ഇന്ത്യൻ സംസ്കാരം കാത്തു സൂക്ഷിക്കുന്നതിനായി മംഗലാപുരം പബിൽ ശ്രീ രാം സേന നടത്തിയ യുദ്ധം അതിർത്തി കടന്ന സാംസ്കാരികപ്രവർത്തനമായിപ്പോയി. ബാറിൽ കയറി സ്ത്രീകളെ മദ്യപിക്കുന്നിടത്തുനിന്നും ഓടിച്ചിട്ടു തല്ലിച്ചതക്കാൻ തുടങ്ങിയ സൈന്യാധിപൻമാരുടെ ഉദ്ദേശ്യം, ഒരു സൈന്യമായി അംഗീകാരം നേടുകയായിരുന്നോ, അതോ ഇന്തൃൻ സ്ത്രീത്വം രക്ഷിച്ച് സംസ്കാരിക പതനം തടയുകയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്തു തന്നെയായാലും പ്രമോദ് മുത്താലിക്കിന്റെ നോതൃത്വത്തിലുള്ള സേന രണ്ടാഴ്ചയായി മാധ്യമങ്ങൾ വഴി ഇന്ത്യക്കാരുടെ മനസ്സിൽ ഒരു ഇടം നേടിയിരിക്കുന്നു..
മാധ്യമങ്ങൾ സേനയെ ആഘോഷിക്കുകയായിരുന്നോ എന്നും ഉപരി വർഗ്ഗസ്ത്രീകളെ ആക്രമിച്ചപ്പോൾ മാത്രമേ മാധ്യമങ്ങൾ ം ഇങ്ങനെ തത്രപ്പെട്ടു വാർത്ത പരത്തിയിരുന്നുള്ളു എന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ കാണാതിരിക്കാൻ പറ്റില്ല. പക്ഷെ ഇങ്ങനെയുള്ള അക്രമപ്രവർത്തനങ്ങൾക്കെതിരെ സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കണമെങ്കിൽ, ഇതിനെതിരെ മനുഷ്യത്വപരമായ പ്രതികരണങ്ങൾ ഉണ്ടാകണമെങ്കിൽ, വാർത്ത പുറത്തുവരുത്തുക തന്നെ ചെയ്യണം. അതെത്രയും വിശദമായി വാർത്താവത്കരിക്കപ്പെടുന്നുവോ അത്രയും ഔചിത്യ ബോധങ്ങളെ ഉണർത്തുകയെയുള്ളു. പ്രത്യേകിച്ചും ഇത്തരം അവിചാരിതമായ; വിരളമായ സംഭവങ്ങൾ, നേരിട്ടു കണ്ടും കേട്ടും തന്നെയെ മനുഷ്യർ വിശ്വസിക്കൂ എന്നതും ഓർക്കേണ്ടതാണ്. ബാറിൽ സ്ത്രീകളും മദ്യപിക്കാൻ കയറും എന്ന വിജ്ഞാനം പോലുമില്ലാത്ത ഭൂരിഭാഗം വരുന്ന ജനത പ്രത്യേകിച്ചും ഈ വാർത്ത കണ്ട് ഒന്നസ്വസ്ഥരായിരിക്കാം. എന്നാലും മദ്യപിക്കുന്നതു തെറ്റല്ലെ എന്ന സാസ്കാരിക ചിന്തയായിരിക്കാം പലരെയും ഈ പ്രശ്നത്തിൽ പ്രതികരിക്കാൻ തന്നെ തോന്നിക്കാത്തത്.
മദ്യപിക്കുന്നതു ശരിയോ തെറ്റോ എന്ന സന്മാർഗ്ഗിക പ്രശ്നം കണക്കിലെടുത്താൽ ഒരു ഒറ്റ വാക്കിലുത്തരം പറയുന്നത് സാധ്യമല്ലെന്നു വരാം. മനുഷ്യർ വ്യത്യസ്തതക്കും രുചിഭേദങ്ങൾക്കും വേണ്ടി ജീവിതത്തിൽ ബോധപൂർവ്വംവും അല്ലാതെയും എന്തെല്ലാം കാട്ടിക്കൂട്ടുന്നു എന്നതു ചിന്തിച്ചാൽ, അതിൽ ഒരു കാര്യം മാത്രമായി മദ്യപാനത്തെയെടുക്കേണ്ടിവരും. വിവിധ മൃഗങ്ങളെ കൊന്നു തിന്നുന്നതും, വിവിധതരം കമ്പനി പാനീയങ്ങൾ (കോള, പെപ്സി മുതലായവ) കുടിക്കുന്നതും, വിവിധതരം വസ്ത്രങ്ങൾ അണിയുന്നതും ഒക്കെ, അങ്ങനെ നോക്കിയാൽ ശരിയോ തെറ്റോ എന്നു ചിന്തിക്കോണ്ടി വരും. മദ്യം, ആത്മസംയമനവും ബോധവും കെടുത്തുകയും മനുഷ്യരെ രോഗബാധിതരാക്കുകയും ചെയ്യുമെന്നത് കാണാതിരിക്കാനാവില്ല. പക്ഷെ ഇത്, ?അമിതമായാൽ അമൃതും വിഷം? എന്നു പറയും പോലെയെയുള്ളു. രോഗത്തിനു വേണ്ടി ഡോക്ടർമാർ തരുന്ന മരുന്നുകളോ, ഭക്ഷണം തന്നെയോ കൂടുതൽ കഴിച്ചാൽ അപകടങ്ങളുണ്ടാകുമല്ലോ. ആ നിലയ്ക്ക് അക്രമാസക്തരായി മറ്റുള്ളവർക്ക് ശല്യമാകുന്ന അവസ്ഥയിൽ മാത്രമാണ് മദ്യം ഒരു പ്രശ്നമായി കാണേണ്ടതുള്ളു എന്നു വരുന്നു. ഇതും നമ്മുടെ ശ്രീ രാം സേന അർത്ഥരഹിതമാക്കി. ആർക്കും ശല്യമില്ലാതെ സ്നേഹിച്ചിരുന്ന മദ്യപിച്ച സ്ത്രീ പുരുഷൻമാരെ, തെറിവിളിച്ചും ആക്രമിച്ചും ശ്രീ രാം സേനക്കാർ, മദ്യപിച്ചവരെക്കാളും മോശക്കാരാണ് മദ്യപിക്കാത്തവർ എന്ന് തെളിയിച്ചു.
ഇന്ത്യൻ സംസ്കാരത്തെകുറിച്ചാണ് ആശങ്കയെങ്കിൽ ശരിയായ അറിവുണ്ടെങ്കിൽ ആദ്യമായി എന്താണ് സംസ്കാരം എന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. സംസ്കാരത്തിന്റെ പ്രാഥമിക നിർവ്വചനമനുസരിച്ച് മനുഷ്യൻ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാണെന്നും കാണേണ്ടതുണ്ട്. മ്യഗീയമായ ശാരീരികാക്രമണം വഴി, സംസ്കാരം കാത്തു സൂക്ഷിക്കലല്ല നിർവ്വഹിക്കപ്പെടുന്നത് എന്നു നിശ്ചയം. ക്ഷത്രിയ വീര്യം കാത്തു സൂക്ഷിച്ച് പഴയ ഇന്ത്യൻ രാജവാഴ്ചക്കാലം ഓർമിപ്പിക്കുന്ന പബാക്രമണം ഇന്തൃൻ സംസ്കാരമല്ല കാണിക്കുന്നത്. യുദ്ധചരിത്രത്തിന്റ ചില രൂപങ്ങളാണ്. സംസ്കാര പരമായി പരിശോധിച്ചാൽ മദ്യവും പ്രേമവും പൊതുസ്ഥലങ്ങളിൽ സ്ത്രീകളുൾപ്പെട്ടുകൊണ്ട് ആസ്വദിക്കപ്പെടുക എന്നത് തെറ്റായി കണക്കാക്കപ്പെട്ടിരുന്നില്ല. ദേവദാസികളും, ഗണികകളും തുടങ്ങി സമൂഹത്തിൽ സ്ഥാനമുള്ളവരായി അംഗീകരിക്കപ്പെട്ടസ്ത്രീകൾ ഉൾപ്പെട്ട ഇടങ്ങൾ രാജാക്കനമാരുടെ കാലത്ത്സോമരസത്തിന്റെയും സ്ത്രീപുരുഷ ബന്ധങ്ങളുടെയും തുറന്ന ചിഹ്നങ്ങളായിരുന്നു. മുഗൾ രാജാക്കൻമാരുടെ കാലത്തും ഈ രീതി നിലവിലുണ്ടായിരുന്നു. ഇതിലെല്ലാം സ്ത്രീകൾ സ്വതന്ത്ര വ്യക്തികളും , കുടുംബിനികളായവരും സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്രൃം ഉള്ളവരും അല്ല എങ്കിലും ഇന്തൃൻ സാംസ്കാരിക ബിംബങ്ങൾ അവർ പ്രതിഫലിപ്പിക്കുന്നുണ്ട.് ക്രിസ്തീയ സംസ്കാരത്തിൽ വീഞ്ഞു സൽക്കാരങ്ങൾ നടത്തുന്ന പതിവിൽ കുടുംബങ്ങളിൽ പോലും സ്തീകളും പുരുഷന്മാരും ഒരുമിച്ച് മദ്യപിക്കുന്ന ശീലമുണ്ട്. ഇപ്പോൾ പബ്ബിലും ബാറിലും സ്ത്രീകൾ ഉണ്ടെങ്കിൽ അവർ സ്വയം നിർണ്ണയാവകാശമുള്ള വ്യക്തികളായിട്ടാണ് വരുന്നത് എന്ന ഭയമാണ് അവരെ തല്ലിയോടിക്കാൻ സൈന്യങ്ങളെ പ്രേരിപ്പിക്കുന്നത്. ഇത് സംസ്കാരം കാത്തുസൂക്ഷിക്കാനുള്ള പ്രവണത എന്നതിനെക്കാൾ സ്ത്രീകളെ ഒതുക്കുക എന്ന ഉദ്ദ്യേശ്യം തന്നെയാണു നിറവേറ്റുന്നത്.
സാംസാകാരികാധ:പതനം അളക്കുന്നത് സ്ത്രീകളെ ഉപയോഗിച്ചാണ് എന്ന ?ഇന്ത്യൻ തത്വം? ആണിവിടെ ശക്തമായി വെളിപ്പെടുത്തുന്നത്. സ്ത്രീകളെ നല്ലവഴിക്കു നടത്തുന്നതിലാണ് സാംസ്കാരിക പ്രവർത്തനങ്ങളുടെ കിടപ്പ്. ഇന്ത്യൻ സംസ്കാരത്തിനു നിരക്കാത്ത വസ്ത്രധാരണവും മദ്യപിക്കൽ പോലെയുള്ള പണികളും സ്ത്രീകൾ ചെയ്താൽ , അവരെ ക്രൂരമായി ഒതുക്കാൻ ഇന്ത്യയിൽ സൈന്യങ്ങൾ ഉണ്ട് എന്നത് എന്നത്തെക്കാളും ദൃഢമായി തെളിഞ്ഞിരിക്കുകയാണ്, മാംഗല്ലൂർ പബ് സംഭവത്തിൽ. ഇത് ഇന്ത്യയിലെ സ്ത്രീകൾക്ക് അങ്ങേയറ്റം അപമാനവും ഭീഷണിയുമാണ് എന്നത് കാണാതിരുന്നു കൂടാ. മദ്യപിക്കുക എന്നത് എല്ലാ സ്ത്രീകളുടെയും (പുരുഷന്മാരുടെയും) ആവശ്യമല്ല. പക്ഷെ, സ്വതന്ത്രമായി വസ്ത്രധാരണം ചെയ്യാനും ഭയമില്ലാതെ വഴിനടക്കാനും എല്ലാവർക്കും ആഗ്രഹം കാണും. സ്ത്രീകൾക്കു പൊതുവെ ഇത്തരം കാര്യങ്ങളിൽ വിലക്കു കൽപിച്ചിട്ടുള്ള ഇന്ത്യൻ കപട സംസ്കാരം തച്ചുടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാത്തു സൂക്ഷിക്കേണ്ട സംസ്കാരിക മൂല്യങ്ങൾ എന്തൊക്കെയാണ് എന്തൊക്കെയല്ല എന്നു തീരുമാനിക്കുവാനുള്ള അവകാശം ഇവിടുത്തെ രാജാക്കൻമാരോ, മന്ത്രിമാരോ, സൈന്യങ്ങളോ, പ്രജകളോ അയ പുരുഷൻമാർക്കു മാത്രമുള്ളതല്ല, സ്ത്രീകളായി ജനിച്ചുപോയ വ്യക്തികൾക്കും കൂടിയുള്ളതാണ് എന്നു വീണ്ടും വീണ്ടും ആക്രോശിക്കേണ്ടതിന്റെ ആവശ്യകത മംഗലാപുരം സംഭവം വെളിപ്പെടുത്തുന്നു.
കന്നടിക സ്ത്രീകൾക്ക് മംഗലാപുരമല്ലെങ്കിൽ എളുപ്പത്തിൽ ബംഗളൂരു പോയി അഭയം പ്രാപിച്ച് സ്വതന്ത്രമായി ജീവിക്കാൻ ശ്രമിക്കാം. പക്ഷേ ഇത്തരമൊരു മെട്രോ സിറ്റിയിലും സൈന്യങ്ങൾ ഇറങ്ങുന്നത് സാധാരണമായി ഇപ്പോഴത്തെ കർണ്ണാടക സാഹചര്യത്തിൽ എന്നത് ആശൻകയുളവാക്കുന്നു.മെട്രോ സിറ്റികളൊന്നുമില്ലാത്ത കേരളത്തിന്റെയവസ്ഥ അതിലും പരിതാപകരമാണ്. സ്വതവെതന്നെ പ്രബുദ്ധതയുടെയും, പുരോഗമനചിന്തയുടെയും നാടാണെങ്കിലും കേരളത്തിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ പോലും മടി തോന്നുന്ന സാംസ്കാരികോന്നതിയാണുള്ളത്.! ഒരുത്തന്റെയെങ്കിലും ഒരു തുറിച്ചു നോട്ടം അഥവാ പ്രത്യേക ശ്രദ്ധ കിട്ടാതെ ഒരു സ്ത്രീക്കു പൊതുസ്ഥലത്തുനിന്ന് പോകേണ്ടി വരില്ല. അത്തരം സന്ദർഭത്തിൽ മഹത്തായ സാംസ്കാരിക കേരളത്തിൽ ബാറിൽ കയറി മദ്യപിക്കുക (പബുകൾ വിരളമായ കേരളത്തിൽ) എന്ന കാര്യം കേരളീയ സ്ത്രീക്ക് അത്ര പ്രാപ്യമായ കാര്യമല്ല. ഭർത്താവിന്റെയോ കാമുകന്റെയോ ധൈര്യമുള്ള സ്ത്രീസുഹൃത്തുക്കളുടെയോ കൂടെ മാത്രം സാധ്യമാകുന്ന സാഹചര്യമെങ്കിലും കേരളീയ സ്ത്രീകളും ഉണ്ടാക്കുന്നുണ്ടെങ്കിലും ഇതെല്ലാം ഒരു പ്രശ്നമായിതന്നെയാണ് സമൂഹത്തിലവതരിക്കുന്നത്.ഇനി ശ്രീരാമസേനകളെക്കൂടി പേടിക്കണമെന്നത് അത്യതം ഖേദകരം തന്നെ.
സ്ത്രീകളുടെ സ്വാതന്ത്രൃം, വ്യക്തിത്വ വ്യതിരിക്തതകൾ തുടങ്ങിയ കാര്യങ്ങൾ ഒരു പ്രശ്നമായി സമൂഹത്തിലെടുക്കുന്നിടത്തോളം കാലം ,പബ്ബിലെന്നു മാത്രമല്ല എതു പൊതു സ്ഥലത്തും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ഇതുപോലെ സംഭവിച്ചേക്കാം. സ്ത്രീ പീഢനങ്ങൾക്കെതിരെ ഉയർത്തുന്ന ശബ്ദങ്ങളും പ്രതികരണങ്ങളും സ്ത്രീക്കെതിരെ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനാതിക്രമങ്ങൾ ചെരുത്തു തോത്പിക്കുക തന്നെ ചെയ്യണം. ഒറ്റപ്പെട്ട ലൈംഗീകാതിക്രമങ്ങളും സെക്സ് റാക്കറ്റ് പ്രശ്നങ്ങളും. കേരളത്തിൽ സുലഭമാണ്. സ്ത്രീ പക്ഷ ചിന്തയും പ്രവർത്തനവും ഇതിനെല്ലാമെതിരെ ഉണ്ടായിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങളധികവും പരിഹരിയ്ക്കപ്പെട്ടു എന്നു പറയുക വയ്യ. അൽപാൽപമായ സാമൂഹികാവബോധം സ്ത്രീകളുടെയവസ്ഥകൾ മെച്ചപ്പെടുത്തി വരുന്ന ഈ കാലഘട്ടത്തിൽ, തുറന്ന ആക്രമണങ്ങൾ വഴി സ്ത്രീകളെ അടിച്ചമർത്തുന്ന പ്രവണത ഒരു തരത്തിലും അംഗീകരിക്കുക വയ്യ.
മംഗലാപുരത്തു സ്ത്രീകൾക്കെതിരെ ആക്രമണം നടത്തിയത് മാധ്യമങ്ങളുടെയും ഒത്താശയോടു കൂടിയാണ് എന്നു ചില വ്യത്താന്തങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ വ്യത്യസ്തമായ വാർത്തകളുണ്ടാകാൻ വേണ്ടിയിട്ട് സ്ത്രീകളെയിരയാക്കിയത്, മാധ്യമങ്ങളുടെ സ്വാർത്ഥതാത്പര്യവും സ്ത്രീ വിരുദ്ധ നിലപാടുമാണ് കാണിക്കുന്നത്. സ്ത്രീ പക്ഷപരിപ്രേക്ഷ്യം മാധ്യമ രംഗത്തുള്ളവർക്കുണ്ടെങ്കിൽ ഒരു പക്ഷെ കുറച്ചു സ്ത്രീകൾ ക്രൂരമായി മർദ്ദിക്കപ്പെടില്ലായിരുന്നുവെന്നത് വാസ്തവമാകാം. പോലീസ് കൃിത്യ സമയത്ത് സ്ഥലത്തെത്തിയിരുന്നെങ്കിൽ സ്ത്രീകൾക്കിത്രയും ദേഹോപദ്രവം ഏൽക്കുന്നതെങ്കിലും തടുക്കാമായിരുന്നു. ഇത്തരം വ്യാകുലതകളില്ലാതെ സംഭവം ചിത്രീകരിക്കാനുള്ള തിരക്കിലായിരുന്നു മാധ്യമക്കാർ എന്നുവേണം മനസ്സിലാക്കാൻ. മുംബൈ അക്രമണം ചിത്രീകരിച്ചപ്പോൾ ഇന്തൃൻ പട്ടാളത്തിനു കഴിവു തെളിയിക്കാൻ പറ്റി എന്നു സ്ഥാപിക്കാനായി പിന്നെ മാധ്യമ വ്യഗ്രത ആ രീതി , മംഗലാപുരത്തു പബ്ബാക്രമണത്തിൽ ഉണ്ടായില്ല എന്നത് ഭാഗ്യം. പോലീസോ പട്ടാളമോ കഴിവു തെളിയിച്ചില്ലാ എങ്കിലും, സേന പുരുഷൻമാർ കഴിവുതെളിയിച്ചു. എന്നു സ്ഥാപിക്കുന്ന രീതിയിൽ ചിത്രീകരണങ്ങൾ പോകാതിരുന്നത് ശ്രദ്ധേയമാണ്. മാധ്യമങ്ങൾ വളരെ സ്ത്രീപക്ഷപര,മായി വാർത്ത പ്രെസിദ്ധീകരിരചു. പക്ഷേ മാധ്യമങ്ങളും പാർട്ടിക്കാരും ജാതീയ സേനകളും , എല്ലാവരും സ്ത്രീകളെ കരുവാക്കി കളിക്കുകയാണ് എന്ന അപ്രിയ സത്യം തിരിച്ചറിയാതിരുന്നു കൂടാ.
സാമൂഹികാവബോധവും സാംസ്കാരികാവബോധവും നിക്ഷിപ്ത താത്പര്യക്കാരുടെ പിടിയിൽ നിൽക്കാതെ വരുമ്പോൾ അവർ ആക്രമണം അഴിച്ചു വിട്ട് ശത്രുക്കളെ വകവരുത്തുന്ന രീതിയാണ് അവലംബിക്കാറുള്ളതല്ലോ. അതാണ് മംഗലാപുരത്തും സംഭവിച്ചത്. ഇത് പണ്ടത്തെ രാജാക്കന്മാർ ഭൂ പ്രദേശങ്ങൾ പിടിച്ചടക്കാൻ സൈന്യത്തെ വിട്ട് യുദ്ധക്കളം ഉണ്ടാക്കുന്ന രീതികൂടിയാണ്. കാലത്തെ പിന്നോട്ട് പിടിച്ചു വലിയ്ക്കുമ്പോൾ നടത്തുന്ന വ്യഥാവ്യായാമം! പക്ഷെ വ്യായാമം വ്യഥവിലാകുവാൻ പറ്റില്ലെന്ന വാശി കാണിച്ചു കൊണ്ടാണ് ശ്രീ രാം സേനക്കാർ വാലന്റെൻസ് ഡേയ്ക്കു ഭീഷണി മുഴക്കിയത്. മുന്നോടിയായി വടക്കൻ കേരളത്തിലെ എം.എൽ.എ യുടെ മകളെയും കാമുകനെയും പിടികൂടി മർദ്ദിച്ചു. (ഇവർ അതു നിഷേധിക്കുന്നുവെങ്കിലും). വാലന്റെൻസ് ഡേയിൽ പരസ്യമായി സ്നേഹപ്രകടനം നടത്തുന്നവരെ വീഡിയോയിൽ പകർത്തിയെടുത്തപമാനിക്കുകയോ കല്യാണം കഴിപ്പിക്കുകയോ ചെയ്യും എന്ന ഭീക്ഷണിയും മുഴക്കി് ഇവർ. ഇതിനെ ചെറുത്ത് തോൽപിക്കക്കാനെങ്കിലും കേരളത്തിലെ കാമുകീ കാമുകന്മാരെല്ലാം ഒരു ദിവസമെങ്കിലും പരസ്യമായി ആലിംഗനം ചെയ്തും ചുംബിച്ചും (വേണമെങ്കിൽ ബാറുകളിൽ പോയിരുന്ന് മദ്യപിച്ചും) നടന്നിരുന്നെങ്കിൽ!
|