Home | Contact Us | Guestbook | Font
Jyothiss

അനുഭവം
കൊല്ലവര്‍ഷം 1184 - കര്‍ക്കിടകം
ദേവസേന


കര്‍ക്കിടകം ഒന്നാം ഖണ്ഡം 

 

കുട്ടിക്കാനത്തിന്റെ നെ‍ൂകയിലാണ്‌.

അവിടുത്തെ മേഘങ്ങള്‍ അസാരണമാം വിധം അനുരാഗികളാണ്

സൂക്ഷിച്ചുനോക്കിയാലറിയാം. മലമുകളിലൂടെ മെല്ലെ സഞ്ചരിച്ച്  സഞ്ചരിച്ച്

അതീവ സുന്ദരിയെന്നു തോന്നുന്ന മലമടക്കുകളിലേക്ക് വളരെ ശ്രദ്ധയോടെയിറങ്ങും,

മുലമൊട്ടുകളെയാകെമാനം പുണര്‍ന്നു മൂടും

പൂണ്ടടക്കം ചുറ്റിപ്പിടിച്ച് കിടക്കും. മിനിറ്റുകള്‍കഴിയുമ്പോള്‍  അകന്നുയര്‍ന്നു പെയ്യും

പിന്നെക്കാണാമെന്ന് പറഞ്ഞ് പിന്നേയും യാത്ര പോകും.

മകള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. അവള്‍ തിരക്കിലാണു. മദര്‍സുപ്പീരിയറിനോടും, ഹോസ്റ്റല്‍ മുറിയോടും, മുറ്റത്തെ പൂന്തോപ്പിനോടും, സ്ഥിരമായി നടന്നുപോകുന്ന വഴികളോടും, ചുറ്റും കണ്ണെത്താതെ കിടക്കുന്ന തെയില‍ക്കാടിനോടും,. ജങഷനിലെ ബേക്കറിക്കാരനോടു വരെ

എന്നെ ചൂണ്ടിപ്പറഞ്ഞുകൊണ്ടിരുന്നു ‘ അമ്മയാണു; എന്റെ അമ്മയാണു’. എനിക്കറിയാതെ കണ്ണു നിറഞ്ഞു.

ഇരുവശവും തെയിലക്കാടുകള്‍ നിറഞ്ഞ, നടുവിലെ ഏകാന്തമായ, മനോഹരമായ വഴികളിലൂടെ നടക്കുകയാണു. ദൂരെ നിന്ന് എന്താണാ വരുന്നത്?  മേഘത്തിന്റെ വലിയൊരു തുണ്ട് അടര്‍ന്നോട് വരുന്നതു പോലെ. ഇരച്ച്പാഞ്ഞടുത്ത കാറ്റില്‍ മഴയുടെ കാതടപ്പിക്കുന്ന കരഘോഷം. ഞങ്ങളാകെ നനഞ്ഞു. നനഞ്ഞെവെന്നു വെച്ചാല്‍ തരുമ്പും ബാക്കിയില്ലാതെയുള്ള നനവ്.  ഇത്തിരികഴിഞ്ഞ് അര്‍ദ്ധബോധത്തില്‍ ഞാന്‍‍ ചോദിച്ചു. ‘എടാ മഴയല്ലേടാ ഈ പെയ്യുന്നത്?’ ഇതെന്തു ചോദ്യമെന്ന് രസം പിടിച്ചുള്ള അവളുടെയാര്‍ത്തുചിരിയില്‍ ഞാന്‍ പിന്നേയും നനഞ്ഞു. കര്‍ക്കിടകം പെയ്യുകയാണു 

                               

കര്‍ക്കിടകം രണ്ടാം ഖണ്ന്ധം

 

ഏറ്റവും ഏകാന്തമായ പ്രദേശത്തു നില്‍ക്കുന്ന ഇരു തട്ടുകളുള്ള എന്റെ വീടിന്റെ എല്ലാ വാതിലുകളും, ജനാലകളും തുറന്നിട്ടു.  വൈകിയെത്തിയ കര്‍ക്കിടം എന്തും തകര്‍ക്കുമെന്ന മട്ടില്‍ പുറത്തു പെയ്യുന്നു. ശക്തി   തെളിയിക്കാന്‍ വീശുന്ന കാറ്റ് ചുറ്റുമുള്ള റബ്ബര്‍ മരങ്ങളില്‍ തട്ടി വീണു, വീടിന്റെ ജനാലപാളികള്‍ അടച്ചും തുറന്നും കളിക്കുന്നു. നടനും എഴുത്തുകാരനുമായ ശ്രീരാമന്റെ ഞാറ്റുവേലകളെക്കുറിച്ചുള്ള കുറിപ്പിലെ ‘i am suffering from rain and wind'  എന്ന വാചകമോര്‍ത്ത് , പൂമുഖത്തെ വെറും തറയില്‍ അലസയുടെ പൂര്‍ണ്ണ രൂപം പോലെ ഞാന്‍ കിടന്ന് മഴ കാണുന്നു.  ഞാന്‍ മാത്രമാണു ആ വീട്ടിലെ വാസക്കാരി. ലോകത്തെ മുഴുവന്‍ മഴ അടക്കി ഭരിക്കുന്ന ആ നേര‍ത്ത് , ആ കിടപ്പില്‍ കിടന്ന് മരിക്കണം എന്നു വരെ നിനച്ചു.  അപ്പോഴാണു പെരുമഴയിലൂടെ വെളുപ്പില്‍‍‍  ചാരകളങ്ങളുള്ള ഷര്‍ട്ടും ഉണങ്ങിയ ഇലയുടെ നിറമുള്ള   പാന്റുമിട്ട്,  വലിയ കണ്ണുകളില്‍ നൂറ്റാണ്ടുകളുടെ ദുഖവും നിറച്ച്,  മറ്റൊരു മഴ നടന്നു വരുന്നതു കണ്ടത് . അത്ഭുതവും ആശ്ചര്യവും  സങ്കടത്തിലും ഞാന്‍ പെട്ടു. ഒരുതരം ഭൂതാവേശം. പെട്ടന്നു കരച്ചില്‍ വന്നു. എവിടെയായിരുന്നു നീ ഇത്ര കാലം? എവിടെയാണു എന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്? എത്ര തിരഞ്ഞു ഞാന്‍ ? എത്ര നീന്തിയും തുഴഞ്ഞുമാണു ഈ നിമിഷം നിന്നെ കണ്ടെത്തിയത് ?? മുടി, ചിരിക്കുമ്പോള്‍ നേര്‍ത്ത വര‍കള്‍ വീഴുന്ന നെറ്റി, കണ്ണുകള്‍,  മൂക്കു, കഴുത്ത്,  ചെവികള്‍, കാല്‍നഖങ്ങള്‍, കൈവിരലുകള്‍, എല്ലാം സൂക്ഷ്മമായി വീണ്ടും വീണ്ടും പരിശോധിച്ചു. ഒരു മാറ്റവുമില്ല. എല്ലാം അതു തന്നെ. കഴിഞ്ഞ ജന്മങ്ങളിലേതു തന്നെ.  വലതുകൈത്തലം കണ്ടു ഞാന്‍ ഞെട്ടിപ്പോയി. ആയുര്‍ രേഖയെവിടെ? ഭാഗ്യരേഖയെവിടെ?  വിദ്യാ രേഖയെവിടെ? എല്ലാം ഛിന്നഭിന്നമായിരിക്കുന്നു. ആരാണിതു വെട്ടിനുറുക്കി നാലുപാടും എറിഞ്ഞിരിക്കുന്നതു? ആ കൈപടത്തിലേക്കു മുഖമമര്‍ത്തിയപ്പോള്‍ എനിക്കടിവയറ്റിലെന്തോ ഉരുണ്ട് മേലേക്കു കയറി.  ജന്മങ്ങളുടെ‍ പരിചയമുള്ള ഈ സ്പര്‍ശം എനിക്കെവിടെവെച്ചാണു നഷ്ടപ്പെട്ടതു?   എണ്‍പതുകളിലെവിടെയായിരുന്നു? തൊണ്ണൂറുകളിലെവിടെയായിരുന്നു?  രണ്ടായിരത്തിന്റെ ഒന്‍പതാം ആണ്ടു വരെ എവിടെയായിരുന്നു? (അറിയുമോ,  9 എന്റെ ഭാഗ്യസംഖ്യയാണു) എന്റെ ഇടതുകൈപ്പത്തിയിലെ ഇളം പച്ചഞരമ്പിലും പിന്‍കഴുത്തിലും നീ ഉമ്മവെച്ചപ്പോഴൊക്കെ ഹൃദയത്തിന്റെ അറകളിലെല്ലാം അഗ്നിപര്‍വ്വതം ഇരമ്പി. രോമങ്ങളെല്ലാം ധൃതി വെച്ചെണീറ്റു നിന്നു. ഗാഢമായി പുണര്‍ന്നപ്പോഴൊക്കെ, ഇനിയും ഇറുകെ ഇറുകെയെന്ന് ആത്മാവു നിലവിളിച്ചു. ഇത്രയും ആദ്രമായി, അഗാധമായി, ഒരാളും എന്നെ ഉമ്മവെച്ചിട്ടില്ല.  ഇനിയുമെന്നെ ഉപേക്ഷിച്ചു പോവരുതെന്ന്  പറയുന്നതിനു മുന്‍പേ, ഇനിയെപ്പോള്‍ കാണുമെന്നു പോലുംപറയാതെ മഴ പടിയിറങ്ങി. പുറത്തു കര്‍ക്കിടക മഴ ശമിച്ചു. വലിയൊരു കരച്ചിലോടെ വെറുംതറയിലേക്കു ഞാന്‍ വീണു.

 

കര്‍ക്കിടകം മൂന്നാം ഖണ്ന്ധം

                                

എയര്‍പ്പോര്‍ട്ടിലേക്കുള്ള വഴിയില്‍ അമ്മ മൌനത്തിലായിരുന്നു. 

തിരികെ വരുന്നതിനു മുന്‍പുള്ള ചില ദിവസങ്ങള്‍ സ്വന്തം വീട്ടിലാണു. അഛന്‍, അമ്മ, മകള്‍, മകന്‍_ ‍, അനന്തരവന്‍, പിന്നെ പട്ടി, കോഴികള്‍, വിരുന്നുകാ‍ര്‍. സര്‍വത്ര ബഹളമയം. പതിവുപോലെ പറമ്പില്‍ നിന്നും ചന്തയില്‍ നിന്നുമുള്ള പച്ചക്കറികള്‍ വീട്ടിന്റെ മൂലയില്‍ കൂട്ടി വെച്ചിട്ടുണ്ട്. ഒക്കെ തന്നു വിടാനാണു.  ഇതൊന്നും കൂടാതെ വീടിന്റെ പിറകിലെ മരത്തില്‍ തോട്ടിക്കു പോലും എത്താതെ  ഉയരത്തില്‍ കയറി ഒരു നെയ് കുമ്പളങ്ങ കായ്ച്ച് പാകമായി കിടക്കുന്നു.  അതെങ്ങെനെയും താഴെയെത്തിക്കണം. അതെച്ചൊല്ലി  രാവിലെ തുടങ്ങിയ തര്‍ക്കമാണു.  രണ്ടു പേര്‍ക്കായി അനുവദിക്കപ്പെട്ട 40 കിലോയില്‍ 1 ഗ്രാം  കൂടുതല്‍ കൊണ്ടു പോവില്ലന്നുള്ളത് നിശ്ചയിച്ചുണ്ടെന്നും എണ്ണി എണ്ണിക്കൊടുക്കാന്‍ എനിക്കു കാശില്ലെന്നുമൊക്കെ കട്ടായം പറഞ്ഞതു കേട്ട്  അമ്മക്ക് ഉത്സാഹം നഷ്ടപ്പെട്ടു. അത്യാവശ്യകാര്യങ്ങള്‍ക്കായി ഞാന്‍പുറത്തേക്ക് പോയിവന്ന അല്പനേരത്തിനുള്ളില്‍ ഒരു പെട്ടി സാമാനങ്ങള്‍ നിറച്ച് കെട്ടി മാറ്റി വെച്ചു കഴിഞ്ഞു. എന്തൊക്കെയാണതില്‍ ‍? ഏത്തക്കുല, ഹല്‍‍വ - ഉപ്പേരികെട്ടുകള്‍, പച്ചക്കറികള്‍ മുതല്‍ കറിവേപ്പിലകെട്ടുകള്‍, വരെ. നിശ്ചയമായും നെയ് ക്കുമ്പളങ്ങയും. മറുപെട്ടിയില്‍ കിട്ടിയ തുണികളെല്ലാം വാരികെട്ടി യാത്രയാവുകയാണ് . ഇറങ്ങാന്‍ നന്നേ വൈകിയിട്ടുണ്ട്.

 ‘ഒരു കയ്യില്‍ നെയ് ക്കുമ്പളങ്ങയും മറുകയ്യില്‍ വാഴക്കുലയും തൂക്കി അമ്മക്ക് തിരികെ വരേണ്ടി വരുമെന്ന മകളുടെ‍ പരിഹാസവും,   ‘ഒന്നും വരില്ല പ്രാര്‍ത്ഥിച്ചോണ്ട് പോയാല്‍ മതി‘ എന്ന് സന്യാസിനിയുടെ ഭാവത്തില്‍ അമ്മ മറുപടിപറഞ്ഞതുമൊഴിച്ചാല്‍ യാത്രാമദ്ധ്യേ പതിവുപോലെ എല്ലാവരും നിശബ്ദരായിരുന്നു. .

ആലപ്പുഴ കഴിഞ്ഞപ്പോള്‍ മഴ വീണു. വെറും മഴയല്ല. പെരുമഴ. കൂടുതലുള്ള 12 കിലോയെക്കുറിച്ചുള്ള പരിഭ്രാന്തി ഇല്ലാതാക്കുന്ന മഴ.  വളരെ വൈകിയതിനാല്‍  ഡ്രൈവര്‍ ആരോടോ മത്സരിക്കുന്നപോലെ  സര്‍വ്വശക്തിയുമെടുത്ത് വണ്ടിയോടിക്കുകയാണു. മഴയും നല്ല വാശിയിലാണു. ഒരു മണിക്കൂറെങ്കിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല.  ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള ദിവസവും മൂന്നു നാള്‍ മുന്‍പായിരുന്നു. വൈകുന്നതില്‍ എനിക്ക് അകാരണമായ സന്തോഷമുണ്ടായി. ഇടപ്പള്ളി കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ക്കൊന്നും കാണാന്‍ വയ്യാതെയായി. ട്രാഫിക്ക് കുരുക്കാണെങ്കില്‍ ഭീകരമായി. അന്ധനെപ്പോലെയാണയാള്‍ വണ്ടി തെളിയിക്കുന്നത്.   ഇയാളെന്തിനാണിത്ര കഷ്ടപ്പെടുന്നത്?. എനിക്കു പോകാനേ തോന്നുന്നില്ലന്ന് ഇവരാരും മനസിലാക്കതെന്താണു?  ഫ്ലൈറ്റ് പോയാല് പോവട്ടെ. ജോലി പോയാല്‍ പോവട്ടെ. ? പോവല്ലേയെന്ന് നിലവിളിച്ചുകൊണ്ട് മഴ പിറകേ വരികയാണു. ഈ വണ്ടി എവിടെയെങ്കിലും ഇടിച്ചു നില്‍ക്കണേയെന്ന് ഞാന്‍ മൌനമായി ഉരുവിട്ടുകൊണ്ടിരുന്നു.  നിര്‍ഭാഗ്യം !. ഞങ്ങളെത്തി. ഒരു മണിക്കൂര്‍ കൂടി ബാക്കിയുണ്ടെന്ന് പറഞ്ഞ് ലഗ്ഗേജ്  ട്രോളിയിലേക്കിടുമ്പോള്‍, പോകരുതെന്ന് അവസാന വാക്കു പറഞ്ഞ്  കര്‍ക്കിടകം  രണ്ടും കല്‍പ്പിച്ച് ഉറഞ്ഞു പെയ്തു പെട്ടികള്‍ മുഴുവന്‍ നനച്ചു,

ലഗ്ഗേജിന്റെ തൂക്കപരിശോധന ക്യൂവിലേക്ക് സാവധാനം നടന്നു.  പെട്ടികള്‍ തൂക്കുമ്പോള്‍ 46-ന്നു കണ്ട് സംശയമായി. വീട്ടില്‍ വെച്ച്  52 ന്നു കണ്ടിരുന്നു. ഒരുവാക്കും പറയാതെ ഉദ്യോഗസ്ഥന്‍ ‍ ഒട്ടിച്ച സ്റ്റിക്കരിന്റെ അകമ്പടിയോടെ എന്റെപെട്ടികള്‍ കയറി പോകുന്നു. എന്താണവര്‍ക്കു പറ്റിയത്? എന്താണവര്‍  ഒരക്ഷരവും മിണ്ടാത്തതെന്നാലോചിക്കുമ്പോള്‍ അമ്മയുടെ പ്രാര്‍ത്ഥന ഓര്‍മ്മ വന്നു. ‘കുഴപ്പമൊന്നുണ്ടായില്ലന്നു പറയാന്‍ അഛനു ഫോണ്‍ വിളിക്കുമ്പോള്‍  ‘ആ അരിപ്പൊടി പാക്കറ്റുകള്‍ കൂടി വെയ്ക്കാമായിരുന്നുവെന്ന് അമ്മയുടെ ശബ്ദം പിറകില്‍ കേട്ടെനിക്കു ചിരിയും കരച്ചിലും ഒപ്പം വന്നു. നേരം വളരെയതിക്രമിച്ചിരിക്കുന്നു ഇമിഗ്രേഷനും കടന്ന്  നേരെ എയര്‍ക്രാഫ്റ്റിലെ സീറ്റില്‍ നിലയുറപ്പിച്ച്  മനസ് ഏകാഗ്രമാക്കി, പ്രിയപ്പെട്ട ഒരാള്‍ക്കു അവസാനമായി ഫോണ്‍ ചെയ്ത്  ‘പോവാന്‍ തോന്നുന്നില്ല, സങ്കടമാകുന്നു‘ എന്നു മാത്രംപറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ്ഫ് ചെയ്തു കണ്ണടച്ചപ്പോള്‍  ഓര്‍മ്മകളുടെ പരശതം മഴത്തുള്ളികള്‍  ദിക്കുകള്‍ മറന്ന് പെയ്യുന്നുണ്ടായിരുന്നു. 

‘ഇപ്പോഴും മഴയുണ്ടോ? മകനോടു ചോദിച്ചു. 

ചെറിയ ജനാലയിലൂടെ പുറത്തേക്കു നോക്കിയവന്‍ പറഞ്ഞു. ‘ഇല്ല. ഒട്ടുമില്ല.’

മഴ തോറ്റിരിക്കുന്നു. അതിലധികമായി ഞാനും തോറ്റിരിക്കുന്നു.

വിട. പ്രിയ കര്‍ക്കിടകത്തിനു തല്‍ക്കാലം വിട.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font