന്നയിക്കപ്പെടുന്നില്ലല്ലോ. സദാചാരമൂല്യങ്ങളിലെ പുരുഷാധിപത്യം നൂറ്റാണ്ടുകള്‍‌ക്കിപ്പുറവും തുടരുകയാണ്‌.
സമൂഹത്തിന്റെ സാമാന്യബോധത്തില്‍‌ പ്രവര്‍ത്തിക്കുന്ന ശക്തമായ ആശയം മതത്തിന്റേതാണ്‌. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അന്നത്തെ സാമൂഹ്യസാഹചര്യത്തില്‍‌ രചിക്കപ്പെട്ട മതഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ സ്ത്രെവിരുദ്ധപ്രസ്താവനകളെ ആധുനികകാലത്തും സം‌രക്ഷിക്കുവാനുള്ള ശ്രമം മതത്തിന്റെ പുരുഷാധിപത്യസ്വഭാവത്തിന്റെ  സവിശേഷതയാണ്‌.  ബഹുഭാര്യാത്വം വിധിക്കുന്ന ഖുറാന്‍‌
'സ്ത്രീകള്‍ ചാരിത്ര്യവതികളായും പരപുരുഷബന്ധം സ്ഥാപിക്കാതെയും കഴിയണ'മെന്നു നിഷ്കര്‍‌ഷിക്കുന്നു.' പുരുഷന്‍‌ സ്ത്രീയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവനല്ല, സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനുവേണ്ടിയാണ്‌ (കോറിന്തോസ് 10-11) എന്നു ക്രിസ്തുമതവും പ്രസ്താവിക്കുന്നുണ്ട്. 'പുത്രോല്പ്പാദനശേഷിയില്ലാഞ്ഞും മറ്റും അപകൃഷ്ടനായ ഭര്‍ത്താവിനെ വെടിഞ്ഞ് ഉല്‍കൃഷ്ടനായ ഒരാളെ  പ്രാപിക്കുന്ന സ്ത്രീ നിന്ദ്യയാണെന്നും അവളെ കല്ലെറിഞ്ഞു കൊല്ലുകയല്ല , സദസ്സില്‍‌വെച്ച് പരസ്യമായി പട്ടിയെ വിട്ട് കടിച്ചുകൊല്ലുക'യാണു വേണ്ടതെന്ന് മനുസ്മൃതി (VIII.371).  ഇതാണ്‌  മതങ്ങളുടെ സ്ത്രീ സമീപനം . മതബദ്ധമായ പൊതു ബോധത്തില്‍- സ്ത്രീ വര്‍‌ത്തമാനകാലത്തും പുരുഷനു തുല്യയല്ലാതെ രണ്ടാം തരക്കാരിയായി തുടരണം എന്നതിനാണ്‌ പ്രസക്തി.
ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍  കീഴാളത്തത്തിലേയ്ക്ക് തള്ളപ്പെടുകയുംചരിത്ര രേഖകളില്‍‌ തമസ്കരിക്കപ്പെടുകയും ചെയ്ത സ്ത്രീ  സ്വന്തം വ്യക്തിത്വം സ്ഥപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍‌  സ്ത്രീയുടെ  മാത്രം കാര്യമായി അവഗണിക്കപ്പെടുകയാണ്‌. സമൂഹത്തില്‍ പകുതിയിലേറെ വരുന്ന ഒരു ജനവിഭാഗം അസ്വാതന്ത്ര്യവും അവകാശനിഷേധവും അനുഭവിക്കുമ്പോള്‍‌ സമൂഹം വികസിച്ചുകൊണ്ടിരിക്കുന്നു എന്നു വാദിക്കുന്ന ജനാധിപത്യബോധം പരിഹാസ്യമാണ്‌. കുടുംബത്തിനുല്ലി ലും തൊഴിലിടങ്ങളിലും അസമത്വം  വര്‍ദ്ധിച്ചുവരികയാണ്‌. 2001ലെ കണക്കനുസരിച്ച് കേരളത്തില്‍‌ സ്ത്രീകളുടെ തൊഴില്‍‌പങ്കാളിത്തം  13.7 ശതമാനം മാത്രമാണ്‌.  1981 ല്‍ അത് 17 .02 ശതമാനവും 1991   ല്‍ 16   ശതമാനവും ആയിരുന്നുവെന്നും ഓര്‍‌ക്കേണ്ടതുണ്ട്.  അതേ സമയം വിദ്യാഭ്യാസത്തില്‍‌ സ്ത്രീപങ്കാളിത്തം വര്‍ദ്ധിക്കുന്നു. ഒന്നം ക്ലാസ്സില്‍ പ്രവേശനം നേടുന്നവരില്‍‌ 49 .23ശതമാനം പെണ്‍‌കുട്ടികളാണ്‌. ഉന്നത വിദ്യാഭ്യാസരംഗത്ത് 90ശതമാനം പെണ്‍‌കുട്ടികളൂണ്ട്. ഈ അനുകൂലഘടകം തൊഴില്‍‌മേഖലയില്‍‌ പ്രതിഫലിക്കുന്നില്ല എന്നത് നമ്മുടെ പൊതുബോധത്തിന്റെ സ്ത്രീസമീപനത്തിനു തെളിവാണ്‌
ഈ പൊതുബോധത്തെ ഉടച്ചുവാര്‍ക്കുകയെന്ന സങ്കീര്‍‌ണ്ണസമീപനമാണ്‌  ജനാധിപത്യ വിശ്വാസികള്‍ എറ്റെടുക്കേണ്ടത്. സ്ത്രീവിമോചനം സ്ത്രീകളൂടെ മാത്രം കാര്യമല്ല (ഇ.എം.എസ്) എന്ന തിരിച്ചറിവ്‌ സമൂഹത്തിനുണ്ടാവണമെങ്കില്‍  യാഥാസ്ഥിതിക സാമാന്യബോധത്തെ തകര്‍ക്കേണ്ടതുണ്ട്. നിലവിലിരിക്കുന്ന മുതലാളിത്തവ്യവസ്ഥിതി ഈ സാമാന്യബോധത്തെ സംരക്ഷിക്കാന്‍‌ ശ്രമിക്കും .കാരണം എല്ലാതരത്തിലുമുള്ള ചൂഷണമാണ്‌ മുതലാളിത്തത്തിന്റെ വളര്‍ച്ചക്കടിസ്ഥാനം. അതുകൊണ്ടുതന്നെ പൊതുബോധത്തെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമം  മുതലാളിത്തത്തിനെതിരായ സമരമായി മാറേണ്ടതുണ്ട് . സ്ത്രീകള്‍‌ക്ക് ഔപചാരികസമത്വത്തിത്തിനപ്പുറം സാമ്പത്തികസാമൂഹ്യസമത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ്‌ ഫെമിനിസം .ആ അര്‍ത്ഥത്തില്‍ ഫെമിനിസം സമത്വാധിഷ്ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിക്കു വേണ്ടിയുള്ള പോരാട്ടമാണ്‌.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font