Home | Contact Us | Guestbook | Font
Jyothiss

അനുഭവം -> സ്കൂള്‍
‌ഇനിയെനിക്ക്‌ സ്കൂളിൽ ഓണമില്ല
രാധിക ആർ.എസ്‌.

2009-ലെ ആഗസ്റ്റിൽ പന്നിപ്പനി എന്ന H1N1 പേടി കാരണം സ്കൂളുകളിൽ അസംബ്ലി പാടില്ല എന്ന സർക്കുലർ ഞങ്ങളുടെ കേന്ദ്രീയ വിദ്യാലയത്തിലും വന്നു.
15 ദിവസത്തേക്ക്‌ അസംബ്ലി ഇല്ലാത്തതിനാൽ ഇത്തവണത്തെ ഓണാഘോഷവും വേണ്ടെന്ന്‌ വച്ചു. ഓണാവധിക്ക്‌ സ്കൂൾ അടയ്ക്കുന്ന ദിവസം എല്ലാ കുട്ടികളും സാധാരണപോലെ യൂണിഫോമിൽ സ്കൂളിലെത്തി. ആന്നെനിക്കു ഒരു സുഹൃത്തു അയച്ച  ഇ-മെയിലിൽ ഹാപ്പീ ഓണം എന്ന തിലെ എചും എന്നും(H N )  എച്‌-1 എൻ -1 (H1 N1 ) ആയി മാറിയിരുന്നു..
രണ്ടാം പിരിയഡ്‌ ആയപ്പോൾ പതിനൊന്നാം  ക്ലാസ്സിലെ കുട്ടികൾ ഞങ്ങൾ പന്ത്രണ്ടാം  ക്ലാസുകാരെ തേടിയെത്തി. "ചേച്ചി ഞങ്ങളെ സഹായിക്കണം" ഓണം ആഘോഷിക്കാൻ പ്രത്യേക അനുവാദം കിട്ടിയിരിക്കുന്നു. ഒരു തയാറെടുപ്പും ആർക്കും ഇല്ല. ശ്രീധരൻ സാർ പറഞ്ഞു "12 ബി യിലെ രാധികയോട്‌ പറയൂ- അവൾ ഓണത്തെക്കുറിച്ച്‌ പരിപാടിക്കിടെ പറയാൻ സ്ക്രിപ്റ്റ്‌ എഴുതിത്തരും"-
കേന്ദ്രീയ വിദ്യാലയത്തിൽ അൽപം മലയാളം എഴുതും എന്ന പ്രത്യേകത എനിക്കുണ്ടല്ലോ.പതിനൊന്നാം ക്ലാസുകാർ വായിച്ചോളുമല്ലോ. ഒരു കൂട്ടുകാരിയേയും കൂട്ടി സ്ക്രിപ്റ്റ്‌ എഴുതിത്തുടങ്ങി.
'ഗൃഹാതുരത്വം' എന്ന നൊസ്റ്റാൾജിയ, 'ഒത്തൊരുമ', 'പൊന്നിൻ ചിങ്ങം' അങ്ങിനെ സ്ഥിരം വാക്കുകൾ ചേർത്തു.
ഈ ഓണത്തിന്‌ പൂവില്ല-പൂവിളിയില്ല , പാട്ടില്ല, എല്ലാത്തിലുമുപരി മാവേലിയുമില്ല. 9.35 ന്‌ പ്രോഗ്രാം തുടങ്ങണം. ഒന്നും ഒരുക്കിയിട്ടില്ല.
എന്റെ സ്ക്രിപ്റ്റ്‌ പ്രകാരം ആദ്യം 'പൂവിളി പൂവിളി പൊന്നോണമായി' എന്ന സിനിമാപ്പാട്ട്‌ അറിയാവുന്നവരെ സംഘടിപ്പിച്ചു- വഞ്ചിപ്പാട്ട്‌ അറിയാവുന്നവരെ മറുഭാഗത്തും ഒരുക്കി -
'പാർവണേന്ദുമിഖി' യെ പരിചയമുള്ളവർക്ക്‌ തിരുവാതിര സ്റ്റെപ്പിട്ടു - 5 മിനുട്ട്‌ റിഹേഴ്സൽ.!
മാവേലിയെ സംഘടിപ്പിക്കണ്ടേ? ഒരു തടിയൻ കുട്ടിയെ തെരഞ്ഞുപിടിച്ചു - ടീച്ചേഴ്സിന്റെ ക്വാട്ടേഴ്സിൽ പോയി മുണ്ടും നേര്യതും സംഘടിപ്പിച്ചു. കുറെ ലിപ്സ്റ്റിക്കും റോസ്‌ പൗഡറും തേച്ചു പിടിപ്പിച്ചു - കിരീടവും വെച്ചപ്പോൾ മാവേലി റെഡി.
ഒരു കുള്ളൻ കുട്ടിയുടെ തലയിൽ പപ്പടവും ഒട്ടിച്ച്‌ പൂണൂലും ഇട്ട്‌ താറും ഉടുപ്പിച്ചപ്പോൾ വാമനൻ തയാർ.
ഇനി പുലികളി -
പുലി മുഖം ഇല്ലാതെ 11-ലെ ആൺകുട്ടികൾ ഷർട്ടും പാന്റും ഇട്ട്‌ യൂണിഫോമിൽ -
മുഖത്തിനൊപ്പം രണ്ടു കൈകളും വിടർത്തി നരേന്ദ്രപ്രസാദ്‌ സ്റ്റൈലിൽ വിരലുകൾ തിരിപ്പിച്ച്‌ കുനിഞ്ഞു നിന്നപ്പോൾ പുലികളായിതോന്നി - അപ്പോഴാണ്‌ വാലില്ലല്ലോ എന്നോർത്തത്‌.പതിനൊന്നാം ക്ലാസുകാരല്ലേ - ആവശ്യത്തിന്‌ വാലുണ്ടല്ലോ - അപ്പോൾ പ്രത്യേകിച്ച്‌ വാൽ വേണ്ടെന്ന്‌ വച്ചു -
മാവേലി വരുമ്പോൾ പറയാൻ വാചകം കിട്ടാത്തതുകൊണ്ട്‌ വെറുതെ "ആർപ്പോ ഇർറോ..." വച്ച്‌ കാച്ചി.
തട്ടിക്കൂട്ടിയ ഈ ഓണാഘോഷം പതിവിൽ ഉള്ളതിനേക്കാൾ കേമം ആയി. പന്നിപ്പനിപ്പേടിയിൽ വേണ്ടെന്ന്‌ വച്ച ഓണാഘോഷം (എന്റെ സ്കൂൾ ജീവിതത്തിലെ അവസാന ആഘോഷം) പക്ഷേ ഇങ്ങിനെ ആഘോഷിക്കാൻ സാധിച്ചു - എന്റെ മലയാളം സ്ക്രിപ്റ്റിലൂടെ അരങ്ങിലെത്തിയ ആദ്യ ഓണം ആയി.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font