|
|
കവിത>ക്യാമ്പസ് പുഴയ്ക്ക് പറയാനുള്ളത്
മീര
(എ-സോണ്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കവിത) | സ്വാഗതം,
പഴയ ചീട്ടുകളികേന്ദ്രത്തിലേയ്ക്ക്
ആ പഴയ രഹസ്യസങ്കേതത്തിലേയ്ക്ക്
പുറംലോകമറിയാതെ ഇവിടെയൊരു
പൊതുപരിപാടി നടക്കുന്നുണ്ട്
കെട്ടിടനിര്‍മ്മാനരംഗത്തെ പ്രമുഖര്‍
കെ ആര്‍ കെ ബില്‍ഡേഴ്സ് ആണു സ്പോണ്‍സേഴ്സ്
കാലത്തിന്റെ കപടതയെ ചോദ്യം ചെയ്തു കൊണ്ട്
ഇന്നിന്റെയും നാളെകളുടെയും ഇന്നലെകളില്‍
ഇടം തേടിയവര്‍ക്കായ്
ഒരു ചെറിയ ഉപഹാ(കാ)രം
സമയം വൈകുന്നൂ
തിരക്കു കുറയുന്നൂ
പാസുള്ളവര്‍ക്ക് വന്നു
മജ്ജയും മാംസവും ഊറ്റിയെടുക്കാനുള്ളതാണ്
നമുക്ക്, കാര്യപരിപാടിയിലേയ്ക്ക് കടക്കാം
ആദ്യം.. ഈശ്വരപ്രാര്‍ത്ഥന ?..
'വേണ്ട, വേണ്ട..' കയര്‍ത്തത് നിളയാണ്
' അങ്ങനെയൊരു മറ്റേടത്തെ മോനുണ്ടായിരുന്നെങ്കില്‍
ഇതാണോ നമ്മുടെ വിധി?'
അല്ലെന്നു ഒരുമിച്ചു പറയാന്‍ തുനിഞ്ഞതാണ്
എന്നിട്ടും ശബ്ദം പല ദിക്കിലേയ്ക്കായിത്തിരിഞ്ഞ്
പതിഞ്ഞ് ഇഴഞ്ഞാണ് നീങ്ങിയത്
'ഈയിടെയായി ക്ഷീണമാണ്
ഉറക്കത്തില്‍
സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ ലംഘിച്ച്
സരസ്സുകളെ സ്വപനം കാണുന്നു
പരല്‍മീനുകള്‍ ഇക്കിളികൂട്ടുന്നു
( ആരോ ആത്മഗതം പറഞ്ഞത്
ഉറക്കെയായിപ്പോയതാണോ?)
ഒടുവില്‍
പുഴകളെല്ലാം ചേര്‍ന്ന് കടലാകുന്നതും കാത്ത് ഞാനിരുന്നു
അവസാനനിമിഷത്തില്‍
മരണപ്പാച്ചിലെന്നവണ്ണം
അവരൊന്നിച്ചൊ(ച്ചി)ഴുകിയപ്പോള്‍
സുനാമി പോലെ
അലറിയാര്‍ത്തു തിമര്‍ത്തുവന്നത്
സത്യമായിട്ടും..
കൃത്യമായിപ്പറഞ്ഞാല്‍
മൂന്നു ഗ്ലാസ് വെള്ളം മാത്രമാണ്.
പുഴയുടെ കണ്ണീരെന്നു പറഞ്ഞ്
അതൊരു കുപ്പിയിലാക്കി ലേബലൊട്ടിച്ച്
വില്പനക്കായി ഞാന്‍ പോകവേ
മനസ്സറിയാന്‍ കഴിയാത്ത ക്യാമറകളെ
അവള്‍ക്കു സമ്മാനിച്ചു ,ഒരു കൂട്ടിന്.
സമ്മേളനവേദിയിലെ തല നരച്ചവള്‍
ആരോ, വെള്ളം കഴുത്തില്‍ നിന്നിറക്കുന്ന
ശബ്ദത്തിനു ചെകിടോര്‍ക്കുമ്പോള്‍
പുറകിലെ മണല്‍ത്തിട്ടയില്‍
(ക്ഷമിക്കണം ,അറിയാതെ വന്നുപോയതാണ്)
പുറകിലെ പൊന്തക്കാടുകളിലേയ്ക്ക്
മുഖം പൂഴ്ത്തി പുറംതിരിഞ്ഞ്
മൂന്നു പേര്‍ സംഘം ചേര്‍ന്നിരുന്നിരുന്നു..
ഞാന്‍ കൈനിറയെ കാശുമായി
പ്രവാസി മലയാളിയായി
തിരിച്ചെത്തിയപ്പോഴേയ്ക്കും
പാസുള്ള പാവങ്ങളും..??!
പാസില്ലാ കെ.ആര്‍.കെ യും
അരുതെയെന്നുവിലക്കുന്നതിന്‍ മുന്‍പെ
തീന്‍മേശയില്‍നിന്നും
ഫോര്‍ക്കും സ്പൂണും
വാരിവലിച്ചെടുത്തുകഴിഞ്ഞിരുന്നു.
(ഇതെന്തൊരാക്രാന്തമാണ് !)
അടുത്തായി,
ക്യാമറക്കാലുകള്‍ ബോധം കെട്ടു കിടപ്പുണ്ട്
ക്യാമറയുടെ കണ്ണ് ആരോ എറിഞ്ഞുടച്ചിരിക്കുന്നു.
അതിനുമടുത്തായി
ചാലിയാറിന്റെ അഴിഞ്ഞുവീണ
ചുളിവുവീണ അടിപ്പാവാട,
പെരിയാറിന്റെ കൊഴുത്ത കൈയ്യിലെ
തകര്‍ന്നടിഞ്ഞ വളക്കഷണങ്ങള്‍,
മരവിച്ച നിളയുടെ പൊള്ളുന്ന നെറ്റിയില്‍
ആരോ പരത്തിയ, സിന്ദൂരത്തിന്റെ ചുവപ്പ്.
(അബോധത്തിലായിരുന്നിട്ടുകൂടി
നിള വാസൂനെച്ചൊല്ലിക്കരയുന്നുണ്ടായിരുന്നുവോ?
അറിയില്ല.)
പിന്നെ പച്ചയ്ക്കു പറയാന്‍ പറ്റാത്തവിധം
ആരൊക്കെയോ ചേര്‍ന്നു മാനഭംഗപ്പെടുത്തിയിട്ട
നാനാജാതിപ്പുഴകളുടെ ചീഞ്ഞുനാറുന്ന ജഡങ്ങള്‍.
മൂക്കു പൊത്തരുത്..
കണ്ണുകളിറുക്കിയടച്ച്, പല്ലുകടിച്ച്
ചെവികളില്‍ വിരലുകള്‍ തിരുകരുത്
ഇത് പുഴയുടെ വിലാപമാണ്
പച്ചത്തെറിയാണ്
നീയും ഞാനും സൂക്ഷിക്കുക
കൈവിരലുകളില്‍ കുരുങ്ങിയ
മുടിനാരിഴ മതിയാകും
നമ്മളെ പ്രതികളായി മാറ്റാന്‍
സൂക്ഷിക്കണം
പുഴ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു
|
|

|