നാമെല്ലാവരും ജീവിക്കാൻ സമരം ചെയ്യൂന്നവരാണ്. അങ്ങനെ ചെയ്യാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ നിലനിൽപ്പില്ലാതാകും.
വിശക്കുന്നകുഞ്ഞ് പാലിനു കരയുന്നതു തുടങ്ങി നമുക്കു ചുറ്റും എത്രയെത്ര ഉദാഹരണങ്ങൾ.
സമരമെന്നും, ജാഥയെന്നും മറ്റും കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഉയരുന്ന ഒരു മുദ്രാവാക്യമുണ്ട്. "ഇങ്ക്വിലാബ് സിന്ദാബാദ്". ഈ വാക്കുകളുടെ ആശയമെന്താണെന്നു ചിന്തിചിട്ടുണ്ടോ ?
"വിപ്ലവം ജയിക്കട്ടെ".
ബസ്സിനു കല്ലെറിയുന്നതോ, മറ്റുള്ളവരുടെ വസ്തുക്കൾ ആക്രമിച്ചു കീഴടക്കുന്നതോ, സദസ്സിലും സിനിമാശാലകളിലും കുക്കിവിളിക്കുന്നതോ അല്ല വിപ്ലവം. പരിവർത്തനം, മാറ്റം, പെട്ടെന്നുള്ള മാറ്റം, അതുണ്ടാവണം. എങ്കിലേ ജിവിതത്തിനു തേജസ്സും ഓജസ്സുമുണ്ടാവുകയുള്ളു.
ഈ മാറ്റം ആദ്യമുണ്ടാകുന്നത് മനസ്സിലാണ്. പുരോഗമനാത്മകമായ ചിന്തകൾ മനസ്സിൽ വാർമഴവില്ലിന്റെ വർണ്ണരാജികൾ വിരിക്കുമ്പോൾ മനുഷ്യൻ വളരുന്നു. ഈ വളർച്ചയുടെ പന്ഥാവിലേക്ക് നമ്മെ നയിക്കുന്നത് പുസ്തകങ്ങളാണ്.
ശാരീരികമായി നാം വളരുമ്പോൾ അതനുസരിച്ച് നമ്മുടെ വിചാരങ്ങളും വികാരങ്ങളും വളരുന്നു. വളരണം, വളർത്തണം.
മനുഷ്യന്റെ ചരിത്രം പരിശോധിച്ചാൽ അവന്റെ സംസ്കാരത്തിനും ഗ്രന്ഥത്തിനും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത് എന്നു മനസ്സിലാക്കാം.
തനിക്കറിയുന്നതും മറ്റുള്ളവരെ അറിയിക്കണമെന്നു കരുതുന്നതും ഗ്രന്ഥത്തിന്റെ താളുകളിലൊതുങ്ങി. ചാതുർവർണ്ണ്യത്തിന്റെ മേധാവിത്വമുണ്ടായിരുന്ന കാലത്ത് വിദ്യാഭ്യാസം അൽപം ചിലരുടെ കുത്തക മാത്രമായി. ഇന്നത്തെ സ്ഥിതി അതല്ല. നാടുപോലെ വിദ്യാഭ്യാസവും പൊതുസ്വത്താണ്.
സസ്യം അതിന്റെ ചുറ്റുമുള്ള മണ്ണ്, വായു, പ്രകാശം എന്നിവയിൽ നിന്ന് ഊർജ്ജം സമ്പാദിക്കുന്നതുപോലെ മനുഷ്യൻ സമൂഹത്തിൽ നിന്ന് ശക്തി ഉൾക്കൊള്ളുന്നു
സമൂഹത്തിന്റെ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രനാകാനുള്ള വ്യഗ്രതയാണ് ഇന്നത്തെ യുവാക്കളിൽ കാണുന്നത്. അതുമൂലമാണ് അവർ നിഷേധികളാകുന്നത്.
സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന, അതിനുവേണ്ടി ധിക്കാരികളാകുന്ന യുവശക്തികളാണ് നമുക്കിന്നാവശ്യം.
അനീതിക്കും അക്രമത്തിനും അനുസരണ കാട്ടി നല്ലപിള്ള ചമയുന്നതിനേക്കാൾ നല്ലത് തെറ്റിനോടു പൊരുതുന്ന പടയാളിയാവുകയാണ്.
മുട്ടുകുത്തി നടക്കുന്ന കൊച്ചുകുഞ്ഞിനെ കല്ലും മുള്ളും നിറഞ്ഞ കാടുവഴിയിലുടെ ഓടാൻ നിർബന്ധിക്കുന്നത് ആപത്താണ്. അതിനെക്കാളും ആപത്കരമായതാണ് വിദ്യാർത്ഥികളെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴക്കൽ.
വിദ്യാലയവും വായനശാലയും വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഒരു താളിന്റെ രണ്ടു പുറങ്ങളാണ്.
വിദ്യാലയത്തിൽ നിന്ന് വായനയുടെ ആദ്യപാഠങ്ങൾ അറിയുന്നു. തുടർന്ന് വായിച്ചുവളരാൻ പുസ്തകങ്ങൾ വേണം. അവ വായനശാലയിലെ അലമാരകളിൽ പൂട്ടിയിടാതെ വിദ്യാർത്ഥിയുടെ കൈകളിലെത്തണം.
ഏതുതരം പുസ്തകം വായിക്കണം എന്ന കാര്യത്തിൽ കുട്ടിയെ അധ്യാപകനും, രക്ഷിതാവും ബോധവാനാക്കണം. "We are what we read" എന്നൊരു പഴഞ്ചൊല്ലുണ്ട്. നാം വായിക്കുന്ന പുസ്തകങ്ങൾക്ക്, കാണുന്ന സിനിമക്ക്, നമ്മിൽ വളരെയേറെ സ്വാധിനം ചെലുത്താൻ കഴിയും.
നമ്മുടെ പുരാണേതിഹാസഗ്രന്ഥങ്ങൾക്ക് നല്ല മനുഷ്യനെ വാർത്തെടുക്കുന്നതിൽ ഗണ്യമായ പങ്കുണ്ട്. മതവും ദൈവവും ഒരു പരിധിവരെ നിരാശാബോധത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കും. പക്ഷേ അതിന്റെ പേരിൽ വൈരവും പകപോക്കലും വെച്ചുപുലർത്തി അന്യോന്യം കലഹിക്കുന്നതും കലാപമുണ്ടാക്കുന്നതും കണ്ടുസഹിക്കാനാവില്ല.
സന്തോഷ പൂർണമായ നല്ല നാളെയിലേക്കു കടക്കാൻ നമുക്ക് പുസ്തകങ്ങളെ സുഹ്യത്തുക്കളാക്കാം.
|