|
|
ക്യാമ്പസ് > കഥ നക്ഷത്രങ്ങള്‍ അനുപമ പി ബി | തീരങ്ങൾ ഓരോന്നൊഴുകി മായ്ക്കുന്ന തിരമാലകൾ നോക്കി ഞാൻ ആ തീരത്തുതന്നെയായിരുന്നു. ജീവിതം എന്ന നൂൽപ്പാലത്തിലേറി കെട്ടിപ്പെടുത്തിയെടുത്ത സൗഭാഗ്യങ്ങളെയോർത്ത്. എന്നാലിന്ന് ഒന്നുമില്ലാത്തതിനു തുല്യമായി . എല്ലാം ഉണ്ടായിട്ടും.... കണ്ണുനീർ എന്റെ കവിളിനെ തഴുകി മടിയിൽ വീണു. കാറിന്റെ ഹോണടി കേട്ടാണ് ഞാൻ ഉണർന്നത്. ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു. കാറിനുള്ളിലിരുന്നും ഞാൻ ചിന്തിച്ചത് എന്റെ ജീവിതത്തെപ്പറ്റിയായിരുന്നു. എന്റെ ജീവിതത്തിൽ മകൾക്ക് നൽകാതെപോയ സേ്നഹത്തെപ്പറ്റി, സ്ഥാനത്തെപ്പറ്റി. എന്റെ ഓർമ്മകൾക്കിടയിലൂടെ കാലങ്ങൾ എത്രതെന്നെ കടന്നുപോയാലും ഒരുപക്ഷെ ഞാൻ ഓർമ്മിക്കുന്ന മുഖം നിഷ്കളങ്കത നിഴലിക്കുന്ന എന്റെ ചക്കിയുടേതായിരിക്കും. അവളെയെനിക്ക് ജീവനായിരുന്നു. അവൾക്ക് എന്നോട് അതിലേറെ ഒരുപാട് സ്നേഹമായിരുന്നു. ഓമനത്തം നിലനിൽക്കുന്ന കുട്ടിത്തമുള്ള മുഖമായിരുന്നു എന്റെ ചക്കിയുടേത്. പക്ഷെ ഞാൻ വിധി കറക്കിവിട്ട പട്ടം പോലെയായിരുന്നു.
സന്തോഷം മാത്രം നിറഞ്ഞതായിരുന്നു എന്റെ ജീവിതം. ഞാനും ദേവേട്ടനും, പിന്നെ മോളും. ചക്കി അന്ന് ചെറിയകുട്ടിയായിരുന്നു. കളിയും, ചിരിയും, കൊച്ചു കൊച്ചു പിണക്കങ്ങളുമായിരുന്നു അന്ന് ഞങ്ങൾക്കിടയിൽ. എന്നാൽ ദൈവങ്ങൾ എന്നോട് ക്രൂരത മാത്രമേ കാട്ടയുള്ളൂ... ദേവേട്ടൻ... ദേവേട്ടൻ ഒരു കാർ ആക്സിഡന്റിൽ എന്നെയും മോളെയും വിട്ടുപോയി. എന്നാൽ അന്നു ഞാൻ പതറിയില്ല. എനിക്ക് കൂട്ടായി ചക്കി ഉണ്ടായിരുന്നു. എന്നാൽ ഇന്ന്.....?
ദേവേട്ടൻ മരിച്ചതിൽ പിന്നെ ബിസിനസ്സ് നോക്കി നടത്തേണ്ട ചുമതല എനിക്കായി. പിന്നെ എന്നും തിരക്കുകൾ മാത്രമായി. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഞാൻ എന്റെ ചക്കിയെ മറന്നു. സ്നേഹിക്കാൻ എനിക്ക് സമയം കിട്ടിയില്ല. അവൾക്ക് എന്തിനും ഏതിനും ജോലിക്കാരെ ഞാൻ നിയമിച്ചു. ചക്കിയ്ക്ക് എന്റെ കുറവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും അവൾ എന്നിൽ നിന്ന് അകലാൻ തുടങ്ങിയിരുന്നു. ആ രാത്രി ഞാനിപ്പോഴും ഓർക്കുന്നു. മനസ്സിന്റെ വിഷമമോ, അതോ രോഗമോ അറിയില്ല ചക്കിയെ ആരാ പിടികൂടിയതെന്ന്. അവസാനനിമിഷം അവൾ എന്നോട് പറഞ്ഞു. ഇന്നെങ്കിലും അമ്മ എന്നോട് കൂടെ ഉണ്ടല്ലോ.... കരൾ പിടയുന്ന അവളുടെ വാക്കുകൾക്ക് നേരെ കണ്ണുനീരുതിർക്കാനെ എനിക്കു കഴിഞ്ഞുള്ളു. ഒടുവിൽ അവൾ എന്നിൽ നിന്നും ദൂരേയ്ക്ക് പറന്നു, ദൂരേയ്ക്ക്... അവൾ മരണത്തോടടുത്തപ്പോൾ അവളുടെ മനസ്സിൽ എന്തായിരുന്നിരിക്കും. അവൾക്ക് ഒരുപാട് വേദനിച്ചിരിക്കുമോ, അവളെന്നെ ശപിച്ചിരിക്കുമോ? അവളുടെ നിഷ്കളങ്കമായ മുഖമെന്റെ മനസ്സിൽ തെളിയുമ്പോൾ ഞാനാഗ്രഹിക്കും ഈ നിമിഷം അവളൊന്നു മടങ്ങി വന്നെങ്കിലെന്ന്.....
വീടിനു മുന്നിൽ കാർ സഡൻ ്രബേക്കിട്ടപ്പോഴാണ് ഞാൻ ഓർമ്മകളിൽ നിന്നുണർന്നത്. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ... ദേവന്റെയും ചക്കിയുടെയും മാലയിട്ട ചിത്രത്തിനു മുന്നിൽ ഞാൻ തളർന്നിരുന്നു. ഇപ്പോൾ ഞാൻ എന്റെ ചക്കിയുടേയും ദേവേട്ടന്റെയും കൂടെയാണ്, ആകാശത്ത് മൂന്ന് നക്ഷത്രങ്ങളായി..... |
|

|