|
|
അനുഭവം ശക്തി തരുന്നത് ശ്രീകുമാരി.എസ് | പാലക്കാട്ടെ പ്രസിദ്ധമായ ഒരു അൺഎയിഡഡ് സ്ക്കൂളിലെ പന്ത്രണ്ട് വർഷത്തെ സേവനത്തിന് ശേഷമാണ് ഞാൻ ഈ വർഷം പുതിയ ഒരു സ്ക്കൂളിൽ അധ്യാപികയും കൗൺസിലറുമായി ജോലിയ്ക്ക് പ്രവേശിച്ചത്.
കൃസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ള പഴയ സ്ക്കൂളിൽ പന്ത്രണ്ട് വർഷത്തോളം പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളെ പഠിപ്പിച്ചപ്പോൾ ഒത്തിരി ഒത്തിരി അനുഭവങ്ങൾ ഓർമ്മകളിൽ സൂക്ഷിയ്ക്കാനുണ്ട്. പക്ഷേ ഈ സ്ക്കൂളിലെ ആദ്യ രണ്ടു ദിവസത്തെ അനുഭവം എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.
പാലക്കാട്ടെ അതിർത്തി ഗ്രാമമായ കോഴിപ്പാറ എന്ന കുഗ്രാമത്തിൽ വളർന്ന് വരുന്ന അഹല്യാഫൗണ്ടേഷന്റെ കീഴിൽ അഹല്യ പബ്ലിക് സ്ക്കൂളിലെ പുതിയ അദ്ധ്യയനവർഷത്തിലെ ആദ്യ ദിവസത്തിനെപ്പറ്റി എഴുതുന്നതിനു മുമ്പ് അവിടുത്തെ അന്തരീക്ഷം എഴുതാം.
അഹല്യാ നേത്രാലയം, ആയുർവേദാശുപത്രി എന്നിവയിലെ സ്റ്റാഫിന്റെ കുട്ടികളെ കൂടാതെ പുറമെയുള്ള കുട്ടികളും പഠിയ്ക്കുന്നു. അനാഥരോ അച്ഛനും അമ്മയ്ക്കും വേണ്ടാത്തവരോ അവർക്ക് പരിപാലിക്കാൻ കഴിയാതെ വരുന്നവരോ ആയ പതിനഞ്ച് പേർ വേറെയും. അവർ താമസിയ്ക്കുന്നിടം 'അഹല്യാ കെയർ ഹോം' എന്ന പ്രത്യേക ഹോസ്റ്റലും -
ആദ്യ ദിവസം തന്നെ ഒന്നാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ ഒരു കുട്ടിയെയും കൊണ്ട് എന്റെ അടുക്കൽ വന്നു. അവൻ കേൾക്കാതെ പറഞ്ഞു.
"ടീച്ചർ ഇവൻ ക്ലാസ്സിലെ വികൃതിക്കുട്ടി - മറ്റു കുട്ടികളെ ഉപദ്രവിയ്ക്കും ഒന്ന് നോക്കാമോ?"
ഞാൻ അവനെ നോക്കി. അത്ര സുന്ദരമുഖമല്ലെങ്കിലും എന്തോ ഒരു ചന്തം - അവൻ സംസാരിക്കുമ്പോൾ ഒരു "കൊഞ്ഞ" ???..'ത' എന്ന അക്ഷരം പല അക്ഷരങ്ങൾക്കു പകരം
അവനോട് ഞാൻ പറഞ്ഞു,
നിന്റെ ക്ലാസ് ടീച്ചർ എന്നോട് പറഞ്ഞതെന്താണെന്നോ?
'ആ ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടി ശക്തിയാണെന്നാ ടീച്ചർ പറഞ്ഞത്. '
അവൻ തിരിഞ്ഞ് ആ ടീച്ചറെ ഒന്ന് നോക്കി. പിന്നീട് എന്നെ സംശയത്തോടെ ..
ആ ടീച്ചർ പോയപ്പോൾ അവനെ അടുത്ത് വിളിച്ചു.
ഞാൻ ചോദിച്ചു.
'മോന് ഈ ടീച്ചറെ ഇഷ്ടമാണോ' ക്ലാസ്സിലെ ലീഡറാക്കി മറ്റുള്ളവരെക്കാൾ ഫസ്റ്റ് ആകണം എന്നാ എന്റെ ആഗ്രഹം - ശക്തി അത് നടത്തിത്തരുമോ??
അവന്റെ കണ്ണുകൾ തിളങ്ങി. അവൻ വഴിക്കു വരുമെന്ന് തോന്നി. എന്റെ കയ്യിൽ മുറുകെപിടിച്ച് ചിരിച്ച് കൊണ്ട് നിന്നു. അവനെ ചേർത്ത് നിർത്തുതലയിൽ തലോടി കൂടെ പറഞ്ഞു.
"ടീച്ചർ നാളെ ശക്തിയുടെ കൂടെ വേണോ? ശക്തി മിടുക്കനായി ഇരുന്നാൽ ടീച്ചർ നാളെ വരും. ഇല്ലേൽ വരില്ല"
"ടീച്ചർ നാളെയും വരണം"
എന്നിട്ട് അവൻ ഓടിപ്പോയി ബാഗിൽ നിന്ന് പ്രവേശനോത്സവത്തിന് അവന് കിട്ടിയ മിഠായികളിൽ ഒരെണ്ണം എടുത്ത്് വന്ന് എന്റെ കയ്യിൽ വച്ചു.
ഞാനോർത്തു - "ഭഗവാനേ, ആദ്യ ദിവസം ഭംഗിയായി അവസാനിക്കുന്നു."
അടുത്ത ദിവസം വീണ്ടും അവൻ പ്രശ്നക്കാരനായി എന്റെ മുന്നിലേക്ക് എത്തിപ്പെട്ടു. അവനെ ഞാൻ ഒന്ന് കൗൺസലിംഗ് ചെയ്യാൻ ക്ലാസ് ടീച്ചർക്ക് ആഗ്രഹം. ഞാൻ അവനെയും കൂട്ടി കൗൺസലിംഗ് റൂമിലേക്ക് നടന്നു. റൂം ലോക്ക് ചെയ്തിരിക്കുന്നു. അടുത്തു കണ്ട മുറിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ വിതരണം ചെയ്യാനുള്ള പുസ്തകങ്ങളും സ്‌ക്കുൾ ടൈ, സോക്സ്, ബെൽറ്റ് ഇവയൊക്കെ കണ്ട് അവൻ കൗതുകത്തോടെ നിന്നു. അവനോട് ഞാൻ സൗഹൃദം കാണിച്ച് സംസാരിക്കുമ്പോഴും അവൻ കൗതുകത്തോടെ അവയെല്ലാം നോക്കി കണ്ടു.
'ഇന്നലെ മോൻ വികൃതി കാണിയ്ക്കാതെ ടീച്ചർ പറഞ്ഞത് എല്ലാം കേട്ടു ഇരുന്നതല്ലേ? ഇന്നെന്ത് പറ്റി? '
അവൻ ശ്രദ്ധിക്കുന്നതേയില്ല. അവന്റെ കണ്ണു മുഴുവൻ "ടൈ കൂട്ട"ത്തിലാണ്. അവൻ അശ്രദ്ധമായി എന്റെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിലും -
അവനെ കൂടുതൽ നേരം ആ മുറിയിൽ നിർത്തിയാൽ എന്തെങ്കിലും എടുക്കുമോ എന്ന സംശയത്താൽ അവനെയും കൂട്ടി മുറിക്ക് പുറത്തിറങ്ങാൻ ഞാൻ ആഗ്രഹിച്ചു.
എന്നാൽ അവൻ ആ മുറിയിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കുന്നതേയില്ല. ഞാനോർത്തു "അബദ്ധമായല്ലോ - ഈ മുറിയിൽ കയറ്റിയത്"
അവനോട് പുറത്തിറങ്ങാൻ പറഞ്ഞപ്പോൾ വളരെ ഗൗരവത്തോടെ -
"ടീച്ചറോട് പോകാനല്ലേ പറഞ്ഞത് - ഞാൻ വന്നോളാം." എന്ന് അവൻ പറഞ്ഞു. അവന്റെ മുഖഭാവം മാറിത്തുടങ്ങുന്നു.
അവൻ കൈ രണ്ടും ഇടുപ്പിൽ കയറ്റി വച്ച് എത്ര ദേഷ്യത്തിലാണ് അത് പറഞ്ഞതെന്നറിയുമോ? ഞാൻ വിചാരിച്ചു - ഇവൻ ആ ടൈയോ ബുക്കോ എടുത്തു കൊണ്ടു പോയിക്കളിയ്ക്കാനാവും എന്നെ പുറത്താക്കുന്നത്- '
ഞാൻ പറഞ്ഞു " - ഈ മുറിയിൽ 'ശക്തി' യെ കയറ്റിയതറിഞ്ഞാൽ ഓഫീസിൽ ഇരിക്കുന്ന മീശയുള്ള ആ സാർ ഈ ടീച്ചറെ അടിക്കില്ലേ? ടീച്ചറിന്റെ കൈയൊക്കെ മുറിഞ്ഞ്...... നാളെ മുതൽ ടീച്ചർ സ്ക്കൂളിൽ വരണ്ടായെന്ന് അവർ പറഞ്ഞാലോ?"
അവൻ അലിഞ്ഞു തുടങ്ങി. അവൻ അടവു മാറ്റി.
കൈ ചൂണ്ടി അവൻ പറഞ്ഞു. 'ടീച്ചറെ, എനിയ്ക്ക് അത് തരുമോ?'
ഞാൻ ഒന്നും പറയാൻ വയ്യാത്ത സ്ഥിതിയിലായി. ടൈയും സോക്സും ബുക്കുകളും ഒക്കെ അവൻ ചോദിച്ചാലോ -
എന്റെ അത്ഭുതത്തെ വീർപ്പിച്ച് പൊട്ടിച്ച് അവന്റെ ചോദ്യം - 'ആ റബ്ബർ ബാൻഡ് ഞാനെടുത്തോട്ടെ !"
കൂട്ടിക്കെട്ടിയ ടൈയുടെ മുകളിലിരുന്ന ഒരു കൂന റബ്ബർബാന്റിലായിരുന്നു അവന്റെ കണ്ണുകൾ - റബ്ബർ ബാന്റുകൾ അവന്റെ കയ്യിൽ നൽകുമ്പോൾ ഇത് വരെ എന്റെ രക്ത സമ്മർദ്ദം വലിച്ചു നീട്ടിയ റബ്ബർ ബാൻഡ് പോലെയായിരുന്നു.
സ്ട്രെസ്സ് ഇല്ലാതായി പൂർവ്വസ്ഥിതിയിലാകുന്ന എന്റെ മനസ്സ് ഊഹിച്ചു നോക്കൂ.
ശക്തി - യെ അന്ന് നല്ല നിലയിൽ മറ്റു ടീച്ചർമാർക്ക് കിട്ടി. അവസാന പിരിയഡ് വരെ പിടിച്ചു നിന്ന അവൻ പിന്നീട് കുറുമ്പനായി -
അഹല്യാ കെയർ ഹോമിലെ ദത്ത് എടുക്കപ്പെട്ട കുട്ടികളുടെ മാനസികാവസ്ഥയെ പഠിയ്ക്കാതെ ഇനി എനിയ്ക്ക് കൗൺസലിംഗ് തുടരാനാവില്ല എന്ന് ഉറപ്പായി.
അവനെ വിളിച്ച് അവന്റെ ദു:ഖങ്ങൾ ദേഷ്യമായി പരിഗണിയ്ക്കുന്ന കാരണങ്ങൾ അന്വേഷിയ്ക്കാൻ തുടങ്ങി.
മോന് ഇവിടെന്താ വിഷമം?
ടീച്ചർമാർ സ്നേഹിയ്ക്കുന്നില്ലേ?
ആഹാരം ഇഷ്ടമല്ലേ?
കളിയ്ക്കാനാവുന്നില്ലേ ? കൂട്ടുകാർ കൂട്ടുന്നില്ലേ?
കളിപ്പാട്ടങ്ങളില്ലേ? അസുഖങ്ങൾ വല്ലതും ഉണ്ടോ?
എല്ലാത്തിനും അവൻ എനിക്കു തൃപ്തി തരുന്ന ഉത്തരങ്ങൾ പറഞ്ഞു.
നിനക്ക് അച്ഛനും അമ്മയും ഇല്ലേ എന്ന് ചോദ്യത്തിന് അവൻ ഇല്ല എന്ന് ഉത്തരം പറയും എന്നാണ് പ്രതീക്ഷിച്ചത്?
അവൻ പറഞ്ഞു "ഉണ്ട് ടീച്ചർ"
"അവരെവിടെ?"
ആ ചോദ്യത്തിന് അവൻ പറഞ്ഞു - " അവരോ, റോഡരികിൽ കിടന്നുറങ്ങുന്നു"-
ഞാൻ ഞെട്ടി - അവന്റെ ഓർമ്മയിൽ അമ്മയും അച്ഛനും ഉറങ്ങുന്ന ഏതോ ബസ്സ്റ്റാൻഡിലെ റോഡിലെ ഒരു നടപ്പാത" ഉണ്ട്.
അവൻ തുടർന്നു "അതേ ടീച്ചറേ, ബസ് ഒക്കെ പോകുന്ന ചള പള ചള പള റോഡില്ലേ - അവിടെ"
അവൻ ഇപ്പൊഴും ഓർമ്മിക്കുന്ന ആ രംഗം .. അവരെ തറയിൽ കിടന്ന് താഴെനിന്ന് നോക്കിക്കാണുന്ന വീക്ഷണ കോൺ വരെ എനിക്കപ്പോൾ മനസിലായി - ബസ്സിന്റെ ടയറും ചളി നിറഞ്ഞ ഗട്ടറുകളും വരെ തറയിൽ കിടക്കുന്ന ഒരു കുടുംബത്തിനുമേൽ തെറിക്കുന്ന ചെളിമണ്ണു വരെ എനിക്കു അനുഭവിക്കാനായി.
വളർത്താൻ ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾ ഈ പബ്ലിക് സ്ക്കൂൾ അധികാരികളെ ഏൽപ്പിച്ച കുറേ കുട്ടികൾ ഉന്നത ജീവിത നിലവാരത്തിൽ വളരുന്ന വേറെ കുറെ കുട്ടികളോടൊപ്പം പഠിയ്ക്കുന്ന കാഴ്ച എന്റെ ജീവിതത്തിലെ വല്ലാത്ത അനുഭവമായി ഞാൻ കാണുന്നു.
പണ്ട് ഞാൻ പഠിപ്പിച്ച സ്ക്കൂളിലെ എന്റെ ശിഷ്യർ പലരും ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട് - അക്ഷരാർത്ഥത്തിൽ ജോൺ ഈപ്പൻ എന്ന വിദ്യാർത്ഥി സെലക്ഷനു ശേഷം "ആകാശങ്ങളുടെ ഉയരത്തി"ൽ യുദ്ധവിമാനം പറപ്പിയ്ക്കുന്നു -
എന്റെ ഹൃദയാകാശത്തിൽ ഈ 'ശക്തി' പറപ്പിയ്ക്കുന്ന കടലാസു വിമാനങ്ങൾ അതിലും എത്ര ഉയരത്തിലാണെന്നോ?
അവന്റെ മനസ്സ് ഉറപ്പിയ്ക്കാനുള്ള ശക്തി എനിയ്ക്ക് സർവ്വശക്തൻ തരും എന്ന പ്രാർത്ഥനയോടെ..
|
|

|