|
|
ലേഖനം ഫോട്ടോ ജേർണലിസ്റ്റുകൾ ഇരകളെ തേടുമ്പോൾ ഷബ്ന സിയാദ് | "മാധ്യമങ്ങൾക്ക് ഒരു വ്യക്തിയുടെയും സ്വകാര്യതകളിൽ അതിക്രമിച്ച് കടക്കാൻ അവകാശമില്ല. കുടുംബം, മതം, വ്യക്തിജീവിതം, സ്വകാര്യ താൽപര്യങ്ങൾ തുടങ്ങിയവ സ്വകാര്യതയുടെ പരിധിയിൽപ്പെടുന്നു"-ഇന്ത്യൻ മാധ്യമലോകത്തെ നേർവഴിക്ക് നയിക്കാൻ രൂപീകൃതമായ പ്രസ് കൗസിൽ ഓഫ് ഇന്ത്യ 2005ൽ പുറത്തിറക്കിയ മാധ്യമപ്രവർത്തകർക്കുളള പെരുമാറ്റച്ചട്ടത്തിലെ ആറാം ഖണ്ഡികയാണിത്.
പെരുമാറ്റ ചട്ടം ഇതായിരിക്കെ കണ്ണൂർ എസ്. പി ഓഫീസിന്റെ വരാന്തയിലെ ഒരു ദ്യശ്യത്തിലേക്ക്. പർദ്ദാ ധാരികളായ മൂന്ന് മുസ്ലിം സ്ത്രീകൾ ഓഫീസ് വരാന്തയിലൂടെ ആരെയോ ഭയപ്പെട്ട് ഓടുന്നു.പിന്നാലെ പ്രതിയെ പിടിക്കാൻ ഓടുന്ന പോലീസുകാരെ പോലെ ചാനൽ കാമറാമാൻമാർ.
കാശ്മീരിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയായ ഫയാസിന്റെ ഉമ്മയും ഒപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീകളുമാണ് ഇങ്ങനെ ഓടിയത്. നിരാലംബരും നിരരക്ഷരരുമായ ആ സ്ത്രീകൾ വസ്ത്ര തലപ്പുകൊണ്ട് മുഖം മറച്ച് ഓടുന്നത് ലോകം മുഴുവൻ കണ്ടു. ഈ സാധുക്കൾക്ക് പിന്നാലെ ചാനൽ ക്യാമറകൾ പാഞ്ഞതെന്തിന്
?മകൻ ചെയ്ത തെറ്റിന് നിസഹായായ ആ ഉമ്മയുടെ പുറകെ കഴുകൻ കണ്ണുകളുമായി ഓടിയെത്തിയത് ഏത് മാധ്യമ സംസ്കാരത്തിന്റെ ഭാഗമാണ് . ആൾകൂട്ടത്തിൽ നിന്നും ഓടിയൊളിക്കുന്ന സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ചതെന്തിന് ? കണ്ടോ കാണാതെയോ നമുക്ക് നേരെ തിരിയുന്ന മാധ്യമ കാമറക്കണ്ണുകളോട് നാം ഇത്തരം ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
'പൊതുതാൽപര്യമുളള വാർത്തകൾ, വീക്ഷണങ്ങൾ, അറിയിപ്പുകൾ, അഭിപ്രായങ്ങൾ എന്നിവ കൃത്യതയോടെയും വ്യക്തതയോടെയും മാന്യമായും അറിയിച്ച് ജനങ്ങളെ സേവിക്കുക എന്നതാണ് മാധ്യമപ്രവർത്തനത്തിന്റെ മൗലികലക്ഷ്യം.' എന്നു തുടങ്ങുന്ന പെരുമാറ്റ ചട്ടത്തിന്റെ ബാലപാഠങ്ങൾ പോലും മറന്നാണ് കാമറകൾ ഇരകൾക്ക് പിന്നാലെ പായുന്നത്. മാധ്യമ സംസ്കാരത്തിന്റെയും നിയമങ്ങളുടെയും എല്ലാ അതിർ വരമ്പുകളും ഭേദിച്ച് സ്ത്രീ വിരുദ്ധ നിലപാടിലേക്ക് നമ്മുടെ കാമറകൾ ചെന്നെത്തപ്പെട്ടിരിക്കുന്നതിന്റെ തെളിവുകൾ ഇനിയുമുണ്ട്.
"ബലാൽസംഗം അടക്കമുളള സ്ത്രീപിഡന സംഭവങ്ങളും കുട്ടികൾക്ക് നേരെയുളള ലൈംഗിക അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ ഇരയുടെ ചിത്രങ്ങളോ അവരുടെ വ്യക്തിത്വം വെളിവാകുന്ന ഒന്നുമോ പ്രസിദ്ധീകരിക്കാൻ പാടില്ല" ഇതും പെരുമാറ്റ ചട്ടത്തിലെ വരികൾ തന്നെ. എന്നാൽ രാജ്യതലസ്ഥാനത്തെ മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണുമാത്രം വെളിയിൽ കാണത്തക്ക രീതിയിൽ മുഖം തുണികൊണ്ട് മറച്ച് ഒരു കന്യാസ്ത്രീയെ നാം കണ്ടു. നിസ്സഹായായ അവർക്ക് ചുറ്റും നൂറുഫ്ലാഷുകളും ചാനൽ കാമറകളും വട്ടമിട്ട് പറക്കുന്നു. ഒറീസയിലെ ഫാഷിസ്റ്റ് കാടത്തത്തിനിടെ കൂട്ടബലാൽസംഗത്തിനിരയാക്കിയ കഥ മാധ്യമപ്രവർത്തകർക്കു മുന്നിൽ അവർ അവതരിപ്പിക്കുകയാണ്. തനിക്ക് നീതികിട്ടണമെന്ന് നീതി പീഢത്തോട് കനിഞ്ഞപേക്ഷിക്കുന്ന അവരുടെ കണ്ണീരൊഴുകുന്ന കവിൾതടങ്ങൾ മറച്ചിരുന്നതു മൂലം ഒരു സെൻസേഷനൽ ചിത്രം ഒഴിവായതിനാൽ ചാനൽ -ഫോട്ടോ ജേർണലിസ്റ്റുകൾ നിരാശ പൂണ്ടു. എന്നിരുന്നാലും രണ്ടു കണ്ണുകളിലേക്കെങ്കിലും കാമറ ലെൻസുകൾ ചൂഴ്ന്നിറങ്ങി. കിട്ടാവുന്നിടത്തോളം വ്യക്തതയിൽ അവരെ ഒപ്പിയെടുത്തു. അവർ നടന്നുപോയ വഴിയേ കാമറകളും ചലിച്ചു. അവരെ പിൻതുടരാവുന്നിടത്തോളം പിൻതുടർന്നു. ദ്യശ്യമാധ്യമങ്ങൾ തത്സമയം വിവരം ജനങ്ങളിലെത്തിച്ചതിനാൽ പത്യമാധ്യമങ്ങൾക്കും അടങ്ങിയിരിക്കാനായില്ല. മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക പത്രങ്ങളും കന്യാസ്ത്രീയുടെ കണ്ണുമാത്രം കാണുന്ന ചിത്രം പസിദ്ധീകരിച്ചു. അവരെന്ന വ്യക്തിയേക്കാൾ പ്രാധാന്യം അവിടെ നടന്ന ക്രൂരതകൾക്കാണെന്ന വിശദീകരണത്തിൻ മേൽ ചിത്രം പ്രസിദ്ധീകരിച്ചതിന് ന്യായീകരണം കണ്ടെത്താം. എന്നിരുന്നാലും അവരും സ്ത്രീയാണെന്നത് ഓർക്കാമായിരുന്നു.
മാധ്യമ കാമറകൾ ഇരകൾക്ക് മേൽ ഇങ്ങനെ വട്ടമിട്ടു പറക്കുന്നിടത്തോളം ഇനിയും മാധ്യമ മര്യാദയുടെ സീമകൾ ലംഘിക്കപ്പെടാം. കേരളത്തിലെ വനിതാ കമ്മിഷൻ സംസ്ഥാനത്തെ സ്ത്രീകളുടെ മുഴുവൻ സംരക്ഷകരെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇത്തരം സ്ത്രീ വിരുദ്ധ മാധ്യമ നിലപാടുകൾക്കെതിരെ ഒരക്ഷരം ശബ്ദിക്കാൻ അവർ തയാറായതായി കണ്ടിട്ടില്ല. മാധ്യമങ്ങളിലെ സ്ത്രീ വിരുദ്ധ നിലപാടുകളെ കുറിച്ച് പഠിക്കുവാൻ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി വനിതാ കമ്മിഷൻ 2007 ആഗസ്ത് മാസം കോഴിക്കോട് സെമിനാർ നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീവിരുദ്ധ നിലപാടുകളെ നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുതിനുമായി 13 അംഗ് മീഡിയാ മോണിറ്ററിംഗ് സെല്ലുണ്ടാക്കിയെന്നും ഇതിന്റെ വിശകലന യോഗം മാസത്തിലൊരിക്കൽ നടത്തുമെന്നും കമ്മിഷൻ വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ചു. എന്നാൽ അങ്ങനെയൊരു വിശകലനയോഗം നടക്കുന്നതായി മാധ്യമപ്രവർത്തകർക്കാർക്കെങ്കിലും അറിയുമോയെന്നറിയില്ല. മാധ്യമങ്ങൾക്കു ഒരു വനിതാ നയം ആവശ്യമാണെന്ന അഭിപ്രായം അംഗങ്ങൾ ഏകകണ്ഠമായി ഉയർന്നുവെന്നും ഇതിനായി മാധ്യമ സ്ഥാപന മേധാവികളുമായി ചർച്ച നടത്തുവാൻ കമ്മിഷൻ തയാറെടുക്കുകയാണെന്നുമാണ് വനിതാ കമ്മിഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനത്തിനു ശേഷവും ഒരുപാട് സ്ത്രീ വിരുദ്ധ വാർത്തകൾ മാധ്യമങ്ങൾ വിളമ്പി. കമ്മിഷനംഗങ്ങളുടെ ശ്രദ്ധയിൽ വരാത്തതിനാലോ അതോ സ്ത്രീ വിരുദ്ധമെന്ന അവർക്ക് തോന്നാത്തതിനാലോ ആവണം വനിതാകമ്മിഷൻ ഒന്നിലും നടപടിയെടുത്തതായി കാണാൻ കഴിഞ്ഞിട്ടില്ല.
വനിതാ കമ്മിഷന് നടപടിയെടുക്കാനായിരുങ്ക്ല് ഈയിടെ മലയാള മനോരമ മലപ്പുറം എഡിഷനിൽ അച്ചടിച്ച ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം മാത്രം മതിയായിരുന്നു. പെരിന്തൽമണ്ണ താഴേക്കോട് കോളനിയിലെ ഊമ പെൺകുട്ടിയുടെയും അവളുടെ കുഞ്ഞിന്റേതുമായിരുന്നു ചിത്രം .'പീഡനത്തിനിരയായ ഊമ പെൺകുട്ടി ആൺകുഞ്ഞിന് ജ?ം നൽകി'യെന്ന തലക്കെട്ടിലായിരുന്നു വാർത്ത .ഈ പെൺകുട്ടി ഏറ്റവും അധ:സ്ഥിത വിഭാഗങ്ങളിലൊന്നിൽപെട്ടവളായതിനാലും ഉത്തരവാദിത്ത്വപ്പെട്ട ആരും ഇവളെ സംരക്ഷിക്കാനില്ലായെന്നുറപ്പുള്ളതിനാലും ഈ പടം പ്രസിദ്ധീകരിക്കാൻ പത്രം ഒരുമടിയും കാണിച്ചില്ല. എന്നാൽ ഈ പെൺകുട്ടിയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണറിയുന്നത്. പെൺകുട്ടി വിവാഹിതയാണ്. ഭർത്താവ് ഇടക്കിടെ വന്നുപോകുന്ന ആളാണെന്നും പറയപ്പെടുന്നു. പെൺകുട്ടിക്കു സ്വന്തം ഭർത്താവിൽ ജനിച്ചതാവാം ഒരു പക്ഷെ ഈ കുഞ്ഞ്. ഇത്തരമൊരു സാഹചര്യത്തിലാണ് പത്രം പീഡനത്തിനിരയായ ഊമ പെൺ കുട്ടി ആൺ കുഞ്ഞിന് ജ?ം നൽകിയെന്ന വാർത്ത അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം സഹിതം പ്രസിദ്ധീകരിച്ചത്. പെൺകുട്ടി പീഡനത്തിനിരയായോ എന്നത് വ്യക്തമല്ല. അഥവാ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത് ശിക്ഷാർഹമാണെന്ന് സുപ്രീംകോടതി ഉത്തരവുള്ളതുമാണ്. എന്നിട്ടും ഈ വാർത്തകളൊന്നും വനിതാ കമ്മിഷന്റെ മീഡിയാ മോണിറ്ററിംഗ് സെല്ല് കാണാതിരുന്നതെന്തേ ?
ഐസ്ക്രീം പാർലർ കേസിലെ റജീനയെയും കൈകുഞ്ഞിനെയും കോഴിക്കോട് ടൗണിൽ കൂടി ഓടിച്ചിട്ട് പിടിച്ച ചരിത്രമുള്ള നമ്മുടെ മാധ്യമ ക്യാമറകൾക്ക് ചിലപ്പോൾ എസ്ക്ലൂസീവ് വിഷ്വൽസ് ആകും പ്രസ് കൗൺസിലിന്റെ പെരുമാറ്റ ചട്ടങ്ങളേക്കാൽ വലുത്. കാരണം ക്യാമറാമാൻമാരുടെ നിലനിൽപിന്റെ പ്രശ്നം കൂടി ഈ എക്സ്ക്ലൂസീവ് വിഷ്വൽസിലുണ്ട്. മറ്റ് പത്രങ്ങൾക്കോ ചാനലുകൾക്ക് സെൻസിറ്റീവായ ചിത്രങ്ങൾ ലഭിച്ചാൽ പിറ്റേ ദിവസത്തെ റിവ്യൂ മീറ്റിംങ്ങിൽ ഈ കാമറാമാൻമാർ വിശദീകരണം നൽകേണ്ടിവരും.മനുഷ്യാവകാശത്തിന്റെയും പെരുമാറ്റ ചട്ടത്തിന്റേയും പേരിൽ ഇത്തരം രണ്ടു ചിത്രങ്ങൾ അടുപ്പിച്ച് നഷ്ടപ്പെടുത്തിയാൽ ചിലപ്പോൾ ആ മാധ്യമസ്ഥാപനം അയാൾക്ക് വിടേണ്ടിയും വരും. അതിനാൽ സ്ത്രീ വിരുദ്ധമോ , മനുഷ്യാവകാശ ധ്വംസനമോ ഒന്നും കാമറാൻമാരുടെ തൊഴിലിന് മുന്നിൽ തടസമാകാറില്ല. ഇരകൾക്ക് പുറകെ ഓടിയിട്ടാണെങ്കിലും അവർ പരമാവധി ഭംഗിയായി ജോലി ചെയ്യും. പീഡനത്തിനിരയായ പെൺകുട്ടിയെ മൊഴിയെടുക്കാൻ കൊണ്ടുവരുന്നിടത്തും കോടതി വരാന്തകളിലും മണിക്കൂറുകൾ കാത്തുനിന്നാണെങ്കിലും മുഖം മറച്ചതെങ്കിലും ഒരു ചിത്രമെടുക്കും. പെൺകുട്ടിയുടെ ചിത്രം കിട്ടിയില്ലെങ്കിൽ അവിടെ തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രമെങ്കിലും പിറ്റേ ദിവസം മാധ്യമങ്ങളിൽ വരും. പീഡനത്തിനിരയായ പെൺകുട്ടിയെ കാണാൻ അത്രയ്ക്കുണ്ട് മലയാളിയുടെ താൽപര്യമെന്ന് ഒന്നു കൂടി ഓർമിപ്പിച്ചുകൊണ്ട്. കാമറയുടെ ഏറ്റവും വലിയ ഇരയായിരുന്നു സൂര്യനെല്ലിയിലെ പെൺകുട്ടി.
ഏതാനും വർഷം മുൻപ് തിരുവനന്തപുരത്ത് ഒരു അനാശ്യാസ കേന്ദ്രം റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത പെൺകുട്ടികളെ പോലിസ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ കൊണ്ടുവന്നു. കാമറക്കു മുന്നിൽ കൈകൊണ്ട് മുഖം പൊത്തിയ ആ പെൺകുട്ടികളുടെ കൈകൾ ബലമായി മാറ്റുന്ന വനിതാ പോലിസിന്റെ ചിത്രവും അന്നു മാധ്യമങ്ങളിൽ ഇടം നേടി. ഈ സംഭവം ഏറെ പ്രതിഷേധത്തിനിടയാക്കുകയും വനിതാ പോലിസിന്റെ നടപടിക്കെതിരെ വിമർശനം ഉയരുകയും ചെയ്തു. അതോടെയായിരിക്കണം ഇപ്പോൾ പോലിസുകാർ മുഖം മറയ്ക്കുന്ന സ്ത്രീകളുടെ കൈകൾ ബലമായി മാറ്റാൻ ശ്രമിക്കാതെയായത്.
റയെങ്ങനെ ഒരു പെൺകുട്ടിയുടെ ജീവിതം തകർത്തുവെന്ന ഒരു സംഭവം കൂടി ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട് . എറണാകളുത്തെ പ്രശ്സ്തമായ കോളജിലെ ഒരു പെൺകുട്ടിയും അവളുടെ ക്ലാസിലെ ആൺകുട്ടികളടക്കമുളള സുഹ്യത്തുക്കളും ചേർന്ന് മറൈൻഡ്രൈവിന്റെ മനോഹാരിത മൊബൈൽ കാമറയിൽ പകർത്തികൊണ്ടിരുന്നു. ഈ പെൺകുട്ടിയുടെ കൈയിലിരുന്ന മൊബൈലിൽ തെളിയുന്ന വിസ്മയ ദ്യശ്യങ്ങൾ കൂട്ടത്തോടെ നിന്നു പകർത്തുന്നതിനിടെ ഒരു മാധ്യമ ഫോട്ടോഗ്രാഫറുടെ കാമറ ഈ കുട്ടികൾക്ക നേരെ തിരിഞ്ഞു. പിന്നീട് മൊബൈൽ സെക്സ് വ്യാപകമാകുന്നുവെന്ന ഫീച്ചറിനൊപ്പം മറൈൻഡ്രൈവിന്റെ മനോഹാരിതയിൽ 'മൊബൈൽ സെക്സ് ആസ്വദിക്കുന്ന കുട്ടികളുടെ' ചിത്രവും ഒരു വാരികയിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ നാട്ടിലും വീട്ടിലും പെൺകുട്ടി സംശയത്തിന്റെ നിഴലിലായി. അവളുടെ പഠനം അവസാനിക്കുന്നതിലാണ് ഇത് എത്തിയത്.
ഫോട്ടോ ജേർണലിസത്തിന്റെ തിരുകൾ എവിടെവരെ?. മാധ്യമ കാമറകൾ സമൂഹത്തിന് നൽകിയ ക്രിയാത്മക സംഭാവനകൾ മറന്നുകൊണ്ടല്ല ഈ ചോദ്യം. ............. |
|

|