പി.ജി.എടുത്ത ശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ ഡോ: ലീലയുടെ അസിസ്റ്റന്റായി ജോലിക്കു ചേർന്ന സമയം.നഗരത്തിലെ ബഹളങ്ങളിൽ നിന്നു വിട്ട് അൽപം ഒതുങ്ങിയൊരു സ്ഥലത്താണ് ആശുപത്രി. എങ്കിലും തിരക്കിനു കുറവില്ല-നല്ല പരിചണം കിട്ടുമെന്നൊരു പേരുള്ളതു കൊണ്ടാവണം.
അന്നു ഡ്യൂട്ടിയ്ക്കെത്തുമ്പോൾ ലേബർ റൂമിൽ ഒരേയൊരു രോഗി മാത്രം-സുമയ്യ,പതിനെട്ടുകാരി.ലീല മാഡത്തിന്റെ പേഷ്യന്റാണ്. മുൻപു ചെക്കപ്പിനു വരുമ്പോൾ കണ്ട് നല്ല പരിചയം ഉണ്ട്. ആദ്യപ്രസവം.മറ്റു complications ഒന്നുമില്ല.പ്രസവവേദനയാണ്. വലിയ വേദനയൊന്നും ആയിത്തുടങ്ങിയിട്ടില്ല.പക്ഷേ..മുഖത്തു വല്ലാത്ത പരിഭ്രമം..വിഷമം.
"എന്താ സുമയ്യാ..പേടിയാണോ..?" എന്ന ചോദ്യത്തിനു മറുപടിയായി വിളറിയൊരു ചിരി ചിരിച്ചു അവൾ.
"പേടിക്കണ്ട കേട്ടോ" എന്ന് ആശ്വസിപ്പിച്ച്` കസേരയിൽ വന്നിരുന്നപ്പോൾ തങ്കമ്മ സിസ്റ്റർ അടുത്തേയ്ക്കു വന്നു-" അയ്യോ..മാഡം..ആ കൊച്ചിന്റെ പ്രശ്നങ്ങളൊന്നു കേൾക്കണം..കേട്ടാൽ വിശ്വാസം വരില്ല...!"
ലേബർ റൂമിൽ രോഗികളുമായി കൂടുതൽ അടുത്തിടപഴകുന്നത് നഴ്സുമാരാണ്.അതു കൊണ്ടു തന്നെ രോഗികൾ അവരോട് പലപ്പോഴും തുറന്നു സംസാരിക്കും.തങ്കമ്മ സിസ്റ്ററാണെങ്കിൽ ലേബർ റൂമിൽ ഒരുപാടു കാലം ജോലി ചെയ്തു പരിചയമുള്ള ,പാകതയും ആത്മാർത്ഥതയുമുള്ളൊരു നഴ്സും.
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ ആദ്യമാസം തന്നെ സുമയ്യയുടെ "കുളി തെറ്റി".പരിശോധിച്ചപ്പോൾ "വിശേഷം " ഉണ്ട്.എല്ലാവർക്കും സന്തോഷം..! അൽപം വയറു വേദന ഉള്ളതു കൊണ്ട് സ്കാൻ എടുത്തു.7 ആഴ്ച്ച ഗർഭം,കുഴപ്പങ്ങൾ ഒന്നുമില്ല.പക്ഷെ,അവിടെ ആരംഭിച്ചു,സുമയ്യയുടെ പ്രശ്നങ്ങൾ.സുമയ്യയുടെ അമ്മായിയമ്മയ്ക്കു എത്ര കൂട്ടിയിട്ടും കണക്കു ശരിയാകുന്നില്ല..! കല്യാണം കഴിഞ്ഞിട്ട് 6 ആഴ്ച്ചയല്ലേ ആകുന്നുള്ളു,,? അപ്പൊൾ 7 ആഴ്ച്ചയുടെ ഗർഭമോ..! ഒരാഴ്ച്ച അധികം...!
പിന്നീടങ്ങോട്ടു സുമയ്യയുടെ ജീവിതം മാറി മറിഞ്ഞു..അതു ഭർത്താവിന്റെ കുഞ്ഞല്ലയെന്നും വിവാഹത്തിനു മുൻപു തന്നെ സുമയ്യ ഗർഭിണിയായിരുന്നെന്നും ഭർത്താവിന്റെ വീട്ടുകാർ ഉറപ്പിച്ചു. അവളുടെ വീട്ടുകാരെ വിളിച്ചു വരുത്തി.വിചാരണകൾ അരങ്ങേറി.എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ സുമയ്യ പകച്ചു നിന്നു. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല.സുമയ്യയുടെ ഭർത്താവ് പറഞ്ഞത്രെ-" കല്യാണത്തിന് ഒരാഴ്ച്ച മാത്രമുള്ളപ്പോഴും നീ മറ്റൊരുത്തനുമായി...." സുമയ്യയെ വീട്ടിലേയ്ക്കു തിരിച്ചയയ്ക്കാൻ തീരുമാനമായി. അവൾ ഒരുപാടു കരഞ്ഞു..ഭർത്താവിന്റെയും അമ്മായി അമ്മയുടെയും കാലു പിടിച്ചു.ഒടുവിൽ പള്ളിക്കമ്മറ്റിക്കാരൊക്കെ ഇടപെട്ട് ഒരു ഒത്തുതീർപ്പിലെത്തി.പ്രസവം വരെ സുമയ്യ ഭർത്താവിന്റെ വീട്ടിൽത്തന്നെ നിൽക്കട്ടെ.പ്രസവശേഷം കുഞ്ഞിന്റെ DNA test ചെയ്തു കാര്യങ്ങൾ തീരുമാനിക്കാം......!
അന്നുതൊട്ടു സുമയ്യ അനുഭവിക്കാനൊന്നും ബാക്കിയില്ല. അവളുടെ സന്തോഷകരമായ ദാമ്പത്യം വെറും ഒന്നര മാസത്തിൽ അവസാനിച്ചു.സകല ജോലികളും അവൾ തന്നെ ചെയ്യണം.അമ്മായിയമ്മയും നാത്തൂനും കണ്ണിൽ കണ്ടാൽ ചീത്ത പറയും.പുറത്തെവിടെയും കൊണ്ടു പോകില്ല..വീട്ടിലാരെങ്കിലും വന്നാൽ പുറത്തിറങ്ങാൻ പാടില്ല.ഭർത്താവാണെങ്കിൽ മുഖത്തു പോലും നോക്കില്ല.സ്റ്റോർ മുറിയിലാണു സുമയ്യയ്ക്കു കിടക്കാൻ സ്ഥലം കൊടുത്തിരുന്നത്.വഴിപിഴച്ച ഒരുവളെന്ന പരിഹാസമാണ് എല്ലാവരുടെയും മുഖത്ത്. എല്ലായ്പ്പോഴും ഭൽസനങ്ങളും കുത്തുവാക്കുകളും സഹിച്ചു കൊണ്ട് എങ്ങനെയോ അവൾ ഭർത്താവിന്റെ വീട്ടിൽ ഈ 8 മാസം പിടിച്ചു നിന്നു.ഇപ്പോഴിതാ അവളുടെയും കുഞ്ഞിന്റെയും വിധി തീരുമാനിയ്ക്കപ്പെടനുള്ള സമയം അടുത്തു വരികയാണ്...!
സത്യത്തിൽ ഇതുകേട്ടു ഞാൻ പകച്ചു പോയി..!കാരണം, അവളനുഭവിച്ച ഈ പ്രശ്നങ്ങൾക്കൊന്നും യാതൊരടിസ്ഥാനവുമില്ല..!സ്കാനിൽ ഗർഭത്തിന്റെ വളർച്ച കണക്കാക്കുന്നത് അവസാനത്തെ ആർത്തവത്തിന്റെ ആദ്യദിവസം മുതലുള്ള കാലയളവാണ്.പാവം സുമയ്യയുടെ കാര്യത്തിൽ അത് അവളുടെ വിവാഹത്തിന് ഒരാഴ്ച്ച മുൻപായിരുന്നു. ...വിവാഹം കഴിഞ്ഞയുടൻ അവൾ ഗർഭിണിയാകുകയും ചെയ്തു...!ഡോക്ടർമാരോടാരോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ നിസ്സാരമായി തീർക്കാമായിരുന്ന സംശയമാണിപ്പോൾ വളർന്നു വളർന്ന് ഇത്രമേലെത്തി നിൽക്കുന്നത്`...!
കുഞ്ഞേ..നിനക്കു ഈ 8 മാസത്തിനിടയ്ക്ക് എപ്പോഴെങ്കിലും ലീല മാഡത്തിനോട് എങ്കിലും ഈ കാര്യം ഒന്നു പറയാമായിരുന്നില്ലേ..? ഒരടിസ്ഥാനവുമില്ലാത്ത ഈ പ്രശ്നത്തിന്റെ പേരിൽ നിനക്കിത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നല്ലോ..?"ഞാൻ ചോദിച്ചു.
ഞാനും ഉമ്മായും ഒരുപാടു തവണ ചോദിക്കാൻ തുടങ്ങിയതാ...അമ്മാവി സമ്മതിച്ചില്ല...കൂടുതൽ ആരെയെങ്കിലുമൊക്കെ അറിയിച്ച് അവരെ മാനം കെടുത്തിയാൽ പിന്നെ ജീവനോടെ വച്ചേക്കില്ലെന്നാ പറഞ്ഞത്...." കരയുന്ന മട്ടിൽ അവളുടെ മറുപടി.
ഞാനും തങ്കമ്മ സിസ്റ്ററും അന്തം വിട്ടു പരസ്പരം നോക്കി." ഇത്രയൊക്കെ സഹിച്ചു നീയെന്തിനാ മോളേ ..അവിടെത്തന്നെ നിന്നത്..? നിനക്കു നിന്റെ വീട്ടിൽ പൊയ്ക്കൂടായിരുന്നോ...?" സിസ്റ്റർ ചോദിച്ചു.
"ഞങ്ങൾക്കു സ്വന്തമായി വീടൊന്നുമില്ല സിസ്റ്ററേ.. വാടക വീട്ടിലാ...വാപ്പായ്ക്കു കൂലിപ്പണിയാ..എന്റെ താഴെ 2 അനിയത്തിമാരും കൂടിയുണ്ട്.ഇക്കാ എന്നെ എവീടെയോ വച്ചു കണ്ട് ഇഷ്ടപ്പെട്ടു വന്നു ചോദിച്ചതാ.. സ്ത്രീധനം ഒന്നും കാര്യമായിട്ടു ചോദിക്കാത്തതു കൊണ്ട് ഉടനേ കല്യാണം നടത്തി. എനിക്ക് പ്ലസ് ടൂവിനു നല്ല മാർക്കൊക്കെ ഉണ്ടായിരുന്നതാ.. ഇനിയും പഠിക്കണം എന്നുണ്ടായിരുന്നു..."ഒരു കണ്ണുനീർത്തുള്ളി അവളുടെ കൺകോണിൽ തുളുമ്പി നിന്നു.പാവം 18 വയസ്സു മാത്രമുള്ള ഒരു പെൺകുട്ടിയാണിതെന്നോർത്തപ്പോൾ വിവാഹമെന്നോ കുടുംബമെന്നോ ഉള്ള നൂലാമാലകളെക്കുറിച്ചൊന്നും യാതൊരു വിധ ചിന്തകളുമില്ലാതെ പഠിത്തവും കൂട്ടുകാരും കളിച്ചിരികളുമായി കഴിച്ചു കൂട്ടിയ എന്റെ കൗമാര കാലത്തെപറ്റി ഞാൻ ഓർത്തുപോയി.
"സുമയ്യയുടെ അമ്മായിയമ്മ പുറത്തുണ്ടല്ലോ..ഇപ്പോഴെങ്കിലും സ്വകാര്യമായി ഞാൻ അവരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തട്ടെ..?" ഞാൻ ചോദിച്ചു.
സുമയ്യ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു-"വേണ്ട ഡോക്ടറേ..അവരു ബഹളമുണ്ടാക്കും..ഇപ്പോ വേണ്ട.." പിന്നെ അവളുടെ കുഞ്ഞുമുഖം ഇതു വരെ കാണാത്തൊരു വാശിയിൽ ഒന്നു മുറുകി-" അവരു DNA test ചെയ്തു തീരുമാനിക്കട്ടെ..അപ്പോ വിശ്വാസമാകുമല്ലോ..ഇക്കായ്ക്കും...."
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. സുമയ്യയ്ക്കു വേദന കൂടി വന്നു.പക്ഷെ നല്ല വേദന വന്നിട്ടും അവൾ പ്രസവിക്കുന്നില്ല. ഇടയ്ക്കു കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറയുന്നു. നല്ല ലക്ഷണങ്ങളല്ല..കുഞ്ഞിനു പ്രശ്നങ്ങളുണ്ടാകുന്നതിനു മുൻപ് സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കേണ്ടി വരും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. സുമയ്യ നേരിട്ട പരീക്ഷണങ്ങളുടെ ബാക്കി ഡോക്ടറെന്ന നിലയിൽ ഞാൻ നേരിടെണ്ടി വന്നത് അപ്പോഴാണ്...! ഓപ്പറേഷൻ ചെയ്യാൻ സുമയ്യയുടെ ഭർത്താവിന്റെ വീട്ടുകാർ സമ്മതിയ്ക്കുന്നില്ല -കാരണം, ചിലവും ആശുപത്രിവാസവും കൂടുതൽ,നോക്കാൻ ആളു വേണം ...വിശ്രമം വേണം.." കുറച്ചു കൂടി നോക്കാം ഡോക്ടറേ.."എന്നാണ് അവരുടെ നിലപാട്.
' ഇനിയും വെയ്റ്റു ചെയ്താൽ കുഞ്ഞിനു പ്രശ്നമാകും " ഞാൻ പറഞ്ഞു.ആ കുഞ്ഞിനു പ്രശ്നമായാൽ ഞങ്ങൾക്കെന്താണ് എന്ന മട്ടാണ് അവരുടെ മുഖത്ത്..! ഞാൻ ആകെ വലഞ്ഞു.ഒടുവിൽ അൽപം കടുപ്പിച്ച ഭാഷയിൽ തന്നെ കുഞ്ഞിനു പ്രശ്നം ഉണ്ടാകും എന്നു ഡോക്ടർ പറഞ്ഞിട്ടും ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം സിസേറിയൻ വേണ്ട എന്ന് എഴുതി ഒപ്പിട്ടു തരണം എന്നൊക്കെ പറഞ്ഞപ്പോൾ അവർ വഴങ്ങി.
സിസേറിയനിലൂടെ കഴുത്തിൽ പൊക്കിൾക്കൊടിയുടെ 2 ചുറ്റുകളുമായി പുറത്തു വന്ന സുമയ്യയുടെ കുഞ്ഞ് ആണാണെന്നു കണ്ടപ്പോൾ സത്യത്തിൽ ഞാൻ സന്തോഷിച്ചു എന്നു പറഞ്ഞാൽ ആരും വാളെടുക്കരുതേ..! സ്വന്തം അച്ഛനിൽ നിന്നു പോലും രക്ഷ കിട്ടാത്ത പെൺകുഞ്ഞുങ്ങളുള്ള ഈ നാട്ടിൽ ചോദ്യചിഹ്നമായ പിതൃത്വവുമായി പിറന്നു വീണ ആ കുഞ്ഞു പെണ്ണാകാത്തതു നന്നായി എന്നേ എനിക്കു തോന്നിയുള്ളു.
സുമയ്യയെ പിറ്റേ ദിവസം വാർഡിലേക്കു മാറ്റി. ഉൽകണ്ഠയോടെയാണു ഞാൻ വാർഡിലേയ്ക്കു റൗണ്ട്സ് എടുക്കാൻ ചെന്നത്-DNA test എന്തായോ എന്തോ...!അവിടെ കണ്ട കാഴ്ച്ച-സുമയ്യയുടെ കുഞ്ഞിനെ മടിയിൽ വച്ചു ലാളിക്കുന്ന അമ്മായിയമ്മ..ഭർത്താവ്..ചുറ്റിനും കുറേ ബന്ധുക്കൾ...! ഇതെന്തു കഥ..!
സുമയ്യയെ അദ്യമായി പുഞ്ചിരിച്ചു കണ്ടു ..എന്തു ഭംഗിയാണ് ആ മുഖത്തിന്..! സുമയ്യയുടെ അമ്മയെ വിളിച്ചു മാറ്റി നിറുത്തി സംസാരിച്ചപ്പോഴാണ് നടന്ന മറിമായം ഒക്കെ അറിയുന്നത്.തന്റെ മകന്റെ അതേ മുഖ ഛായയാണ് കുഞ്ഞിനെന്ന് അമ്മായി അമ്മയ്ക്കു തിരിച്ചറിവുണ്ടായത്രേ..! ആറാം വിരലും നെറ്റിയിലെ മറുകും വരെ അതേ പടി കിട്ടിയിട്ടുണ്ടത്രേ..സാക്ഷാൽ" മുറിച്ച മുറി"...! " അല്ലാഹു രക്ഷിച്ചു മക്കളേ.." അവരുടെ കണ്ണു നിറഞ്ഞു.വാസ്തവം..! ദൈവം നേരിട്ട് ഇടപെട്ടതാവണം ഈ പ്രശ്നം ഇത്ര ലളിതമായി പരിഹരിക്കപ്പെട്ടത്..! മല പോലെ വന്നത് എലി പോലെ പോയല്ലോ എന്നു ഞാനും തങ്കമ്മ സിസ്റ്ററുമൊക്കെ ആശ്വസിച്ചു.
കഥയൊക്കെ വിസ്തരിച്ചു കേൾപ്പിച്ചപ്പോൾ ലീല മാഡം തലയിൽ കൈ വച്ചിരുന്നു പോയി- " ഇതൊന്നും നമ്മളറിയുന്നില്ലല്ലോ ദൈവമേ...! പെൺകുട്ടികളെ പഠിപ്പിക്കാതെ 17 വയസാകുമ്പോഴേ കെട്ടിച്ചു വിടും..ഗർഭം,പ്രസവം ,കുടുംബാസൂത്രണം ഇതിനെപ്പറ്റിയൊക്കെ അവർക്കെന്തറിയാം..! ഒരു സംശയം ആരോടു ചോദിക്കണമെന്നു കൂടെ അവർക്കും നിശ്ചയമില്ല..വീട്ടുകാർക്കുമറിയില്ല..തുരുതുരാന്നു മൂന്നു നാലു പ്രസവം..അതോടെ ആരോഗ്യം നശിച്ച്,അകാലവാർദ്ധക്യം ബാധിച്ച്` ഈ പെൺകുട്ടികൾ.. ഇവരെയൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..?"
നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട്..ഇങ്ങനെ ചിലയിടങ്ങൾ..അവർ ജീവിക്കുന്ന സമൂഹത്തിലെ പൊതു രീതികൾക്കൊത്തു നീങ്ങാതെ അവർക്കും നിവൃത്തിയില്ല.എവിടെ മുതലാണ് മാറ്റങ്ങൾ തുടങ്ങേണ്ടത്..ആരാണ് മുൻകൈയ്യെടുക്കേണ്ടത്...?
എന്തായാലും ലീല മാഡം സുമയ്യയുടെ ഭർത്താവിനെയും രണ്ടു വീട്ടുകാരെയും വിളിച്ചിരുത്തി സംസാ
രിച്ചു..അൽപമൊന്നു ശകാരിക്കുകയും ചെയ്തു..സംഭവിച്ചതിന്റെ ജാള്യതയും അമർഷവുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ എല്ലാവരും സ്വരുമിപ്പിലെത്തി. അങ്ങനെ കഥ ശുഭപര്യവസായിയായി..8 മാസം നീണ്ട ഒരഗ്നിപരീക്ഷ ആ പാവത്തിനു വിധിച്ചിട്ടുണ്ടായിരുന്നിരിക്ക
ണം..!
വാൽക്കഷണം: ഏകദേശം ഒരു വർഷം കഴിഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്കു മാറിയ ശേഷം ഒരു experience certificate വാങ്ങാൻ പഴയ ഹോസ്പിറ്റലിൽ എത്തിയതായിരുന്നു ഞാൻ.ഓഫീസിലേക്കു നടക്കും വഴി ഒരു സ്ത്രീ ഓടി വന്ന് എന്റെ കൈ പിടിച്ചു."ഡോക്ടറേ എന്നെ ഓർമയുണ്ടോ..? നോക്കുമ്പോൾ സുമയ്യ..! വീട്ടുകാരുടെ സ്നേഹം ബിരിയാണിയായും നെയ്ച്ചോറുമായുമൊക്കെക്കൂടി ഒഴുകിയെത്തിയ ഫലമാണോ ആവോ സുമയ്യ ഒരു ഒന്നൊന്നര സുമയ്യ ആയിട്ടുണ്ട് ഇപ്പോൾ..! ചിരിച്ച മുഖത്തിനു താഴേയ്ക്ക് ഒരു ചെറിയ തണ്ണി മത്തന്റെ വലിപ്പം വച്ചു വരുന്ന വയറിലേയ്ക്ക് അൽഭുതത്തോടെ എന്റെ നോട്ടമെത്തിയപ്പോൾ നാണത്തോടെ അവൾ പറഞ്ഞു- "അഞ്ച് കഴിഞ്ഞു ഡോക്ടറേ..!"
"അയ്യോ..സിസേറിയൻ അല്ലായിരുന്നോ..കുഞ്ഞിനൊരു രണ്ടു വയസ്സെങ്കിലും ആയിട്ടു പോരായിരുന്നോ അടുത്തത്...?" എന്ന് ഇപ്പോൾ ചോദിച്ചിട്ടു തീരെ പ്രയോജനം ഇല്ലാത്ത ഒരു ചോദ്യം ഞാൻ ചോദിച്ചു പോയി.അത്രയും നേരം പിന്നിൽ മാറി നിന്ന സുമയ്യയുടെ ഭർത്താവ് ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു-"ദൈവം തരുന്നതല്ലേ ഡോക്ടറേ..!"
" അതെയതെ...!" എന്നു തലകുലുക്കിച്ചിരിച്ചിട്ട് ഞാൻ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു.
|